l o a d i n g

കേരള

പൗരാവകാശ പോരാട്ടത്തിന് ഒടുവില്‍ നീതി; സുരേന്ദ്രന്‍ മാഷിനെതിരെ അപ്പീല്‍ പോകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 11, 2026


തിരുവനന്തപുരം: മുത്തങ്ങ ആദിവാസി ഭൂസമരത്തെ ആശയപരമായി പിന്തുണച്ചതിന്റെ പേരില്‍ കാല്‍ നൂറ്റാണ്ടോളം മുന്‍പ് പോലീസ് ക്രൂരതയ്ക്ക് ഇരയായ കെ.കെ. സുരേന്ദ്രന്‍ മാഷിന് ഒടുവില്‍ നീതിയുടെ കൈത്താങ്ങ്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ലോക്കപ്പ് മര്‍ദ്ദനത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിക്കെതിരെ, കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉറപ്പുനല്‍കി. പോലീസിന്റെ മനോവീര്യം തകരുമെന്ന വിചിത്രമായ ന്യായവാദമുയര്‍ത്തി മുന്‍ സര്‍ക്കാര്‍ അപ്പീല്‍ പോയ കേസില്‍, തുക ഉടനടി അനുവദിക്കുമെന്നും കേസില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി നേരിട്ട് അറിയിച്ചതോടെ നീണ്ട ഇരുപത്തിമൂന്ന് വര്‍ഷത്തെ നിയമപോരാട്ടത്തിനാണ് ശുഭകരമായ അന്ത്യമാകുന്നത്.

ഭൂമിക്കും മനുഷ്യാവകാശത്തിനും വേണ്ടി വയനാട്ടിലെ ആദിവാസികള്‍ നടത്തിയ മുത്തങ്ങ സമരത്തെ പിന്തുണച്ചതിന് സുല്‍ത്താന്‍ ബത്തേരി ഡയറ്റിലെ അധ്യാപകനായിരുന്ന സുരേന്ദ്രന്‍ മാഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയും കര്‍ണ്ണപുടം അടിച്ചുപൊട്ടിക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ കോടതി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചെങ്കിലും, അന്ന് സമരത്തെ പിന്തുണച്ചിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ ജനവിരുദ്ധ നിലപാട് സ്വീകരിച്ച് അപ്പീല്‍ പോവുകയായിരുന്നു. എന്നാല്‍ അടുത്തിടെ അപ്പീല്‍ തള്ളിയ കോടതി നഷ്ടപരിഹാരം പലിശയടക്കം പന്ത്രണ്ടര ലക്ഷമായി ഉയര്‍ത്തി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഭരണമാറ്റമുണ്ടായ പശ്ചാത്തലത്തില്‍ ആശങ്കാകുലനായി തിരുവനന്തപുരത്ത് എത്തിയ മാഷിനെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിട്ട് കണ്ട് ആശ്വസിപ്പിക്കുകയും ഫോട്ടോയെടുത്ത് മാന്യമായി യാത്രയാക്കുകയും ചെയ്തത് മാറിയ ഭരണശൈലിയുടെയും പൗരാവകാശ സംരക്ഷണത്തിന്റെയും വേറിട്ട കാഴ്ചയായി.
ഇതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകനായ കെ.എ ഷാജി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം:

സ്‌ക്കൂള്‍ ജീവിതകാലത്തെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായിരുന്ന സുരേന്ദ്രന്‍ മാഷ് താന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് അതിരാവിലെ വിളിച്ചപ്പോള്‍ തോന്നിയത് വലിയൊരു നിസ്സഹായതയായിരുന്നു.
