ഒരു പതിറ്റാണ്ടോളം ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ അവിഭാജ്യ ഘടകമായിരുന്ന ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലാഹ് 'ദി റെഡ്‌സിന്റെ' പടിയിറങ്ങുകയാണ്. ടര്‍ക്കിഷ് ക്ലബ്ബായ ട്രാബ്‌സോണ്‍സ്‌പോറിന്റെ മുന്നേറ്റനിരയിലാണ് 34കാരനായ താരത്തെ ഇനി കാണാനാകുക. വടക്കന്‍ ഈജിപ്ഷ്യന്‍ ഗ്രാമമായ നാഗ്രിഗില്‍ ജനിച്ച സലാഹ് 2010-ല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിക്കുന്നത് ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്‍ മൊക്ലാവൂണിലൂടെയാണ്. രണ്ടുവര്‍ഷം മൊക്ലാവൂണിനുവേണ്ടി പന്ത് തട്ടിയ സലാഹ് 2012-ല്‍ സ്വിസ് ക്ലബ്ബായ എഫ്.സി. ബാസലിലേക്ക് ചേക്കേറി. ബാസലിനുവേണ്ടി രണ്ട് സീസണുകളിലായി 20 ഗോളുകള്‍ നേടിയ സലാഹ് ക്ലബ്ബിനെ രണ്ടുതവണ സ്വിസ് സൂപ്പര്‍ലീഗ് ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2014-ല്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയിലെത്തിയ താരത്തിന് അവിടെ വലിയ അവസരങ്ങള്‍ ലഭിക്കാതിരുന്നപ്പോള്‍ ലോണ്‍ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഫിയോറെന്റീനയിലെത്തി. അവിടെ ഒരു സീസണ്‍ കളിച്ച സലാഹ് ഒമ്പത് ഗോളുകള്‍ മാത്രമാണ് നേടിയത്. പിന്നീട് 2015 മുതല്‍ 2017 വരെ മറ്റൊരു ഇറ്റാലിയന്‍ കരുത്തരായ റോമയ്ക്കുവേണ്ടി കളിച്ച താരം 83 മത്സരങ്ങളില്‍നിന്ന് 34 ഗോളുകളാണ് നേടിയത്. റോമയില്‍ തന്റെ പ്രതിഭ ലോകത്തിന് മുന്നില്‍ തെളിയിച്ച മുഹമ്മദ് സലാഹ് 2017-ല്‍ ലിവര്‍പൂളിന്റെ ഭാഗമായി.
ആ കൂടുമാറ്റത്തിന് പിന്നില്‍ അന്നത്തെ ലിവര്‍പൂള്‍ പരിശീലകനായിരുന്ന യുര്‍ഗന്‍ ക്ലോപ്പിന്റെ നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. പിന്നീട് ലിവര്‍പൂളിന്റെ വലതുവിംഗില്‍ നിറഞ്ഞാടിയ മുഹമ്മദ് സലാഹിന്റെ ആ ഇടങ്കാല്‍ മാജിക് ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും ക്ലബ്ബുകളുടെ പേടിസ്വപ്നമായി മാറി. ദി റെഡ്‌സിനായി 442 മത്സരങ്ങള്‍ കളിച്ച സലാഹ് 257 ഗോളുകളാണ് നേടിയത്. ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളില്‍ ഇയാന്‍ റഷിനും റോജര്‍ ഹണ്ടിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ഈജിപ്ഷ്യന്‍ സൂപ്പര്‍താരം. മുഹമ്മദ് സലാഹിന്റെ കരിയറിലെ സുവര്‍ണ്ണകാലഘട്ടമെന്നത് ലിവര്‍പൂളിനുവേണ്ടി ബൂട്ട് കെട്ടിയ കാലം തന്നെയാണ്. ക്ലബ്ബിന്റെ പരിശീലകരായിരുന്ന യുര്‍ഗന്‍ ക്ലോപ്പിനൊപ്പവും ക്ലോപ്പ് പടിയിറങ്ങിയ ശേഷം വന്ന ആര്‍നെ സ്ലോട്ടിനൊപ്പവും നിരവധി കിരീടങ്ങളാണ് സലാഹ് ലിവര്‍പൂളിനൊപ്പം നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, കാരബാവോ കപ്പ് എന്നിവ രണ്ട് തവണയും യുവേഫ ചാമ്പ്യന്‍സ് ലീഗ്, എഫ്.എ. കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവ ഓരോ തവണയും സലാഹ് ആന്‍ഫീല്‍ഡിലെ അലമാരയില്‍ എത്തിച്ചു.
