തബൂക്ക്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ ചെങ്കടല്‍ തീരത്തെ പ്രധാന വെല്‍നസ് ടൂറിസം കേന്ദ്രമായ 'അമാല'യില്‍ മൂന്നാമത്തെ ലക്ഷ്വറി റിസോര്‍ട്ടായ 'റോസ്വുഡ് അമാല' പ്രവര്‍ത്തനമാരംഭിച്ചു. അമാലയിലെ 'ട്രിപ്പിള്‍ ബേ'യിലാണ് 110 മുറികളുള്ള ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ച ഫോര്‍ സീസണ്‍സ് റിസോര്‍ട്ട്, സിക്‌സ് സെന്‍സസ് അമാല എന്നിവയ്ക്ക് ശേഷമാണ് റോസ്വുഡ് അമാലയും സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്.
ആഡംബര, വെല്‍നസ്, പുനരുജ്ജീവന ടൂറിസത്തിന്റെ ആഗോള കേന്ദ്രമാക്കി അമാലയെ മാറ്റാനുള്ള റെഡ് സീ ഗ്ലോബലിന്റെ ഘട്ടം ഘട്ടമായുള്ള വികസനത്തിലെ നിര്‍ണായക നാഴികക്കല്ലാണിത്. വ്യക്തിഗതമാക്കിയ വെല്‍നസ് അനുഭവങ്ങളും അത്യാധുനിക ആഡംബര സേവനങ്ങളും സമന്വയിപ്പിക്കുന്ന റോസ്വുഡ് അമാല, ലോകോത്തര വെല്‍നസ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ അമാലയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് റെഡ് സീ ഗ്ലോബല്‍ ഗ്രൂപ്പ് സി.ഇ.ഒ ജോണ്‍ പഗാനോ പറഞ്ഞു.
അന്റോണിയോ സിറ്റേരിയോ പട്രീഷ്യ വീല്‍ രൂപകല്‍പ്പന ചെയ്ത ഈ റിസോര്‍ട്ട് 40 ഹെക്ടറിലധികം പ്രദേശത്താണ് പന്തലിച്ചുകിടക്കുന്നത്. ചെങ്കടലിന്റെ പ്രകൃതിദത്തമായ തീരത്തിനും തബൂക്കിലെ പര്‍വതനിരകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. പവലിയനുകള്‍, സ്യൂട്ടുകള്‍, വില്ലകള്‍, സ്വകാര്യ പൂളുകള്‍, രണ്ട് സ്വാഭാവിക റോക്ക് പൂളുകള്‍ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
2,100 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സ്പാ, ആറ് ട്രീറ്റ്മെന്റ് റൂമുകള്‍, ഡബിള്‍ സ്യൂട്ട്, സാള്‍ട്ട് ആന്‍ഡ് സ്റ്റീം ഫെസിലിറ്റികള്‍, യോഗ സ്റ്റുഡിയോകള്‍, മോഡേണ്‍ ഫിറ്റ്‌നസ് സെന്ററുകള്‍ എന്നിവയുമുണ്ട്. മെഡിറ്ററേനിയന്‍, ഗ്രില്‍ വിഭവങ്ങള്‍ ലഭ്യമാകുന്ന 8 റെസ്റ്റോറന്റുകള്‍, റോസ്വുഡ് എക്‌സ്പ്ലോറേഴ്സ് ചില്‍ഡ്രന്‍സ് ക്ലബ്, മറ്റ് കുടുംബ വിനോദ സൗകര്യങ്ങള്‍ എന്നിവയും ലഭ്യമാണ്. ട്രിസ്റ്റന്‍ ഓവര്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത 3 മുതല്‍ 5 വരെ ബെഡ്റൂമുകളുള്ള 26 ബ്രാന്‍ഡഡ് വില്ലകള്‍ അടങ്ങിയ 'റോസ്വുഡ് റെസിഡന്‍സസ് അമാല' ഇതിനോട് ചേര്‍ന്നുണ്ട്.
അമാല വികസന പദ്ധതിയുടെ ഭാഗമായി റോസ്വുഡ് അമാലയും പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2040-ഓടെ ഈ മേഖലയില്‍ 30 ശതമാനം നെറ്റ് കണ്‍സര്‍വേഷന്‍ നേട്ടം കൈവരിക്കാനും റെഡ് സീ ഗ്ലോബല്‍ ലക്ഷ്യമിടുന്നു.
സൗദി അറേബ്യയുടെ 'വിഷന്‍ 2030' പദ്ധതിയുടെ ഭാഗമായി ഉന്നതനിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മാസങ്ങളില്‍ അഞ്ച് റിസോര്‍ട്ടുകള്‍ കൂടി അമാലയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ട്രിപ്പിള്‍ ബേയില്‍ ഒമ്പത് റിസോര്‍ട്ടുകളിലായി 1,600-ലധികം ഹോട്ടല്‍ മുറികള്‍, യാച്ച് ക്ലബ്ബ്, 'കോറലിയം' മറൈന്‍ ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, ലക്ഷ്വറി റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവ ഭാവിയില്‍ സജ്ജമാകും.
Related News