തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ പി.എച്ച്. കുര്യന്‍ (67) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകിട്ട് അഞ്ചരയോടെയാണ് അന്തരിച്ചത്. വെള്ളിയാഴ്ച രാവിലെ ഭൗതികദേഹം തിരുവനന്തപുരം മുട്ടടയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് വൈകിട്ടോടെ ജന്മനാടായ സൗത്ത് പാമ്പാടിയിലെ പുല്ലൂക്കോട്ടയില്‍ വീട്ടിലേക്ക് കൊണ്ടുപേകും. ശനിയാഴ്ച രാവിലെ 11 മണിക്ക് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
1959 ജനുവരി 20-ന് കോട്ടയത്തെ സാധാരണ കര്‍ഷക കുടുംബത്തിലാണ് ജനനം. കേരള സര്‍വകലാശാലയില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണം നടത്തുമ്പോഴാണ് ഐ.എ.എസ് ലഭിക്കുന്നത്. 1986 ബാച്ചില്‍ ഒഡീഷ കേഡറിലായിരുന്നു ആദ്യ നിയമനം. 1993-ല്‍ കേരള കേഡറിലേക്ക് മാറി.
പാലക്കാട്, പാലാ എന്നിവിടങ്ങളില്‍ സബ് കളക്ടറായും കോട്ടയം, ഇടുക്കി ജില്ലകളില്‍ കളക്ടറായും സേവനമനുഷ്ഠിച്ചു. റവന്യൂ, വ്യവസായം, ഐ.ടി, മരാമത്ത്, തുറമുഖം തുടങ്ങി ഒട്ടേറെ സുപ്രധാന വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അഡീഷണല്‍ ചീഫ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എസ്.ഐ.ഡി.സി എം.ഡി, സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ലേബര്‍ കമ്മീഷണര്‍, യൂനിസെഫ് അണ്ടര്‍ സെക്രട്ടറി തുടങ്ങി നിരവധി പദവികള്‍ അലങ്കരിച്ചു.
മുംബൈയില്‍ കണ്‍ട്രോളര്‍ ഓഫ് പേറ്റന്റ് ആയിരിക്കെ, ഇന്ത്യന്‍ പേറ്റന്റ്‌സ് ആക്ടിലെ പ്രത്യേക വ്യവസ്ഥകള്‍ ഉപയോഗിച്ച് വിദേശ കമ്പനികളുടെ പേറ്റന്റ് കുത്തക തകര്‍ത്തു. ലക്ഷങ്ങള്‍ വിലയുണ്ടായിരുന്ന ജീവന്‍രക്ഷാ കാന്‍സര്‍ മരുന്നുകള്‍ ഇന്ത്യയില്‍ 10,000 രൂപയില്‍ താഴെ വിലയ്ക്ക് ലഭ്യമാക്കാന്‍ ഇന്ത്യാക്കാരായ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് അനുമതി നല്‍കിയ വിപ്ലവകരമായ തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു.
കേരളത്തിന്റെ ഐ.ടി മേഖലയുടെ കുതിച്ചുചാട്ടത്തിന് അടിത്തറയിട്ടത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ്. 'ഇ-ഡിസ്ട്രിക്ട്' പദ്ധതിയുടെ വിജയം, 'അക്ഷയ' കേന്ദ്രങ്ങളുടെ വിപുലീകരണം, മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ഇ-മെയില്‍ വഴി ഡിജിറ്റലാക്കിയത് എന്നിവ പ്രധാന ഭരണനേട്ടങ്ങളാണ്.
ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എന്നിവയുടെ വിപുലീകരണത്തിനും തടസ്സങ്ങളില്‍ കുടുങ്ങിക്കിടന്ന കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി വേഗത്തിലാക്കാനും ആഗോള ഐ.ടി കമ്പനികളെ കേരളത്തിലേക്ക് ആക്ര്‍ഷിക്കാനും നേതൃത്വം നല്‍കി.
ഏതൊരു വിഷയത്തിലും ശരിയെന്ന് തോന്നുന്നത് ആരോടും വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജ്ജവവും സത്യസന്ധതയും ജനകീയ നിലപാടുകളും അദ്ദേഹത്തെ ഭരണരംഗത്തെ വ്യത്യസ്തനായ ഒരു ഉദ്യോഗസ്ഥനാക്കി മാറ്റി.
Related News