ആന്‍ഫീല്‍ഡിന്റെ ആകാശവും ഗാലറിയിലെ ചുവന്ന കടലും ഇനി മുഹമ്മദ് സലാഹിന്റെ ആ ഇടങ്കാല്‍ മാന്ത്രികത കാണില്ലായിരിക്കാം. വര്‍ഷങ്ങളോളം ലിവര്‍പൂളിന്റെ പ്രതീക്ഷയുടെ മുഖമായി നിന്ന ഈജിപ്ഷ്യന്‍ സൂപ്പര്‍താരം പടിയിറങ്ങുമ്പോള്‍ ക്ലബ്ബിന് നഷ്ടമാവുന്നത് ഒരു ഗോള്‍ വേട്ടക്കാരനെ മാത്രമല്ല, ഒരു പ്രതീകത്തെ കൂടിയാണ്. സലാഹിന്റെ ഇടങ്കാല്‍ മാജിക് ഇനിമുതല്‍ വടക്കുകിഴക്കന്‍ ടര്‍ക്കിയുടെ കരിങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ട്രാബ്‌സന്‍ നഗരത്തിലെ ട്രാബ്‌സോണ്‍സ്‌പോര്‍ ക്ലബ്ബിനുവേണ്ടിയായിരിക്കും. ടര്‍ക്കിയുടെ ആഭ്യന്തര ഫുട്‌ബോള്‍ ലീഗെന്നാല്‍ സൂപ്പര്‍ ലീഗാണ്. അതില്‍ ഗലാറ്റസറായ്, ഫെനര്‍ബാഷെ, ബെഷിക്താവ് എന്നീ ഇസ്താംബൂള്‍ വമ്പന്‍മാരുടെ ആധിപത്യമാണ് എല്ലാകാലത്തും. ആ ആധിപത്യത്തെ പലകുറി വെല്ലുവിളിച്ച ചരിത്രമുണ്ട് ട്രാബ്‌സോണ്‍സ്‌പോറിന്. ഇതുവരെ ഏഴ് തവണയാണ് ആ ക്ലബ്ബ് ടര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ കിരീടമുയര്‍ത്തിയത്.
1975 മുതല്‍ 1984 വരെ ടര്‍ക്കിഷ് സൂപ്പര്‍ ലീഗിലെ കരുത്തരായിരുന്നു ട്രാബ്‌സോണ്‍സ്‌പോര്‍. പിന്നീട് ഫോം നഷ്ടപ്പെട്ട ക്ലബ്ബ് 38 വര്‍ഷങ്ങള്‍ക്ക് ശേഷം 2021-22 സീസണിലാണ് കിരീടമുയര്‍ത്തിയത്. ഏതായാലും ട്രാബ്‌സോണ്‍സ്‌പോറിന്റെ പ്രതാപകാലം തിരിച്ചുപിടിക്കാന്‍ ആന്‍ഫീല്‍ഡിന്റെ ചുവന്ന ആകാശത്തിനു കീഴില്‍ ഒരു ചരിത്രം സൃഷ്ടിച്ച ശേഷം മിസ്‌റിലെ രാജന്‍ ഇനി കരിങ്കടല്‍ തീരത്തുള്ള ട്രാബ്‌സോണ്‍സ്‌പോറിന്റെ ഹോം ഗ്രൗണ്ടായ പപ്പാര പാര്‍ക്കിലെത്തുമ്പോള്‍ ആ ഇടങ്കാല്‍ മാന്ത്രികതയുടെ രാവുകള്‍ കാണാന്‍ ക്ലബ് ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.
-മുനീര്‍ വാളക്കുട
Related News