റിയാദ്- വിവരസാങ്കേതികവിദ്യ, ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്നീ മേഖലകളില്‍ തങ്ങളുടെ ആഗോള നേതൃസ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തി സൗദി അറേബ്യ അന്താരാഷ്ട്ര എഐ ഭരണനിര്‍വഹണ സംവാദത്തില്‍ പങ്കാളികളാകുന്നു. ജനീവയില്‍ ജൂലൈ 6, 7 തീയതികളില്‍ നടക്കുന്ന 'ഗ്ലോബല്‍ എഐ ഫോര്‍ ദി പബ്ലിക് സമ്മിറ്റിന്റെ' അനുബന്ധമായാണ് ഈ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, നയരൂപകര്‍ത്താക്കള്‍, അന്താരാഷ്ട്ര സംഘടനാ പ്രതിനിധികള്‍, സ്വകാര്യ മേഖല, അക്കാദമിക് വിദഗ്ധര്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍ എന്നിവര്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എഞ്ചിനീയര്‍ അബ്ദുള്ള അല്‍-സ്വഹാ നേതൃത്വം നല്‍കുന്ന ഉന്നതതല സൗദി പ്രതിനിധി സംഘമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി പ്രസിഡന്റ് ഡോ. അബ്ദുള്ള അല്‍-ഗാംദി, ജനീവയിലെ ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലുമുള്ള സൗദിയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ അബ്ദുല്‍ മൊഹ്സിന്‍ ബിന്‍ ഖതീല, ശൂറ കൗണ്‍സില്‍ അംഗവും യുഎന്‍ ഹൈ-ലെവല്‍ അഡൈ്വസറി കമ്മിറ്റി ഓണ്‍ എഐ അംഗവുമായ ഡോ. ലത്തീഫ അല്‍-അബ്ദുള്‍കരീം എന്നിവരും മനുഷ്യാവകാശ കമ്മീഷന്‍, കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികളും ഈ സംഘത്തിലുണ്ട്.
സൗദി വിഷന്‍ 2030-ന്റെ കരുത്തില്‍ ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലകളില്‍ രാജ്യം കൈവരിച്ച ഗുണപരമായ പുരോഗതിയുടെയും ആഗോളതലത്തിലുള്ള മുന്‍നിര പദവിയുടെയും പശ്ചാത്തലത്തിലാണ് ഈ പങ്കാളിത്തം. വികസിത സാങ്കേതികവിദ്യകളുടെ ഭാവി രൂപപ്പെടുത്തുന്നതിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഉത്തരവാദിത്തമുള്ള ആഗോള ഭരണം വികസിപ്പിക്കുന്നതിലും സ്വാധീനമുള്ള പങ്കാളിയായി അന്താരാഷ്ട്ര വേദികളില്‍ സാന്നിധ്യമറിയിക്കാന്‍ സൗദിക്ക് ഇതിലൂടെ സാധിക്കും.
Related News