മുംബൈ: നാല് പതിറ്റാണ്ടിലേറെ നീണ്ട ജാവേദ് അക്തറുമായുള്ള വിവാഹബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശബാന ആസ്മി. തങ്ങളുടെ ദാമ്പത്യജീവിതം പലപ്പോഴും പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങളും വലിയ വഴക്കുകളും ഉണ്ടായിട്ടുണ്ടെന്നും ശബാന പറഞ്ഞു. എന്നാല്‍ ശക്തമായ സൗഹൃദമാണ് ബന്ധത്തെ നിലനിര്‍ത്തുന്നതെന്നും ശബാന പറഞ്ഞു.
ഇരുവരുടെയും കുടുംബപശ്ചാത്തലവും ലോകവീക്ഷണവും ആശയങ്ങളും സമാനമാണെന്നും അതാണ് ബന്ധത്തില്‍ പ്രധാനമെന്നും അവര്‍ പറഞ്ഞു. ജാവേദിന്റെ ബുദ്ധിശക്തിയോടും ആളുകളുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്താനുള്ള കഴിവിനോടുമാണ് തനിക്ക് പ്രത്യേക ആകര്‍ഷണമുണ്ടായിരുന്നതെന്നും ശബാന വ്യക്തമാക്കി.
1984ലാണ് ശബാന ആസ്മിയും ജാവേദ് അക്തറും വിവാഹിതരായത്. അതിനുമുമ്പ് ജാവേദ് തിരക്കഥാകൃത്ത് ഹണി ഇറാനിയുമായി വിവാഹിതനായിരുന്നു. ആ ബന്ധത്തില്‍ നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറും സംവിധായിക സോയ അക്തറും മക്കളാണ്.
താന്‍ ഒരിക്കലും 'റൊമാന്റിക്' ആയിരുന്നില്ലെന്നും വിവാഹത്തില്‍ പ്രണയത്തേക്കാള്‍ സൗഹൃദത്തിനാണ് താന്‍ വലിയ വില നല്‍കുന്നതെന്നും ശബാന പറഞ്ഞു. മാതാപിതാക്കളുടെ വിവാഹജീവിതത്തില്‍ പ്രണയം പിന്നീട് സൗഹൃദമായി മാറുന്നത് കണ്ടതാണ് തന്റെ കാഴ്ചപ്പാടിനെ സ്വാധീനിച്ചതെന്നും അവര്‍ പറഞ്ഞു.
കാലം കടന്നപ്പോള്‍ തങ്ങളുടേത് പ്രണയബന്ധത്തില്‍ നിന്ന് ശക്തമായ സൗഹൃദത്തിലേക്ക് വളര്‍ന്ന ബന്ധമാണെന്നും, വ്യത്യസ്ത സാഹചര്യങ്ങളിലും ഒരുമിച്ച് മുന്നോട്ടുപോകാന്‍ പരസ്പര ബഹുമാനവും സമാനമായ മൂല്യങ്ങളും സഹായിക്കുന്നുവെന്നും ശബാന വ്യക്തമാക്കി.
Related News