കൊല്ലം: പ്രായവും രോഗങ്ങളും ഒറ്റപ്പെടലും കൊണ്ട് ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ മാധ്യമ ഭവന്‍ സ്ഥാപിക്കണമെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൊല്ലം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് 9, 10, 11 തീയതികളില്‍ നടക്കുന്ന ഫോറത്തിന്റെ പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.
വിരമിച്ചശേഷം പ്രയാസമനുഭവിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വവും മതിയായ ചികിത്സയും കൂട്ടായ ജീവിതവും ഉറപ്പുവരുത്തുന്നതാകണം മാധ്യമ ഭവന്‍. ട്രഷരി മുഖേനെ പത്രപ്രവര്‍ത്തക ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ കേരള സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തണം. പത്രപ്രവര്‍ത്തക ക്ഷേമ പെന്‍ഷന്‍ 15000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും നിലവിലുള്ള പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജേര്‍ണലിസ്റ്റ്സ് ക്ഷേമ ബോര്‍ഡ് രൂപീകരിക്കുക, ആശ്രിത പെന്‍ഷനും അവശ പെന്‍ഷനും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
നാളെ (ആഗസ്റ്റ് 10)് വൈകുന്നേരം നാലിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫോറം സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം അധ്യക്ഷത വഹിക്കും. ഇന്ന് (ആഗസ്റ്റ് 9)് ഉച്ചകഴിഞ്ഞ് മൂന്നിന് 'ഫീല്‍ ദ മോമെന്റ്' വാര്‍ത്താ ചിത്ര പ്രദര്‍ശനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം 5.30-ന് നടക്കുന്ന മീഡിയ സെമിനാര്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 11-ന് ഉച്ചയ്ക്ക് 12-ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും.
കൊല്ലം മേയര്‍ എ.കെ. ഹഫീസ് ആണ് സ്വാഗതസംഘം ചെയര്‍മാന്‍. കെ.പി. വിജയകുമാര്‍ (ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി), എസ്. സുധീശന്‍ (സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍), കെ. സുന്ദരേശന്‍ (സംസ്ഥാന സെക്രട്ടറി), എം.എ. മജീദ് റാവുത്തര്‍ (ജില്ലാ സെക്രട്ടറി), പി. മുസ്തഫ, ഡി. വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Related News