നിലനില്പും അതിജീവനവും നഷ്ടമായ വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ ഭൂസമരത്തെ ആശയപരമായി പിന്തുണച്ചു എന്ന ഒറ്റക്കാരണത്താല്‍ കേരളാ പോലീസില്‍ നിന്നും അതീവ ക്രൂരമായ മനുഷ്യാവകാശ ലംഘനം നേരിട്ട കെ കെ സുരേന്ദ്രന്‍ പത്താം ക്ലാസ്സില്‍ എന്റെ മലയാളം അധ്യാപകനായിരുന്നു. സ്‌നേഹവും കരുതലുമായിരുന്നു. പിന്നീടദ്ദേഹം സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ അധ്യാപകനായിരിക്കവേ ആയിരുന്നു മുത്തങ്ങയിലെ ഐതിഹാസികമായ ആദിവാസി സമരവും തുടര്‍ന്നുള്ള അറസ്റ്റും ലോക്കപ്പ് മര്‍ദ്ദനനവും.
ഭൂമിക്കും മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി വയനാട്ടിലെ ആദിവാസികള്‍ നടത്തിയ ഐതിഹാസികമായ ആ സമരം അതിക്രൂരമായ പോലീസ് അടിച്ചമര്‍ത്തലിന് വിധേയമായിട്ട് ഇപ്പോള്‍ ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. സുരേന്ദ്രന്‍ മാഷിന്റെ കര്‍ണ്ണപുടം അടിച്ചുപൊട്ടിക്കുകയും അദ്ദേഹത്തെ അങ്ങേയറ്റത്തെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ആയിരുന്നു അന്നത്തെ പോലീസുകാര്‍.
അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയും വനം മന്ത്രി കെ സുധാകരനും ആയിരുന്നു. ക്രൂരതകള്‍ നേരിട്ട ആദിവാസികള്‍ക്കും സുരേന്ദ്രനും വേണ്ടി ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയ്ക്കെതിരെ കേരളമാകെ നടന്ന കടുത്ത പ്രതിഷേധങ്ങളില്‍ മുന്നില്‍ നിന്നിരുന്നത് അന്നത്തെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആയിരുന്നു.
പത്ത് വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ട് സര്‍ക്കാരുകള്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യം അങ്ങേയറ്റം പ്രസക്തമാണ്. എന്നാല്‍ അതവിടെ നില്‍ക്കട്ടെ.
അനധികൃത അറസ്റ്റും പീഡനവും കാരണം ആരോഗ്യവും തൊഴിലും ജീവിതവും കടുത്ത പ്രതിസന്ധിയിലായ സുരേന്ദ്രന്‍ മാഷ് മതിയായ നഷ്ടപരിഹാരം സര്‍ക്കാരില്‍ നിന്നും ആവശ്യപ്പെട്ടുകൊണ്ട് സുല്‍ത്താന്‍ ബത്തേരി സബ് കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. മുന്നണി വ്യത്യാസമില്ലാതെ മാറി മാറി വന്ന സര്‍ക്കാരുകളുടെ അഭിഭാഷകര്‍ ആ കേസിനെ ശക്തമായി എതിര്‍ത്തു.
നഷ്ടപരിഹാരം കൊടുക്കാന്‍ പാടില്ല എന്ന് ശക്തമായി വാദിച്ചു.
രണ്ട് പതിറ്റാണ്ട് നീണ്ട കഠിനമായ കോടതി വ്യവഹാരങ്ങളുടെ ഒടുവില്‍ സുരേന്ദ്രന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ച 2021-ല്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ്. സുരേന്ദ്രന് നീതി വേണം എന്ന് മുമ്പ് നിരവധിയായ പൊതുയോഗങ്ങളില്‍ ഘോരഘോരം വാദിച്ചയാളാണ് അദ്ദേഹം. തുലോം തുച്ഛമായ ആ നഷ്ടപരിഹാര തുക അദ്ദേഹത്തിന്റെ സര്‍ക്കാരിന് അനായാസം നല്കാവുന്നതേ ഉണ്ടായിരുന്നുള്ളു. അതും ഒരു മുന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ കാലത്ത് നടന്ന പോലീസ് നടപടിയ്ക്കെതിരായ നഷ്ടപരിഹാരം.
എന്നിട്ടും പിണറായി വിജയന്‍ സര്‍ക്കാര്‍ മാഷിനെതിരെ അപ്പീല്‍ പോയി. ഒറ്റ ന്യായമേ സര്‍ക്കാരിന് ഉണ്ടായിരുന്നുള്ളു. അത്തരമൊരു നഷ്ടപരിഹാരം പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കും. തന്റെ ഭരണത്തിന് കീഴിലുണ്ടായ എല്ലാ പോലീസ് അതിക്രമങ്ങളെയും ന്യായീകരിക്കാന്‍ പിണറായി വിജയന്‍ ഉണ്ടാക്കിയെടുത്ത വിചിത്രമമായ ന്യായം.
