നാല് വര്‍ഷം മുമ്പ് ഖത്തറില്‍ മൊറോക്കോ തീര്‍ത്ത അത്ഭുതം ലോക ഫുട്‌ബോളിന്റെ ഗ്ലാസ് സീലിംഗ് തകര്‍ത്തെറിഞ്ഞ ഒന്നായിരുന്നു. യൂറോപ്യന്‍, ദക്ഷിണ അമേരിക്കന്‍ ശക്തികള്‍പോലും സ്വപ്നം കാണാന്‍ മടിക്കുന്ന സെമിഫൈനല്‍ പ്രവേശനം! എന്നാല്‍ ഈ ചരിത്രനേട്ടത്തിന് പിന്നിലും ഒരു വൈരുദ്ധ്യമുണ്ട്. ലോകവേദിയില്‍ അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് എത്തുമ്പോള്‍, മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളെക്കാള്‍ വളരെ മുന്നിലാണ് വടക്കേ ആഫ്രിക്കന്‍ അറബ് രാജ്യങ്ങള്‍.
ലോകകപ്പ് ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഈ അന്തരത്തിന്റെ ആഴം വ്യക്തമാകും. 1934-ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ കളിച്ച ഈജിപ്താണ് ആദ്യ അറബ് രാജ്യം. 1970-ല്‍ മെക്‌സിക്കോയില്‍ മൊറോക്കോ ഗ്രൂപ്പ് ഘട്ടത്തിലെത്തി. 1978-ല്‍ മെക്‌സിക്കോയെ തോല്‍പ്പിച്ച് ടുണീഷ്യ ആദ്യ വിജയം കുറിച്ചു. 1982-ല്‍ അള്‍ജീരിയ രണ്ട് വിജയങ്ങള്‍ നേടി ചരിത്രമെഴുതി. 1986-ല്‍ മൊറോക്കോ നോക്ക്ഔട്ടിലെത്തി ആദ്യമായി ആ നാടുകടന്നു. ഒടുവില്‍ നാല് വര്‍ഷം മുമ്പ് ഖത്തറില്‍ അവര്‍ സെമിഫൈനലിലെത്തി ലോകത്തെ ഞെട്ടിച്ചു. ഈ വര്‍ഷത്തെ ലോകകപ്പിലാകട്ടെ, മൊറോക്കോയും ഈജിപ്തും ഒരേസമയം നോക്ക്ഔട്ട് ഘട്ടത്തിലെത്തുന്ന ആദ്യ അറബ് ടീമുകളായി മാറുകയും ചെയ്തു.
എന്നാല്‍, ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ (AFC) കീഴിലുള്ള അറബ് ടീമുകളുടെ സ്ഥിതിയോ? ഏഴ് തവണ ലോകകപ്പില്‍ കളിച്ച സൗദി അറേബ്യയും ഖത്തറിലെ അര്‍ജന്റീനയ്ക്കെതിരായ ചരിത്രവിജയവും ഒഴിച്ചാല്‍ ബാക്കിയെല്ലാം നിരാശാജനകം. വടക്കേ ആഫ്രിക്കക്കാര്‍ തിളങ്ങുന്നിടത്ത് മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍ പിന്നില്‍ പോകുന്നത് എന്തുകൊണ്ട്?
പ്രതിഭകളുടെ യൂറോപ്യന്‍ ഒഴുക്ക്
പ്രായോഗികമായി നോക്കിയാല്‍, ആഫ്രിക്കന്‍ അറബ് രാജ്യങ്ങള്‍ക്ക് മികച്ച ആഭ്യന്തര ലീഗുകളും മികച്ച കളിക്കാരെ വളര്‍ത്തിയെടുക്കുന്ന സംവിധാനങ്ങളുമുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് മൊറോക്കോയിലെ അത്യാധുനിക 'മുഹമ്മദ് VI ഫുട്‌ബോള്‍ അക്കാദമി'. 2009-ല്‍ ആരംഭിച്ച ഈ അക്കാദമി മൊറോക്കന്‍ ഫുട്‌ബോളിന്റെ അടിത്തറതന്നെ മാറ്റിമറിച്ചു.
എന്നാല്‍ ഇതിനപ്പുറം നിര്‍ണായകമായ മറ്റൊരു ഘടകം കൂടിയുണ്ട്; മികച്ച ഫുട്‌ബോള്‍ സംസ്‌കാരവും സാഹസികത നിറഞ്ഞ മാനസികാവസ്ഥയും. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങള്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ആവാസവ്യവസ്ഥയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. വന്‍കിട യൂറോപ്യന്‍ ലീഗുകളിലേക്ക് അവര്‍ നിരന്തരം കളിക്കാരെ അയക്കുന്നു.
