ടെക്‌സസ്: ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ സൗദി അറേബ്യയും സെനഗലും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പത്തുപേരുമായി ചുരുങ്ങിയ സെനഗലിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും സൗദിക്ക് ലക്ഷ്യം കാണാനായില്ല.
മത്സരത്തിലുടനീളം ശക്തമായ നിരയെയാണ് സൗദി കോച്ച് ഗിയോര്‍ഗോസ് ഡോണിസ് അണിനിരത്തിയത്. ആദ്യ പകുതിയില്‍ ശക്തമായ ടീമിനെ ഇറക്കിയ കോച്ച്, രണ്ടാം പകുതിയില്‍ പത്തു മാറ്റങ്ങളാണ് വരുത്തിയത്. മത്സരത്തിന്റെ 84-ാം മിനിറ്റില്‍ സെനഗല്‍ താരം നിക്കോളാസ് ജാക്‌സണ്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ സെനഗല്‍ പത്തുപേരായി ചുരുങ്ങി.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സൗദി, പത്താം മിനിറ്റില്‍ ക്യാപ്റ്റന്‍ സലീം അല്‍ ദൗസാരിയുടെ പാസില്‍ നിന്ന് മുസാബ് അല്‍ ജുവൈറിലൂടെ ഗോളിന് അടുത്തെത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. പതിനാലാം മിനിറ്റില്‍ ലമിന്‍ കമാറയുടെ ഹെഡര്‍ സൗദി ഗോളി മുഹമ്മദ് അല്‍ ഒവൈസ് അനായാസം തടഞ്ഞു. മുപ്പതാം മിനിറ്റില്‍ മുഹമ്മദ് അബു അല്‍ ഷമാറ്റിന് ലഭിച്ച സുവര്‍ണാവസരം ഹെഡറിലൂടെ പുറത്തേക്ക് കളഞ്ഞതും സൗദിക്ക് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഐമന്‍ യഹ്യ തൊടുത്തുവിട്ട ശക്തമായ ലോങ് റേഞ്ചര്‍ പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തുപോയത് കാണികളെ നിരാശരാക്കി.
ജൂണ്‍ 16-ന് ഉറുഗ്വേയുമായാണ് ലോകകപ്പില്‍ സൗദി അറേബ്യയുടെ ആദ്യ മത്സരം. സ്‌പെയിന്‍, കേപ് വര്‍ദെ എന്നിവരാണ് ഗ്രൂപ്പ് എച്ചിലെ മറ്റ് എതിരാളികള്‍. ഗ്രൂപ്പ് ഐയിലുള്ള സെനഗല്‍, ഫ്രാന്‍സുമായാണ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. നോര്‍വേയും ഇറാഖുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
Related News