l o a d i n g

കായികം

ആകാശനീല ജഴ്സിയിലേക്ക് ലൂയിസ് സുവാരസ് മടങ്ങിയെത്തുന്നു

മുനീര്‍ വാളക്കുട

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 26, 2026

ലാറ്റിനമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ലൂയിസ് സുവാരസ്. 2007 ഫെബ്രുവരിയില്‍ കൊളംബിയക്കെതിരായ സൗഹൃദ മത്സരത്തിലൂടെയാണ് സുവാരസ് തന്റെ അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിച്ചത്. 17 വര്‍ഷം നീണ്ട ഉജ്ജ്വലമായ ആ കരിയറില്‍ രാജ്യത്തിനായി 143 മത്സരങ്ങളില്‍ നിന്ന് 69 ഗോളുകള്‍ താരം നേടി. ഉറുഗ്വേയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും സുവാരസാണ്.

2011-ലെ കോപ്പ അമേരിക്കയില്‍ ഉറുഗ്വേ ജേതാക്കളായപ്പോള്‍, നാല് ഗോളുകള്‍ നേടിയ സുവാരസ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നാല് ലോകകപ്പുകളില്‍ രാജ്യത്തിന്റെ ജഴ്സിയണിഞ്ഞ അദ്ദേഹം, 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഉറുഗ്വേയെ സെമിഫൈനല്‍ വരെ എത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2024 സെപ്റ്റംബറില്‍ മോണ്ടെവിഡിയോയിലെ സെന്റിനാരിയോ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പരാഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരമായിരുന്നു ലൂയിസ് സുവാരസിന്റെ അവസാന അന്താരാഷ്ട്ര മത്സരം.

2026 ലോകകപ്പില്‍ മാര്‍സെലോ ബിയല്‍സ പരിശീലിപ്പിച്ച ഉറുഗ്വേയുടെ പ്രകടനം അതിദയനീയമായിരുന്നു. സൗദി അറേബ്യയോടും കേപ് വേര്‍ഡെയോടും സമനിലയില്‍ കുരുങ്ങുകയും സ്‌പെയിനിനോട് പരാജയപ്പെടുകയും ചെയ്തതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അവര്‍ പുറത്തായി. ഇതോടെ ബിയല്‍സയുടെ പരിശീലകസ്ഥാനം തെറിക്കുകയും, പകരക്കാരനായി ഉറുഗ്വേയുടെ മുന്‍ താരവും സുവാരസിനൊപ്പം രാജ്യത്തിന്റെ മുന്നേറ്റനിരയില്‍ ദീര്‍ഘകാലം കളിക്കുകയും ചെയ്ത ഡീഗോ ഫോര്‍ലാന്‍ പരിശീലകസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ഡീഗോ ഫോര്‍ലാന്‍ തന്റെ സുഹൃത്ത് കൂടിയായ 39-കാരന്‍ ലൂയിസ് സുവാരസിനായി ദേശീയ ടീമിന്റെ വാതിലുകള്‍ വീണ്ടും തുറന്നുകൊടുത്തിരിക്കുകയാണ്. ഒരു പതിറ്റാണ്ടോളം ഡീഗോ ഫോര്‍ലാനും എഡിന്‍സണ്‍ കവാനിയും ലൂയിസ് സുവാരസുമടങ്ങിയ ഉറുഗ്വേയുടെ മുന്നേറ്റനിര ഏതൊരു ടീമിനും കടുത്ത വെല്ലുവിളിയായിരുന്നു. ആ കൂട്ടുകെട്ടിലെ അവസാന കണ്ണിയായ സുവാരസും പടിയിറങ്ങിയതോടെ 'ലാ സെലെസ്റ്റെ'കള്‍ക്ക് ലക്ഷണമൊത്തൊരു സ്‌ട്രൈക്കറെ കണ്ടെത്താനായിട്ടില്ല. ഡാര്‍വിന്‍ ന്യൂനസ്, ഫെഡറികോ വിനാസ്, ഫഗുണ്ടോ പെല്ലിസ്ട്രി തുടങ്ങിയ സ്‌ട്രൈക്കര്‍മാര്‍ ഉണ്ടെങ്കിലും ഫോര്‍ലാന്‍ - കവാനി - സുവാരസ് ത്രയത്തിന്റെ നിഴലില്‍ പോലും എത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

പുതിയ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം ഡീഗോ ഫോര്‍ലാന്റെ ആദ്യ ദൗത്യം സെപ്റ്റംബര്‍ അവസാനവാരം ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ ടീമുകള്‍ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങളാണ്. ഈ രണ്ട് മത്സരങ്ങളിലും പരിശീലകനെ അലട്ടുന്ന പ്രധാന പ്രശ്‌നം മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവമാണ്. അതിനൊരു താല്‍ക്കാലിക പരിഹാരം എന്ന നിലയിലാണ് ഫോര്‍ലാന്‍ സുവാരസിനെ ദേശീയ ടീമിലേക്ക് വീണ്ടും ക്ഷണിച്ചിരിക്കുന്നത്.

