l o a d i n g

കായികം

ഹരിത മൈതാനങ്ങളിലെ ഇതിഹാസ കാവ്യങ്ങള്‍: ഒന്‍പത് പതിറ്റാണ്ടിന്റെ ലോകകപ്പ് വസന്തം!

Thumbnail


കേവലം ഒരു വിശ്വവിജയിയെ കണ്ടെത്താനുള്ള പന്തുരുളല്‍ മാത്രമല്ല ലോകകപ്പ്. അത് ഫുട്ബോള്‍ ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണാക്ഷരങ്ങളാല്‍ എഴുതപ്പെട്ട ഇതിഹാസങ്ങളുടെ ജന്മഭൂമിയാണ്; ആരാധകരുടെ ഹൃദയങ്ങളില്‍ അനശ്വരത നേടിയ നക്ഷത്രങ്ങള്‍ ഉദിച്ചുയര്‍ന്ന വിണ്ണാണ്. കഴിഞ്ഞ ഒന്‍പത് പതിറ്റാണ്ടുകളായി, ഈ മാന്ത്രിക ടൂര്‍ണമെന്റ് രാജ്യങ്ങള്‍ക്ക് ആഗോള പ്രശസ്തി മാത്രമല്ല സമ്മാനിച്ചത്, മറിച്ച് കാല്‍പ്പന്തു കളിയുടെ ഡിഎന്‍എ തന്നെ മാറ്റിമറിച്ച തലമുറകളെയാണ് വാര്‍ത്തെടുത്തത്.

പെലെ: സ്വീഡന്റെ മണ്ണില്‍ ഉദിച്ച സൂര്യന്‍ (1958)

1930ല്‍ തുടക്കം കുറിച്ചതു മുതല്‍ ലോകകപ്പ്, പ്രതിഭകളുടെ കളിത്തൊട്ടിലായിരുന്നു. എന്നാല്‍, വിശ്വവേദി അതിന്റെ ഏറ്റവും മനോഹരമായ അധ്യായത്തിന് സാക്ഷ്യം വഹിച്ചത് 1958-ല്‍ സ്വീഡനിലാണ്. 17 വയസ്സ് മാത്രം പ്രായമുള്ള ബ്രസീലിയന്‍ ബാലന്‍, പെലെ, അന്ന് മൈതാനങ്ങളെ വിസ്മയിപ്പിച്ചു. ആ കൗമാരക്കാരന്‍ ബ്രസീലിനെ തങ്ങളുടെ കന്നി ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുക മാത്രമല്ല, ലോക ഫുട്ബോളിലെ എക്കാലത്തെയും വലിയ രാജാവായി മാറാനുള്ള ജൈത്രയാത്രക്ക് അവിടെ തുടക്കമിടുകയും ചെയ്തു.

കാല്‍പന്തിന്റെ മനോഹാരിത: സ്പെയിനിലെ ബ്രസീലിയന്‍ വസന്തം (1982)

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മനോഹരവും റൊമാന്റിക്കുമായ ഒരു ടീമിനെയാണ് 1982-ല്‍ സ്പെയിന്‍ ലോകത്തിന് സമ്മാനിച്ചത്. സോക്രട്ടീസ്, സീക്കോ, ഫാല്‍ക്കാവോ, എഡര്‍ എന്നിവരടങ്ങിയ ബ്രസീല്‍ സംഘം കവിത പോലുള്ള ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ചു. രണ്ടാം റൗണ്ടില്‍ ഇറ്റലിയോട് തോറ്റ് അവര്‍ പുറത്തായെങ്കിലും, 'സുന്ദര ഫുട്ബോളിന്റെ' എക്കാലത്തെയും മികച്ച ഉദാഹരണമായി ആ തലമുറ ഇന്നും ആരാധകമനസ്സുകളില്‍ ജീവിക്കുന്നു.

