ഹഫര്‍ അല്‍ ബാത്തിന്: സൗദി അറേബ്യയില്‍ വര്‍ഷങ്ങളായി മരുഭൂമിയില്‍ ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്ന രാജസ്ഥാന് സ്വദേശി മഹേന്ദ്ര സിംഗ് (48) കുതിരയുടെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചു. ഒക്ടോബര്‍ 16-ന് ഹഫര്‍ അല്‍ ബാത്തിനില്‍ നിന്ന് നൂറിലധികം കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയിലായിരുന്നു അപകടം.
ജോലിയുടെ ഭാഗമായി കുതിരപ്പുറത്ത് സഞ്ചരിക്കുന്നതിനിടെ കുതിരയുടെ ആക്രമണത്തില്‍ താഴെ വീണാണ് മഹേന്ദ്ര സിംഗ് മരിച്ചത്. വിവരമറിഞ്ഞ് പോലീസും ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കി. പോലീസ് റിപ്പോര്‍ട്ടിന്റെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ മരണത്തില്‍ മറ്റ് അസ്വാഭാവികതകളോ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലെന്ന് സ്ഥിരീകരിച്ചു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമനടപടികള്‍ ഒരു മാസത്തോളം നീണ്ടുനിന്നു. ഒ.ഐ.സി.സി ഹഫര്‍ അല്‍ ബാത്തിന് പ്രസിഡന്റ് വിബിന് മറ്റത്ത് ബന്ധപ്പെട്ട സൗദി അധികൃതരുമായും ഇന്ത്യന്‍ എംബസിയുമായും ഏകോപനം നടത്തി നിയമനടപടികള്‍ പൂര്‍ത്തിയാക്കി.
മരിച്ച് 28 ദിവസത്തിനുശേഷം നവംബര്‍ 13-ന് ജിദ്ദ വിമാനത്താവളം വഴി ഡല്‍ഹിയിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലുള്ള സ്വദേശത്തേക്ക് കൊണ്ടുപോയി ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ സംസ്കരിച്ചു. ഭാര്യ: മുന്നി ദേവി. മക്കള്‍: പവന് കുമാര്‍, നവീന്‍ കുമാര്‍, ഖുഷി.
Related News