റിയാദ്- സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവരോ രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നവരോ ആയ യാത്രക്കാരുടെ കൈവശം 40,000 സൗദി റിയാലോ അതിൽ കൂടുതലോ മൂല്യമുള്ള പണം, സ്വർണം, വിലപിടിപ്പുള്ള മറ്റ് ലോഹങ്ങൾ, അല്ലെങ്കിൽ രത്‌നങ്ങൾ എന്നിവയുണ്ടെങ്കിൽ അത് കസ്റ്റംസ് അധികൃതർക്ക് മുന്നിൽ നിർബന്ധമായും വെളിപ്പെടുത്തണം എന്നതടക്കമുള്ള നിയന്ത്രണങ്ങൾ രാജ്യത്ത് നിലവിൽ വന്നു. മുൻപ് ഈ പരിധി 60,000 റിയാലായിരുന്നു. രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതികൾ.
പുതിയ നിയമപരിഷ്‌കാരം വഴി കൂടുതൽ നിയന്ത്രണ-മേൽനോട്ട സമിതികളെ ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള ഉത്തരവാദിത്തം ഇനി മുതൽ ബാങ്കിംഗ് സ്ഥാപനങ്ങളിൽ മാത്രം പരിമിതമായിരിക്കില്ല. മറിച്ച്, ഫണ്ടുകളുടെ കൈമാറ്റം, ആസ്തികൾ, നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒന്നിലധികം മേഖലകളിലേക്ക് ഈ നിരീക്ഷണം വ്യാപിപ്പിച്ചു കഴിഞ്ഞു. സൗദി സെൻട്രൽ ബാങ്ക്, കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി, മന്ത്രാലയങ്ങളായ വാണിജ്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ഇൻഷുറൻസ് അതോറിറ്റി, നാഷണൽ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് നോൺ-പ്രോഫിറ്റ് സെക്ടർ എന്നിവയും മറ്റ് പ്രസക്തമായ മേൽനോട്ട ചുമതലകളുള്ള സമിതികളും ഈ പുതിയ പരിഷ്‌കാരത്തിന്റെ പരിധിയിൽ വരുന്നുണ്ട്.
കൂടാതെ മണി ട്രാൻസ്ഫർ സേവനങ്ങൾ, ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോ മാനേജ്മെന്റ്, നിക്ഷേപ അധിഷ്ഠിത ഇൻഷുറൻസ് സേവനങ്ങൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ്, സ്വർണം, വിലപിടിപ്പുള്ള മറ്റ് ലോഹങ്ങൾ, രത്‌നങ്ങൾ എന്നിവയുടെ വ്യാപാരം എന്നിവയും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിയമ-അക്കൗണ്ടിംഗ് പ്രവർത്തനങ്ങളും പുതിയ നിയന്ത്രണങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. വലിയ തോതിൽ പണമിടപാടുകൾ നടക്കുന്ന ഇത്തരം മേഖലകളിലെ പഴുതുകളടച്ച് കള്ളപ്പണ ശൃംഖലകളുടെ ദുരുപയോഗം പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്.
സാമ്പത്തിക സ്ഥാപനങ്ങളും നിർദ്ദിഷ്ട ധനകാര്യേതര ബിസിനസ്സുകളും പ്രൊഫഷണലുകളും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് കൃത്യമായ ഇടവേളകളിൽ വിലയിരുത്തൽ നടത്തണമെന്ന് ചട്ടങ്ങളിൽ വ്യക്തമാക്കുന്നു. ഉപഭോക്താക്കളുടെ പശ്ചാത്തലം, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾ, സേവന വിതരണ ചാനലുകൾ, സാമ്പത്തിക ഇടപാടുകളുടെ സ്വഭാവം എന്നിവയെല്ലാം പരിശോധിച്ചായിരിക്കണം ഈ വിലയിരുത്തൽ നടത്തേണ്ടത്. ഈ പരിശോധനകളുടെ ഫലങ്ങൾ സ്ഥാപനങ്ങൾ നിരന്തരമായി രേഖപ്പെടുത്തുകയും എന്തെങ്കിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അവ പുതുക്കുകയും വേണം.
ബിസിനസ്സ് ബന്ധങ്ങൾ സ്ഥാപിക്കുന്നതിനോ അക്കൗണ്ടുകൾ തുറക്കുന്നതിനോ മുൻപായി ഉപഭോക്താക്കളുടെ ഐഡന്റിറ്റി കൃത്യമായി പരിശോധിക്കാൻ ചട്ടങ്ങൾ കർശനമായ നിർദ്ദേശം നൽകുന്നു. ഉപഭോക്താവിന്റെയും അതിന്റെ യഥാർത്ഥ ഗുണഭോക്താവിന്റെയും ഐഡന്റിറ്റി സ്ഥിരീകരിക്കൽ, അവരുടെ സാമ്പത്തിക സ്രോതസ്സ്, ബിസിനസ്സ് ലക്ഷ്യം എന്നിവ മനസ്സിലാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു നിയമപരമായ സ്ഥാപനത്തിന്റെ 25 ശതമാനമോ അതിൽ കൂടുതലോ നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്ന വ്യക്തിയെയാണ് യഥാർത്ഥ ഗുണഭോക്താവായി കണക്കാക്കുന്നത്. ആവശ്യമായ വിവരങ്ങൾ നൽകാൻ ഉപഭോക്താവിന് സാധിച്ചില്ലെങ്കിൽ ആ ഇടപാട് നടത്തുന്നതിൽ നിന്ന് പിന്മാറാനും ബിസിനസ്സ് ബന്ധം അവസാനിപ്പിക്കാനും സ്ഥാപനങ്ങൾക്ക് പുതിയ നിയമപ്രകാരം അധികാരമുണ്ട്.
മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, ജുഡീഷ്യൽ-സൈനിക മേധാവികൾ, അന്താരാഷ്ട്ര സംഘടനകളിലെ ഭാരവാഹികൾ തുടങ്ങിയ ഉന്നത വ്യക്തികൾക്ക് പ്രത്യേക നിരീക്ഷണ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ പദവി ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇവരുടെ കുടുംബാംഗങ്ങളും അടുത്ത കൂട്ടാളികളും ഈ കർശന നിരീക്ഷണ പരിധിയിൽ വരും. ഇത്തരം വ്യക്തികളുമായി ബിസിനസ്സ് ബന്ധം ആരംഭിക്കുന്നതിന് മുൻപ് സ്ഥാപനങ്ങൾ തങ്ങളുടെ സീനിയർ മാനേജ്മെന്റിന്റെ അനുമതി വാങ്ങിയിരിക്കണം.
ഉൾനാടൻ, വിദേശ സാമ്പത്തിക കൈമാറ്റങ്ങളിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കണമെന്ന് പുതിയ ചട്ടങ്ങൾ നിർദ്ദേശിക്കുന്നു. പണം അയക്കുന്ന ആളുടെയും അത് കൈപ്പറ്റുന്ന ആളുടെയും പേര്, അക്കൗണ്ട് നമ്പർ, കൈമാറ്റത്തിന്റെ ലക്ഷ്യം തുടങ്ങിയ കൃത്യമായ വിവരങ്ങൾ ലഭ്യമായിരിക്കണം. അടിസ്ഥാന വിവരങ്ങൾ ഇല്ലാത്ത കൈമാറ്റങ്ങൾ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. തുകയുടെ വലിപ്പം നോക്കാതെ, എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾ തോന്നിയാൽ അത്തരം ഇടപാടുകൾ ഉടനടി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസിന് റിപ്പോർട്ട് ചെയ്യണമെന്ന് പുതിയ ഭേദഗതി വ്യക്തമാക്കുന്നു. നിയമം അനുസരിച്ച് നല്ല ഉദ്ദേശത്തോടെ ഇത്തരം റിപ്പോർട്ടുകൾ സമർപ്പിക്കുന്ന ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും പൂർണ്ണമായ നിയമപരിരക്ഷ ലഭിക്കും. ഇവർക്കെതിരെ യാതൊരുവിധ സിവിൽ, ക്രിമിനൽ അല്ലെങ്കിൽ അച്ചടക്ക നടപടികളും ഉണ്ടായിരിക്കുന്നതല്ല.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസിന് പുതിയ മാറ്റങ്ങളിലൂടെ കൂടുതൽ ഫലപ്രദമായ അധികാരങ്ങൾ നൽകിയിട്ടുണ്ട്. സംശയാസ്പദമായ ഇടപാടുകൾ പരിശോധിക്കുന്നതിനും, കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടുന്നതിനും, ആഭ്യന്തര-അന്തർദേശീയ തലങ്ങളിൽ വിവരങ്ങൾ കൈമാറുന്നതിനും ഇവർക്ക് അധികാരമുണ്ട്. കൂടാതെ സംശയം തോന്നുന്ന അക്കൗണ്ടുകളിലെ ഇടപാടുകൾ 7 പ്രവൃത്തി ദിവസങ്ങൾ വരെ താൽക്കാലികമായി നിർത്തിവെയ്ക്കാനും ഫണ്ടുകളും ആസ്തികളും കണ്ടുകെട്ടാനുള്ള അപേക്ഷകൾ സമർപ്പിക്കാനും ഈ ഏജൻസിക്ക് സാധിക്കും.
യാത്രക്കാരുടെ പക്കൽ നിന്ന് കസ്റ്റംസ് അധികൃതർ പിടിച്ചെടുക്കുന്ന പണവും രത്‌നങ്ങളും സംശയാസ്പദമാണെന്ന് കണ്ടാലോ കൃത്യമായി വെളിപ്പെടുത്താതിരുന്നാലോ മേൽനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. നിയമവിരുദ്ധമായി പണം കടത്തുന്നത് തടയാൻ അതിർത്തികളിൽ പരിശോധനയും പിഴകളും കർശനമാക്കിയിട്ടുണ്ട്. കൂടുതൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്ന ഈ പുതിയ പരിഷ്‌കാരങ്ങൾ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാനും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനുമുള്ള സൗദിയുടെ ശ്രമങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്.
Related News