മറഡോണ: ഇതിഹാസങ്ങളുടെ സിംഹാസനത്തിലേക്ക് (1986)

1986 ലെ മെക്സിക്കോ ലോകകപ്പ് ഒരൊറ്റ മനുഷ്യന്റെ അമാനുഷിക പ്രകടനത്തിന്റെ സാക്ഷ്യപത്രമായിരുന്നു-ഡിയാഗോ അര്‍മാന്‍ഡോ മറഡോണ! അര്‍ജന്റീനയെ ഒറ്റയ്ക്ക് തോളിലേറ്റി ലോകകിരീടത്തിലേക്ക് നയിച്ച മറഡോണ ലോകത്തിന്റെ സംസാരവിഷയമായി. ഇതേ വേദിയില്‍ തന്നെയാണ് മാര്‍ക്കോ വാന്‍ ബാസ്റ്റന്‍, റൂഡ് ഗള്ളിറ്റ്, ഫ്രാങ്ക് റൈക്കാര്‍ഡ് എന്നിവരടങ്ങിയ ഡച്ച് വസന്തത്തെയും ഫുട്ബോള്‍ ലോകം നെഞ്ചേറ്റിയത്.

കറുത്ത കുതിരകളും കനല്‍വഴികളും (1990)

1990ല്‍ ഇറ്റലി സാക്ഷ്യം വഹിച്ചത് ആഫ്രിക്കന്‍ കരുത്തിന്റെ ഉദയത്തിനായിരുന്നു. കാമറൂണിന്റെ മുപ്പത്തിയെട്ടുകാരന്‍ സിംഹം റോജര്‍ മില്ല തന്റെ മാന്ത്രിക ചുവടുകളിലൂടെ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ച് ചരിത്രം കുറിച്ചു. ഇതേ ടൂര്‍ണമെന്റിലാണ് ഇംഗ്ലണ്ടിന്റെ പോള്‍ ഗാസ്‌കോയിന്‍ തന്റെ കണ്ണീരണിഞ്ഞ പോരാട്ടവീര്യം കൊണ്ട് ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായി മാറിയത്.

അമേരിക്കന്‍ മണ്ണിലെ പടക്കുതിരകള്‍ (1994)

1994ല്‍ അമേരിക്ക ലോകകപ്പിന് വേദിയായപ്പോള്‍ ഇറ്റലിയുടെ 'ഡിവൈന്‍ പോണിടെയില്‍' റോബര്‍ട്ടോ ബാജിയോ തന്റെ അസാധ്യ കളിയഴക് കൊണ്ട് ടീമിനെ ഫൈനല്‍ വരെയെത്തിച്ചു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിന് മുന്നില്‍ അവര്‍ക്ക് കിരീടം നഷ്ടമായി. ആ ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ നാലാം കിരീടത്തിന് ചുക്കാന്‍ പിടിച്ച റൊമാരിയോ തന്റെ തലമുറയിലെ ഏറ്റവും മികച്ച സ്ട്രൈക്കറായി സ്വയം അടയാളപ്പെടുത്തി.

സിദാനും റൊണാള്‍ഡീഞ്ഞോയും: ഫ്രഞ്ച് പ്രൗഢിയും ബ്രസീലിയന്‍ പുഞ്ചിരിയും (1998, 2002)

1998 ല്‍ ഫ്രാന്‍സിന്റെ സ്വന്തം മണ്ണില്‍ സിനദിന്‍ സിദാന്‍ എന്ന മാന്ത്രികന്‍ ജനിച്ചു. ബ്രസീലിനെതിരായ ഫൈനലില്‍ ഇരട്ട ഗോളുകള്‍ നേടിക്കൊണ്ട് സിദാന്‍ ഫ്രാന്‍സിന് ആദ്യ ലോകകിരീടം സമ്മാനിച്ചു.

തുടര്‍ന്ന് വന്ന 2002-ലെ കൊറിയ-ജപ്പാന്‍ ലോകകപ്പില്‍, കാല്‍പന്തുകളിയിലെ ഏറ്റവും സുന്ദരമായ പുഞ്ചിരിയുമായി റൊണാള്‍ഡീഞ്ഞോ അവതരിച്ചു. അദ്ദേഹത്തിന്റെ അവിശ്വസനീയമായ ഡ്രിബ്ലിംഗും ക്രിയേറ്റിവിറ്റിയും ബ്രസീലിന് അഞ്ചാം ലോകകിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായകമായി.

