പത്തനംതിട്ട: പ്രായാധിക്യം കാരണം പടികള്‍ കയറാന്‍ ബുദ്ധിമുട്ടുന്ന മാതാപിതാക്കള്‍ക്ക് താങ്ങാവാനായി വിദേശത്തുള്ള മക്കള്‍ ഒരുക്കിയ ലിഫ്റ്റ് പിതാവിന്റെ മരണത്തിനിടയാക്കി. കടമ്മനിട്ട കല്ലേലിമുക്കില്‍ അടയ്ക്കമാവുങ്കല്‍ മാത്തുക്കുട്ടി (ജോയിക്കുട്ടി, 75) ആണ് വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി ദാരുണമായി മരിച്ചത്.
റോഡില്‍നിന്ന് ഉയര്‍ന്ന ഭാഗത്തുള്ള വീട്ടിലേക്ക് പ്രായമായ മാതാപിതാക്കള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനായാണ് രണ്ട് വര്‍ഷം മുമ്പ് വിദേശത്തുള്ള മക്കള്‍ റോഡ് നിരപ്പില്‍നിന്ന് വീട്ടുമുറ്റത്തേക്ക് ലിഫ്റ്റ് നിര്‍മിച്ചു നല്‍കിയത്. കെഎസ്ആര്‍ടിസി റിട്ടയേര്‍ഡ് കണ്ടക്ടറായ മാത്തുക്കുട്ടിയും ഭാര്യ അന്നമ്മയും മാത്രമായിരുന്നു ഈ വീട്ടില്‍ താമസം. വീട്ടുസാധനങ്ങളും മറ്റും മുകളിലേക്ക് എത്തിച്ചിരുന്നതും ഇതേ ലിഫ്റ്റിലൂടെയായിരുന്നു. ദമ്പതികള്‍ ദിവസേന പലതവണ ഈ സംവിധാനം ഉപയോഗിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12:45 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പൂമുഖത്തേക്ക് പോകുന്നതിനായി ലിഫ്റ്റില്‍ കയറിയ മാത്തുക്കുട്ടി ലിഫ്റ്റ് നിലച്ചപ്പോള്‍ പുറത്തേക്ക് തലയിട്ടു നോക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഈ സമയം അപ്രതീക്ഷിതമായി ലിഫ്റ്റ് വീണ്ടും പ്രവര്‍ത്തിക്കുകയോ തടസ്സപ്പെടുകയോ ചെയ്തതിനെത്തുടര്‍ന്ന് അദ്ദേഹം ലിഫ്റ്റിന്റെ ഇരുമ്പ് പൈപ്പിനും ഭിത്തിക്കുമിടയില്‍ കുടുങ്ങുകയായിരുന്നു.
ലിഫ്റ്റില്‍നിന്ന് അസാധാരണമായ ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യ അന്നമ്മ മാത്യു കണ്ടത് ഇരുമ്പ് ഫ്രെയിമിലെ പൈപ്പുകള്‍ക്കിടയില്‍ തല കുടുങ്ങിക്കിടക്കുന്ന മാത്തുക്കുട്ടിയെയാണ്. ഭയന്നുപോയ അന്നമ്മ വെട്ടുകത്തികൊണ്ട് പൈപ്പ് വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ കടുത്ത പരിശ്രമങ്ങള്‍ക്കൊടുവില്‍ അയല്‍ക്കാരുടെ സഹായത്തോടെ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.
ഏകദേശം 20 മിനിറ്റിനുശേഷം പത്തനംതിട്ടയില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേന കട്ടര്‍ ഉപയോഗിച്ച് പൈപ്പ് അറുത്തുമാറ്റിയാണ് മാത്തുക്കുട്ടിയെ പുറത്തെടുത്തത്. എന്നാല്‍ ഇതിനോടകം തന്നെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോരവാര്‍ന്ന നിലയിലായിരുന്നു അദ്ദേഹം. ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തല കുടുങ്ങിയുണ്ടായ ആഘാതവും ദേഹാസ്വാസ്ഥ്യവുമാകാം മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. ശ്വാസംമുട്ടല്‍ അസുഖമുള്ള വ്യക്തിയായിരുന്നു മാത്തുക്കുട്ടി.
സംഭവസ്ഥലത്ത് ആറന്മുള പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇലക്ട്രിക്കല്‍ ഇസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ലിഫ്റ്റില്‍ പരിശോധന നടത്തും. മക്കള്‍: ജോമോന്‍ മാത്യു (കാനഡ), ജിസ ജെ മാത്യു (അയര്‍ലന്‍ഡ്). മരുമക്കള്‍: സുബിജോ, ജിബിന്‍ എബ്രഹാം. മാത്തുക്കുട്ടിയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട് നടക്കും.
Related News