അല്‍ മുകല്ല: ചെങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ അടുത്തിടെയുണ്ടായ ഹൂതി മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട നാല് നാവികരുടെ മൃതദേഹങ്ങള്‍ ജിദ്ദ വഴി സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്നതിനായി യമനില്‍ നിന്ന് സൗദി അറേബ്യയിലെത്തിച്ചു. മൂന്ന് പാകിസ്താന്‍ സ്വദേശികളുടെയും ഒരു ഇന്തോനേഷ്യന്‍ സ്വദേശിയുടെയും മൃതദേഹങ്ങളാണ് ബുധനാഴ്ച സൗദിയിലേക്ക് മാറ്റിയത്.
പരുക്കേറ്റ് മൊഖ തുറമുഖ നഗരത്തില്‍ ചികിത്സയിലായിരുന്ന ആറ് നാവികരെയും (അഞ്ച് പാകിസ്താനികളും ഒരു ഇന്തോനേഷ്യനും) കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കൊപ്പം റോഡ് മാര്‍ഗം ഏദനില്‍ എത്തിച്ച ശേഷമാണ് ജിദ്ദയിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോയത്.
ഓഗസ്റ്റ് 11-ന് ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കവെയാണ് 'തിഹാമ' എന്ന യമന്‍ വാണിജ്യ കപ്പലിന് നേരെ ഹൂതികളുടെ തുടര്‍ച്ചയായ മിസൈലാക്രമണമുണ്ടായത്. 2023 അവസാനത്തിന് ശേഷം ചെങ്കടലില്‍ വാണിജ്യ കപ്പലിന് നേര്‍ക്കുണ്ടാകുന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഹൂതികള്‍ വീണ്ടും ആക്രമണം നടത്തിയതോടെ രണ്ട് യമന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
അതേസമയം, കഴിഞ്ഞ 48 മണിക്കൂറിനിടെ തായിസ്, ഹുദൈദ, സാദ മേഖലകളില്‍ ഹൂതികളും യമന്‍ സര്‍ക്കാര്‍ സേനയും തമ്മില്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ശക്തമായിട്ടുണ്ട്. ചൊവ്വാഴ്ച ഹൂതി ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് യമന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഹുദൈദ പ്രവിശ്യയിലെ അല്‍-ഖോഖ ജില്ലയിലെ ജനവാസ മേഖലകളില്‍ ഹൂതികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 13 വയസ്സുള്ള കുട്ടിയടക്കം നാല് സാധാരണക്കാരും കൊല്ലപ്പെട്ടു.
തായിസില്‍ നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് മഖ്ബാന ജില്ലയിലെ ഗ്രാമത്തിലെ വീടിന് മുകളില്‍ പതിച്ച് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ സംഭവത്തില്‍ ആളപായമില്ല. മറുപടിയായി ഹൂതികളുടെ സൈനിക കേന്ദ്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ തിരിച്ചടി നല്‍കിയതായി യമന്‍ സൈന്യം അറിയിച്ചു.
ഓഗസ്റ്റ് ആദ്യം യമന്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2022 ഏപ്രിലില്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തലിന് ശേഷം മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ സംഘര്‍ഷാവസ്ഥയാണിത്.
Related News