ഫുജൈറ: യുഎഇയിലെ ഫുജൈറ എമിറേറ്റിനെ കണ്ണീരിലാഴ്ത്തിയ വൻ വാഹനാപകടത്തിൽപ്പെട്ടത് 23 വാഹനങ്ങൾ. പ്രധാന പാതയിലുണ്ടായ കൂട്ടയിടിയെയും തുടർന്നുണ്ടായ വൻ തീപിടുത്തത്തെയും തുടർന്ന് 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ട്രക്ക് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് ദുരന്തമുണ്ടായത്.
അപകടസ്ഥലം മുതൽ ആശുപത്രികളും ഇരകളുടെ കുടുംബങ്ങളും വരെ ഈ ദുരന്തത്തിന്റെ ആഘാതത്തിലാണ്.
കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് ഫുജൈറ എമിറേറ്റിന്റെ പ്രവേശന കവാടത്തിലുള്ള ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിലാണ് അപകടമുണ്ടായതെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി.
18 കാറുകളും 5 ട്രക്കുകളും അപകടത്തിൽപ്പെട്ടു. വിവരമറിഞ്ഞയുടൻ പോലീസ്, ആംബുലൻസ്, രക്ഷാപ്രവർത്തകർ, സിവിൽ ഡിഫൻസ് സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രക്കിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമായതാണ് അപകടത്തിന് തുടക്കമിട്ടതെന്ന് ഫുജൈറ പോലീസ് അറിയിച്ചു. ആദ്യം മറ്റൊരു വാഹനത്തിലിടിച്ച ട്രക്ക് പിന്നീട് മറിയുകയും, ഗതാഗതക്കുരുക്ക് കാരണം നിർത്തിയിട്ടിരുന്നതും സാവധാനം നീങ്ങിക്കൊണ്ടിരുന്നതുമായ നിരവധി കാറുകളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
Related News