അടിസ്ഥാന മനുഷ്യാവകാശം സുരേന്ദ്രന്‍ മാഷിന് നിഷേധിക്കരുതെന്നും ഇനിയും വൈകാതെ ആ തുച്ഛമായ തുക സര്‍ക്കാര്‍ അദ്ദേഹത്തിന് അനുവദിക്കണമെന്നും നിരവധി പൗരപ്രമുഖര്‍ അന്ന് വിജയനോട് നിവേദനങ്ങളും പ്രസ്താവനകളും വഴി ആവശ്യപ്പെട്ടതാണ്. എന്നിട്ടും കേട്ടില്ല.
കല്‍പ്പറ്റയിലെ അഡീഷണല്‍ ജില്ലാ കോടതിയില്‍ അങ്ങനെ സുരേന്ദ്രനെതിരെ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അപ്പീല്‍ കേസ് നടത്തി. വീണ്ടും അഞ്ചുവര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടം. അഞ്ചുലക്ഷം പോയിട്ട് ഒരു രൂപ നഷ്ടപരിഹാരം കൊടുക്കരുത് എന്ന് ജനകീയ ഇടതുപക്ഷ സര്‍ക്കാര്‍. നഷ്ടപരിഹാര തുകയുടെ പല ഇരട്ടി പണം കേസ് അപ്പീലിനായി ഖജനാവില്‍ നിന്ന് വിനിയോഗിച്ചു.
ഒടുവില്‍ സംസ്ഥാനം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നതിനിടയില്‍ കോടതി ആ അപ്പീല്‍ തള്ളിക്കൊണ്ട് ഉത്തവായി. അഞ്ചു ലക്ഷം രൂപയുടെ നഷ്ട പരിഹാരം എന്നത് പന്ത്രണ്ടര ലക്ഷം രൂപയും നാളിതുവരെയുള്ള പലിശയും എന്ന നിലയിലേക്ക് കോടതി ഉയര്‍ത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നിലംപതിച്ചു. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ വിധിയില്‍ തുടര്‍ന്ന് എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതായി മാഷിന്റെ ആശങ്ക. പഴയ പീഢനങ്ങള്‍ വരുത്തിയ അവശതകളിലാണ് മാഷ്.
പപഴയ കോണ്‍ഗ്രസ്സ് ഭരണകാലത്തെ പോലീസ് കൊടുംക്രൂരതയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ ഒരു പൗരനെതിരെ പുതിയ സര്‍ക്കാര്‍ വീണ്ടും അപ്പീല്‍ പോകുമോ? ഇടതുപക്ഷത്തിനില്ലാത്ത വിവേകം ഈ സര്‍ക്കാര്‍ കാണിക്കുമോ?
പോലീസിന്റെ ഇരുപത്തിമൂന്ന് കൊല്ലം മുന്‍പത്തെ കുറ്റകരമായ മനോവീര്യത്തെ സംരക്ഷിക്കുക ആയിരിക്കുമോ വി ഡി സതീശന്‍ ചെയ്യുക?
അതോ ഇപ്പോഴത്തെ അവസ്ഥയിലും തുലോം തുച്ഛമായ നഷ്ടപരിഹാരം സാങ്കേതികതകള്‍ പറയാതെ പുതിയ സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കുമോ. ഇത് കേവലം ഒരു തുകയുടെ പ്രശ്‌നമല്ല. പൗരന്റെ അവകാശവും അഭിമാനവും നിലപാടുകളും സംരക്ഷിക്കാനുള്ള പോരാട്ടമാണ്.
