കാട്മണ്ഠു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലെ റസുവ ജില്ലയില്‍ ഉണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ നൂറിലേറെ ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായതായി റിപ്പോര്‍ട്ട്. നേപ്പാള്‍ ടൂറിസം ബോര്‍ഡ് പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം ആകെ 384 പേരെയാണ് ആദ്യം കാണാതായത്. ഇതില്‍ 291 പേര്‍ വിദേശികളാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചതോടെ കാണാതായവരുടെ എണ്ണം 403 ആയി ഉയര്‍ന്നതായും, അതില്‍ 341 പേര്‍ വിദേശ പൗരന്മാരാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കാരാണ് ഇതില്‍ വലിയ വിഭാഗം. ഇതുവരെ 150 ലേറെ പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് നേപ്പാള്‍ അധികൃതരുടെ മുന്നറിയിപ്പ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമം ശക്തമാക്കിയിട്ടുണ്ട്.
കാണാതായ ഇന്ത്യക്കാരില്‍ ചുരുങ്ങിയത് 77 പേര്‍ കൈലാസ മാനസ സരോവറിലേക്കുള്ള ഇന്ത്യന്‍ തീര്‍ഥാടകരാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള 37 തീര്‍ഥാടകരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ വിനോദസഞ്ചാരികളും നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരും അപകടത്തില്‍ പെട്ടിട്ടുണ്ട്. ഭോട്ടെകോശി നദീതടത്തിലും റസുവ മേഖലയിലുമുള്ള നിരവധി വീടുകള്‍, റോഡുകള്‍, പാലങ്ങള്‍, വാഹനങ്ങള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നതായി വ്യോമദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. മഴയില്ലാതെയാണ് മിന്നല്‍പ്രളയം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. മഞ്ഞുമലകള്‍ തകര്‍ന്നതും തുടര്‍ന്നുണ്ടായ അവശിഷ്ട പ്രവാഹവുമാണ് മിന്നല്‍പ്രളയത്തിന്റെ കാരണമെന്നാണ് യു.എസ് ജിയോളജിക്കല്‍ സര്‍വെ അഭിപ്രായപ്പെടുന്നത്.
സംഭവത്തില്‍ രാജ്യം മുഴുവന്‍ ഞെട്ടലിലാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷാ പ്രതികരിച്ചു. പ്രളയത്തില്‍ കുടുംബാംഗങ്ങളെ കണ്ണുമുന്നില്‍ ഒഴുക്കിക്കൊണ്ടുപോയതായി ചില രക്ഷപ്പെട്ടവര്‍ വേദനയോടെ വെളിപ്പെടുത്തി.
ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഏകദേശം എട്ട് ടണ്‍ അടിയന്തര സഹായസാമഗ്രികള്‍ എത്തിച്ചിട്ടുണ്ട്. ഇന്ത്യ, അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസത്തിനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രളയത്തിന് ഭൂചലനമാണ് കാരണമെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും, അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ പുതിയ വിലയിരുത്തല്‍ പ്രകാരം ഭൂചലനമല്ല, ഹിമാനിയുടെ ഭാഗിക തകര്‍ച്ചയും അതിനെത്തുടര്‍ന്നുണ്ടായ അവശിഷ്ടപ്രവാഹവുമാണ് ദുരന്തത്തിന് കാരണമായതെന്നാണ് സൂചന. സംഭവത്തിന്റെ യഥാര്‍ഥ കാരണം സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
Related News