ഏഷ്യന്‍ അറബ് രാജ്യങ്ങളില്‍ ഈ രീതി കാണാനില്ല. സൗദി അറേബ്യ, ജോര്‍ദാന്‍, ഖത്തര്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ചുരുക്കം ചില കളിക്കാരെ ഒഴിച്ചാല്‍ ഭൂരിഭാഗവും യൂറോപ്യന്‍ ലെവല്‍ മത്സരങ്ങള്‍ക്ക് വിധേയരാകുന്നില്ല. അതുകൊണ്ടുതന്നെ നിര്‍ണായക നിമിഷങ്ങളില്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ അവര്‍ പിഴവുകള്‍ വരുത്തുന്നു. ഈ വര്‍ഷത്തെ ലോകകപ്പില്‍ മൊറോക്കോയുടെ മുഴുവന്‍ സ്‌ക്വാഡും വിദേശ ക്ലബ്ബുകളില്‍ കളിക്കുന്നവരാണ്. എന്നാല്‍ സൗദി സ്‌ക്വാഡില്‍ വിദേശത്ത് കളിക്കുന്ന ചുരുക്കം ചിലര്‍ മാത്രമാണുള്ളത്.
താരമൂല്യവും ഡയസ്പോറയുടെ കരുത്തും
യൂറോപ്യന്‍ ലീഗുകളില്‍ പന്തുകളിച്ച് പരിചയസമ്പന്നരായ താരങ്ങളുടെ സാന്നിധ്യമാണ് മറ്റൊരു പ്രധാന വ്യത്യാസം. മൊറോക്കോയ്ക്ക് അഷ്റഫ് ഹക്കിമിയും ഈജിപ്തിന് മുഹമ്മദ് സലായും പോലെയുള്ള ലോകോത്തര താരങ്ങളുണ്ട്. എന്നാല്‍ സൗദിക്കോ ഖത്തറിനോ ജോര്‍ദാനോ അങ്ങനെയൊരു 'മാച്ച് വിന്നര്‍' ഇല്ല. ഒരു വലിയ താരം കൂടെയുണ്ടാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും ടീമിന്റെ ആത്മവിശ്വാസവും ഉയരുന്നു. കളം മോശമാണെങ്കിലും ഒരൊറ്റ മാജിക്കിലൂടെ കളി മാറ്റിമറിക്കാന്‍ അത്തരം താരങ്ങള്‍ക്ക് സാധിക്കും.
കൂടാതെ, യൂറോപ്പില്‍ ജനിച്ച് വളര്‍ന്ന മൊറോക്കന്‍ വംശജരായ താരങ്ങളെ ദേശീയ ടീമിലേക്ക് കൊണ്ടുവരുന്നതിലും ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിജയിച്ചു. മൊറോക്കോയുടെ ടീമില്‍ യൂറോപ്പില്‍ ജനിച്ചുവളര്‍ന്ന പ്രമുഖ താരങ്ങളുണ്ട്. എന്നാല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കാറില്ല.
അവസാനമായി, ഇതിന്റെയെല്ലാം കാതല്‍ ഒരു 'വിന്നിങ് മെന്റാലിറ്റി' ആണ്. മൊറോക്കോ കാണിച്ചുകൊടുത്ത പാതയിലൂടെ സഞ്ചരിക്കാന്‍ ഏഷ്യന്‍ അറബ് ടീമുകള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന കല്‍പ്പിത ആത്മവിശ്വാസത്തിന് പകരം 'നമുക്ക് ജയിക്കാന്‍ കഴിഞ്ഞെങ്കില്‍' എന്ന പ്രത്യാശ മാത്രമാണ് ഇന്നും മിഡില്‍ ഈസ്റ്റേണ്‍ ടീമുകളുടെ കൂട്ട്.
മൊറോക്കോ പരാജയപ്പെട്ടാല്‍ അത് ദുരന്തമായി കാണുന്ന ആരാധകരും ഫുട്‌ബോള്‍ ലോകവും, ഏഷ്യന്‍ അറബ് ടീമുകള്‍ പുറത്താകുമ്പോള്‍ അതിനെ സ്വാഭാവികമായി കാണുന്നു. ഈ വ്യത്യാസം തന്നെയാണ് വിജയവും പരാജയവും തമ്മിലുള്ള അളവുകോലായി മാറുന്നത്.
Related News