യൂറോപ്പില്‍ അജാക്‌സ്, ലിവര്‍പൂള്‍, ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ വന്‍കിട ക്ലബ്ബുകള്‍ക്കായി കളിച്ച് മികവ് തെളിയിച്ച സുവാരസ് നിലവില്‍ ലയണല്‍ മെസ്സിക്കൊപ്പം അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. ക്ലബ്ബിനുവേണ്ടി 39-ാം വയസ്സിലും മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഈ പ്രായത്തിലും ഗോളടിച്ചുകൂട്ടുന്ന സുവാരസിന് ദേശീയ ടീമിലേക്ക് എന്തുകൊണ്ട് മടങ്ങിവന്നുകൂടാ എന്നാണ് ഫോര്‍ലാന്‍ ചിന്തിക്കുന്നത്. ഏതായാലും ലൂയിസ് സുവാരസിന്റെ മടങ്ങിവരവ് ഉറുഗ്വേയ്ക്ക് വലിയ കരുത്താകുമെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ വിലയിരുത്തല്‍.
- മുനീര്‍ വാളക്കുട

Latest News

88 നോബോളുകള്‍, എന്തുപറ്റി ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ക്ക്
88 നോബോളുകള്‍, എന്തുപറ്റി ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ക്ക്
August 27, 2026
മുജ്തബ ഖാംനഈ  മരിച്ചിട്ടില്ലെന്ന്് ട്രംപ്
മുജ്തബ ഖാംനഈ മരിച്ചിട്ടില്ലെന്ന്് ട്രംപ്
August 27, 2026
നേപ്പാള്‍ പ്രളയം; അടിയന്തിര സഹായത്തിന് നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
നേപ്പാള്‍ പ്രളയം; അടിയന്തിര സഹായത്തിന് നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
August 27, 2026
നേപ്പാള്‍ മിന്നല്‍ പ്രളയം, നൂറിലേറെ ഇന്ത്യന്‍ ടൂറിസ്റ്റുകളെ കാണാതായി
നേപ്പാള്‍ മിന്നല്‍ പ്രളയം, നൂറിലേറെ ഇന്ത്യന്‍ ടൂറിസ്റ്റുകളെ കാണാതായി
August 27, 2026
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.എച്ച്. കുര്യന്‍ അന്തരിച്ചു: സംസ്‌കാരം ശനിയാഴ്ച
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.എച്ച്. കുര്യന്‍ അന്തരിച്ചു: സംസ്‌കാരം ശനിയാഴ്ച
August 26, 2026
എ.ഐയില്‍ 'കിസ്-ഹഗ്' ആപ്പുകള്‍:  ആശങ്ക ഉയര്‍ത്തി റിപ്പോര്‍ട്ട്
എ.ഐയില്‍ 'കിസ്-ഹഗ്' ആപ്പുകള്‍: ആശങ്ക ഉയര്‍ത്തി റിപ്പോര്‍ട്ട്
August 26, 2026
ആകാശനീല ജഴ്സിയിലേക്ക് ലൂയിസ് സുവാരസ് മടങ്ങിയെത്തുന്നു
ആകാശനീല ജഴ്സിയിലേക്ക് ലൂയിസ് സുവാരസ് മടങ്ങിയെത്തുന്നു
August 26, 2026
കെപിഎസ് സോക്കര്‍: റോയല്‍ എഫ്‌സി ജേതാക്കള്‍
കെപിഎസ് സോക്കര്‍: റോയല്‍ എഫ്‌സി ജേതാക്കള്‍
August 26, 2026
വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
August 26, 2026
സൗദി അറേബ്യയില്‍ കനത്ത മഴ മുന്നറിയിപ്പ്: വിവിധ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്
സൗദി അറേബ്യയില്‍ കനത്ത മഴ മുന്നറിയിപ്പ്: വിവിധ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്
August 26, 2026