ആധുനിക യുഗത്തിന്റെ ഉദയം: മെസ്സിയും റൊണാള്‍ഡോയും (2006)

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് വിസ്മയങ്ങളുടെ ലോകകപ്പ് അരങ്ങേറ്റത്തിന് 2006-ല്‍ ജര്‍മ്മനി വേദിയായി. പതിനെട്ടുകാരനായ ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്കായി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയപ്പോള്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ചുവന്ന ജേഴ്സിയില്‍ അന്താരാഷ്ട്ര വേദികളില്‍ തന്റെ സാമ്രാജ്യം സ്ഥാപിക്കാന്‍ തുടങ്ങി.

ജെയിംസ് റോഡ്രിഗസ് മുതല്‍ എംബാപ്പെ വരെ (2014, 2018)

താരോദയങ്ങളുടെ പരമ്പര തുടര്‍ന്നു കൊണ്ടേയിരുന്നു. 2014-ല്‍ ബ്രസീലില്‍ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസ് ഗോള്‍വേട്ടക്കാരനായി തിളങ്ങിയപ്പോള്‍, 2018-ല്‍ റഷ്യയില്‍ ഫ്രാന്‍സിന്റെ കൗമാര വിസ്മയം കിലിയന്‍ എംബാപ്പെ വേഗം കൊണ്ട് ലോകത്തെ കീഴ്പ്പെടുത്തി, ഫ്രാന്‍സിനെ വിശ്വവിജയികളാക്കി.

ഖത്തറിലെ പുത്തന്‍ നക്ഷത്രങ്ങള്‍ (2022)

ഏറ്റവും ഒടുവില്‍ നടന്ന 2022-ലെ ഖത്തര്‍ ലോകകപ്പും ഇതിന് മാറ്റുകൂട്ടി. അര്‍ജന്റീനയുടെ യുവരക്തം എന്‍സോ ഫെര്‍ണാണ്ടസ് മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍, ക്രൊയേഷ്യയുടെ ജോസ്‌കോ ഗ്വാര്‍ഡിയോലും ഫ്രാന്‍സിന്റെ ഔറേലിയന്‍ ചൗവാമേനിയും വരുംതലമുറയുടെ കാവല്‍ക്കാരായി മാറി.

മായാത്ത അറബ് മുദ്രകള്‍

ലോകകപ്പിന്റെ ചരിത്രപുസ്തകത്തില്‍ അറബ് ലോകത്തിന്റെ വിയര്‍പ്പും വീര്യവും ചാലിച്ചെഴുതിയ ചില സുവര്‍ണ്ണ അധ്യായങ്ങളുണ്ട്.

-1978-ല്‍ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ അറബ് ഗോള്‍ നേടിയ ടുണീഷ്യയുടെ അലി അല്‍ കാബി.

-അള്‍ജീരിയയുടെ ഇതിഹാസം റബാ മദ്ജര്‍.

-സൗദി അറേബ്യയുടെ വിസ്മയങ്ങളായ സയീദ് അല്‍ ഒവൈരാന്‍, സാമി അല്‍ ജാബര്‍, ഫുവാദ് അന്‍വര്‍.

ഇവര്‍ ലോകവേദിയില്‍ അറബ് ഫുട്ബോളിന്റെ വിലാസമായി മാറിയവരാണ്.

കാത്തിരിപ്പ് 2026-ലേക്ക്!

ഇനി കണ്ണുകള്‍ 2026-ലേക്ക് നീളുകയാണ്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന അടുത്ത വിശ്വമേളക്ക് ഇന്ന് തിരശ്ശീല ഉയരുന്നു. പെലെയും മറഡോണയും സിദാനും മെസ്സിയും രചിച്ച അതേ ഇതിഹാസ കാവ്യങ്ങളിലേക്ക് പുതിയ ഏതാനും പേരുകള്‍കൂടി എഴുതിച്ചേര്‍ക്കപ്പെടും. കാരണം, ലോകകപ്പ് എന്നത് വെറുമൊരു കളി മാത്രമല്ല; അത് നക്ഷത്രങ്ങള്‍ ജനിക്കുന്ന, നായകര്‍ അമരത്വം നേടുന്ന അനന്തമായ കാല്‍പ്പന്ത് പുരാണമാണ്!

