ജദ്ദ: സൗദി അറേബ്യയുടെ വിമാനക്കമ്പനിയായ 'റിയാദ് എയര്‍' പരിശീലനം പൂര്‍ത്തിയാക്കിയ സൗദി വനിതാ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍മാരുടെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. സാങ്കേതിക മേഖലയില്‍ സ്വദേശി പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
റിയാദ് എയര്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിരുദധാരികളുടെ കുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 'എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിംഗ് ഡിപ്ലോമ' പ്രോഗ്രാം പൂര്‍ത്തിയാക്കിയ 26 വനിതകളാണ് ബിരുദം ഏറ്റുവാങ്ങിയത്. 'കോളേജസ് ഓഫ് എക്‌സലന്‍സ്', 'ഇന്റര്‍നാഷണല്‍ ടെക്‌നിക്കല്‍ കോളേജ്' എന്നിവയുമായി സഹകരിച്ച് റിയാദ് എയറാണ് ഈ പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. അന്താരാഷ്ട്ര നിലവാരത്തില്‍ വിമാന പരിപാലന രംഗത്ത് പ്രവര്‍ത്തിക്കാന്‍ സൗദി വനിതകളെ സജ്ജരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്ത് വിമാന പരിപാലന രംഗത്ത് അത്യാധുനികമായ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും സൗദിയുടെ വ്യോമയാന മേഖലയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന വിപുലമായ സാങ്കേതിക പരിശീലനമാണ് ബിരുദധാരികള്‍ പൂര്‍ത്തിയാക്കിയതെന്ന് റിയാദ് എയറിലെ ടാലന്റ് അക്വിസിഷന്‍ ആന്‍ഡ് ബിസിനസ് പാര്‍ട്‌ണേഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് നഹാര്‍ അല്‍-ജുഹാനി പറഞ്ഞു. സൗദിയെ ആഗോള വ്യോമയാന ഹബ്ബാക്കി മാറ്റാനുള്ള 'സൗദി വിഷന്‍ 2030' ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് റിയാദ് എയര്‍ ഈ നിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വദേശി പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി റിയാദ് എയര്‍ ആരംഭിച്ച നിരവധി പദ്ധതികളുടെ ഭാഗമാണ് ഈ ഡിപ്ലോമ. 'നവ' ഗ്രാജുവേറ്റ് ഡെവലപ്മെന്റ് പ്രോഗ്രാം, കോ-പൈലറ്റ് ട്രെയിനിംഗ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്നിവയിലെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു.
നേരത്തെ 2024-ല്‍, 32 സൗദി പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ക്യാബിന്‍ ക്രൂ പരിശീലന പ്രോഗ്രാമിന്റെ ആദ്യ ബാച്ചും റിയാദ് എയര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി തൊഴില്‍ രംഗത്ത് വനിതാ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ മുന്നോടിയായി 2019-ല്‍ ആദ്യമായി സൗദി വനിതാ ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകളുടെ ബാച്ച് പുറത്തിറക്കിയത് 'ഫ്‌ലൈനാസ്' ആയിരുന്നു.
Related News