റിയാദ്: വിമാനത്താവളത്തിനുള്ളിലെ അനാവശ്യ ശബ്ദകോലാഹലങ്ങളും നിരന്തരമായ അനൗണ്‍സ്മെന്റുകളും ഒഴിവാക്കി യാത്രക്കാര്‍ക്ക് കൂടുതല്‍ ശാന്തവും സുഖകരവുമായ അന്തരീക്ഷമൊരുക്കാന്‍ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 'സൈലന്റ് എയര്‍പോര്‍ട്ട്' (ശബ്ദരഹിത വിമാനത്താവളം) സംവിധാനം നടപ്പിലാക്കി. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ടെര്‍മിനല്‍ 5-ലാണ് ഇന്ന് മുതല്‍ ഈ പരിഷ്‌കാരം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ അന്താരാഷ്ട്ര തലത്തിലുള്ള മുന്‍നിര വ്യോമയാന കേന്ദ്രമാക്കി മാറ്റുന്നതിന്റെയും ഉപഭോക്തൃ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ലാപ്ടോപ്പ്/മൊബൈല്‍ സ്‌ക്രീനുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവ വഴിയാണ് വിമാന സമയം, ബോര്‍ഡിങ് ഗേറ്റ് തുടങ്ങിയ യാത്രാ വിവരങ്ങള്‍ ലഭ്യമാക്കുന്നത്. അടിയന്തര സാഹചര്യങ്ങളിലൊഴികെ മറ്റ് അനൗണ്‍സ്മെന്റുകള്‍ ഒഴിവാക്കുന്നതിലൂടെ ശബ്ദമലിനീകരണവും യാത്രാവേളകളിലെ മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.
സമീപകാലത്ത് ലോകോത്തര തലത്തില്‍ വന്‍ നേട്ടങ്ങളാണ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം കൈവരിച്ചിട്ടുള്ളത്. ലോകത്തില്‍ ഏറ്റവും മികച്ച വികസന കുതിപ്പ് കൈവരിച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. പ്രതിവര്‍ഷം 3 കോടി മുതല്‍ 4 കോടി വരെ യാത്രക്കാര്‍ സഞ്ചരിക്കുന്ന വിഭാഗത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയില്‍ 14-ാം സ്ഥാനത്താണ് നിലവില്‍ ഈ വിമാനത്താവളമുള്ളത്. പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവള ജീവനക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും കിങ് ഖാലിദ് എയര്‍പോര്‍ട്ട് കരസ്ഥമാക്കിയിട്ടുണ്ട്.യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന ഇത്തരം പരിഷ്‌കാരങ്ങള്‍ റിയാദ് വിമാനത്താവളത്തിന്റെ ആഗോള പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related News