മാഷ് ഫോണില്‍ വിളിച്ച് ആകുലതകള്‍ പറഞ്ഞപ്പോള്‍ തിരുവനന്തപുരത്തേക്ക് വരാനും പുതിയ മുഖ്യമന്ത്രിയെ കാണാനുള്ള അവസരമൊരുക്കാമെന്നും പറയാനാണ് തോന്നിയത്. അപ്പോഴേക്കും മുഖ്യമന്ത്രി ബഡ്ജറ്റിന്റെ തിരക്കിലായി. ബഡ്ജറ്റ് കഴിഞ്ഞാല്‍ മുഖ്യമന്ത്രി വയനാട്ടില്‍ പോകുമ്പോള്‍ അദ്ദേഹത്തെക്കൊണ്ട് സുരേന്ദ്രന്‍ മാഷെ സന്ദര്‍ശിപ്പിക്കാമെന്നും അപ്പീല്‍ പോകുന്നത് ഒഴിവാക്കിക്കുമെന്നും നഷ്ടപരിഹാരം യാഥാര്‍ത്ഥ്യമാക്കാമെന്നും സുഹൃത്തായ പൊന്നാനി എം എല്‍ എ നൗഷാദലി ഉറപ്പ് തന്നു.
പക്ഷെ മാഷ് തിരുവനന്തപുരത്ത് വന്ന് സതീശനെ കാണാനാണ് താത്പര്യപ്പെട്ടത്. തുടര്‍ച്ചയായ പനിയും ചുമയും ആശുപത്രിവാസവും കൊണ്ട് അത് ഫോളോഅപ്പ് ചെയ്യാന്‍ ഞാന്‍ വല്ലാതെ വൈകി.
മാഷ് തിരുവനന്തപുരത്ത് എത്തി വിളിച്ചപ്പോഴും പനിക്കിടക്കയിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്‍ എസ് കെ ഉമേഷിനെ വിളിച്ചപ്പോഴാണ് കള്ളാടിയിലെ ദുരന്ത സ്ഥലത്തേക്ക് അദ്ദേഹം പുറപ്പെട്ടതറിയുന്നത്. പിറ്റേന്നാണെങ്കില്‍ എംപിമാരുടെ യോഗമടക്കം നിരവധി തിരക്കുകള്‍. മുഖ്യമന്ത്രിയെ നേരില്‍ കാണല്‍ നടക്കുമോയെന്ന് വല്ലാത്ത ആശങ്ക. ഇത്ര ദൂരം വന്നിട്ട്...
വ്യക്തിപരമായ കാര്യത്തിന് നാട്ടിലെ തിരക്കുള്ള ഭരണാധികാരിയെ പോയിക്കാണുന്നതില്‍ മാഷിന് ഉള്ളില്‍ വിഷമവുമുണ്ട്. ഒപ്പം മുഖ്യമന്ത്രി എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും.
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ പ്രൊഫസര്‍ കുസുമം ജോസഫ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് റോയി മാത്യുവിനെ വിളിച്ചു. അദ്ദേഹം കയ്യോടെ ഓഫീസിലെത്താന്‍ പറഞ്ഞു. മാഷും ഭാര്യയും സാമൂഹിക പ്രവര്‍ത്തകയായ സുള്‍ഫത്തും ടീച്ചര്‍ക്കൊപ്പം റോയി മാത്യുവിനെക്കണ്ടു.
മുഖ്യമന്ത്രിയുടെ തിരക്കുകള്‍ സാരമില്ലെന്നും പിറ്റേന്ന് എംപിമാരുടെ യോഗത്തിന് ശേഷം കാണാന്‍ സൗകര്യമുണ്ടാക്കാമെന്നും അദ്ദേഹം ഉറപ്പ് കൊടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ തിരക്കിലും മാഷ് അകത്തേക്ക് ക്ഷണിക്കപ്പെട്ടു.