Latest News

ജര്‍മ്മനിയില്‍ നഴ്‌സിങ് പഠനം: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം; 15 വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ട്രാക്ട് കൈമാറി
ജര്‍മ്മനിയില്‍ നഴ്‌സിങ് പഠനം: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം; 15 വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ട്രാക്ട് കൈമാറി
June 11, 2026
 മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കളത്തില്‍ കുഞ്ഞാപ്പു ഹാജിക്ക് ജിദ്ദയില്‍ സ്വീകരണം
മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കളത്തില്‍ കുഞ്ഞാപ്പു ഹാജിക്ക് ജിദ്ദയില്‍ സ്വീകരണം
June 11, 2026
ലോകകപ്പ് ചെലവേറിയതായി; യുഎസില്‍ കാണികള്‍ കുറയും, ഹോട്ടലുകള്‍ക്കും എയര്‍ലൈന്‍സുകള്‍ക്കും കനത്ത തിരിച്ചടി
ലോകകപ്പ് ചെലവേറിയതായി; യുഎസില്‍ കാണികള്‍ കുറയും, ഹോട്ടലുകള്‍ക്കും എയര്‍ലൈന്‍സുകള്‍ക്കും കനത്ത തിരിച്ചടി
June 11, 2026
മൂന്ന് നഗരങ്ങളില്‍ ഉദ്ഘാടന മാമാങ്കം; ലോകകപ്പ് ആവേശത്തിന് തിരിതെളിയുന്നു, പ്രമുഖ താരങ്ങള്‍ അണിനിരക്കും
മൂന്ന് നഗരങ്ങളില്‍ ഉദ്ഘാടന മാമാങ്കം; ലോകകപ്പ് ആവേശത്തിന് തിരിതെളിയുന്നു, പ്രമുഖ താരങ്ങള്‍ അണിനിരക്കും
June 11, 2026
 ആലുവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 'ഹെവന്‍സ് പ്രീ-സ്‌കൂളില്‍' പ്രവേശനോത്സവം
ആലുവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 'ഹെവന്‍സ് പ്രീ-സ്‌കൂളില്‍' പ്രവേശനോത്സവം
June 11, 2026
ഡോ. മഹാ ബിന്‍ത് മിഷാരി ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ
ഡോ. മഹാ ബിന്‍ത് മിഷാരി ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ
June 11, 2026
സലിം കുമാറിന്റെ നിര്യാണം: റിയാദ് ഒ.ഐ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു
സലിം കുമാറിന്റെ നിര്യാണം: റിയാദ് ഒ.ഐ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു
June 11, 2026
പ്രവാസി പരിഗണന: യു.ഡി.എഫ് സര്‍ക്കാരില്‍ പ്രതീക്ഷയെന്ന് പ്രവാസി ലീഗ്
പ്രവാസി പരിഗണന: യു.ഡി.എഫ് സര്‍ക്കാരില്‍ പ്രതീക്ഷയെന്ന് പ്രവാസി ലീഗ്
June 11, 2026
കെ.പി. അഹമ്മദിന് കോബാര്‍ സൗഹൃദ വേദി യാത്രയയപ്പ് നല്‍കി
കെ.പി. അഹമ്മദിന് കോബാര്‍ സൗഹൃദ വേദി യാത്രയയപ്പ് നല്‍കി
June 11, 2026
ഹാരിസ് ബാബുവിന് ജിദ്ദ എടവണ്ണ പഞ്ചായത്ത് കെ.എം.സി.സി യാത്രയയപ്പ്
ഹാരിസ് ബാബുവിന് ജിദ്ദ എടവണ്ണ പഞ്ചായത്ത് കെ.എം.സി.സി യാത്രയയപ്പ്
June 11, 2026