മുഖ്യമന്ത്രി അദ്ദേഹത്തെ കേട്ടു. സ്വന്തം കൈകള്‍ കൊണ്ട് നോട്ട് എടുത്തു. കേസില്‍ സര്‍ക്കാര്‍ ഒരു കാരണവശാലും അപ്പീല്‍ പോകില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ഉറപ്പ് കൊടുത്തു. നഷ്ടപരിഹാര തുക ഉടന്‍ അനുവദിക്കുമെന്ന് താനാണ് പറയുന്നത് എന്ന ഉറപ്പും കൊടുത്തു. ഒരുമിച്ച് ഫോട്ടോയെടുത്തു. കസ്റ്റഡി മര്‍ദ്ദനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരായ ജാഗ്രത തുടരണമെന്ന് മാഷ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മാഷ് വ വളരെയേറെ സന്തോഷത്തോടും സമാധാനത്തോടും കൂടി തിരിച്ചു പോയി. മുഖ്യമന്ത്രിയില്‍ നിന്നും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും തനിക്ക് ലഭിച്ച പരിഗണനയും മാന്യതയും സ്‌നേഹവും നനീതിയും മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചതായി അദ്ദേഹം പറഞ്ഞു.
ഏത് കാലത്തെയും കാക്കിക്കുള്ളിലെ ഭീകരര്‍ക്ക് താന്‍ സംരക്ഷണവും പിന്തുണയും നല്‍കും എന്ന് പറയുന്ന പഴയ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തില്‍ നിന്നൊരുമാറ്റം വാസ്തവത്തില്‍ മാഷ് പ്രതീക്ഷിച്ചിരുന്നില്ല. സതീശന്‍ തന്നെ എന്തെങ്കിലും ഒഴികഴിവുകള്‍ പറഞ്ഞ് മടക്കുമെന്നാണ് അദ്ദേഹം കരുതിയത്.
നീതി നിഷേധിക്കപ്പെടുന്ന നിരവധിയായ സുരേന്ദ്രന്മാരുടെ കൂടി നാടാണ് കേരളം എന്നും അടിച്ചമര്‍ത്തപ്പെടുന്ന പൗരവകാശങ്ങളുടെ മീതെ കയറി നിന്നാണ് കാപട്യങ്ങളുടെ തെരഞ്ഞെടുപ്പ് പെരുങ്കളിയാട്ടങ്ങള്‍ നടക്കുന്നത് എന്നും ഉള്ള മുന്‍ വിധി അദ്ദേഹത്തില്‍ നിന്നും ഇപ്പോള്‍ കുറേയെങ്കിലും മാറി.
ആദിവാസികള്‍ക്ക് ഭൂമി വേണ്ട ഇടുങ്ങിയ സൂര്യ വെളിച്ചം കടക്കാത്ത ഫ്‌ലാറ്റുകള്‍ മതി എന്ന പുത്തന്‍ വികസന വിപക്ഷകളുടെ ഇടയില്‍ നിന്നുകൊണ്ട് മുത്തങ്ങയുടെ പാഠങ്ങള്‍ മറന്ന നേതാക്കളുടെ കാലത്തെ ഒരു വേറിട്ട അനുഭവം.
മാഷിനെ സംബന്ധിച്ചിടത്തോളം ഈ കേസ് പണത്തിന് വേണ്ടിയുള്ളതല്ലായിരുന്നു. ''എനിക്ക് നഷ്ടപരിഹാരം എന്നത് കേവലം പണമല്ല. അന്നത്തെ പോലീസ് ക്രൂരത സംബന്ധിച്ച സത്യം അംഗീകരിക്കപ്പെടണമെന്നതായിരുന്നു എന്റെ ആവശ്യം,'' അദ്ദേഹം പറയുന്നു.
കാലങ്ങള്‍ എത്ര ചെന്നാലും പൊതുസമൂഹത്തിന്റെ ഓര്‍മ്മയില്‍ നിന്ന് മായാതെ നില്‍ക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടാകും. ഒരിക്കല്‍ സംഭവിച്ചു എന്നത് കൊണ്ടല്ല, തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെടുന്നു എന്നത് കൊണ്ടാണ് അവ എന്നെന്നും ഓര്‍മകളില്‍ നിലനില്‍ക്കുന്നത്. മുത്തങ്ങ അങ്ങനെ ഒരു സന്ദര്‍ഭമായിരുന്നു. കേരളം ഇതുവരെ പൂര്‍ണ്ണമായി അംഗീകരിക്കാത്ത ഒരു വലിയ പരാജയത്തെ അത് തുറന്നു കാട്ടി.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026