l o a d i n g

ഗൾഫ്

വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

Thumbnail

വെസ്റ്റ് ബാങ്കിലെ ഖുസ്ര ഗ്രാമത്തില്‍ ആക്രമണം നടത്തിയ ഇസ്രായേലി കുടിയേറ്റക്കാരെ പിരിച്ചുവിടാന്‍ ഇസ്രായേല്‍ സുരക്ഷാ സേനാംഗങ്ങള്‍ ശ്രമിക്കുന്നു.

Publisher By     Staff Reporter
November 13, 2026

ജെനിന്‍: അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന് പടിഞ്ഞാറുള്ള യാബാദ് പട്ടണത്തില്‍ ഒലിവ് വിളവെടുപ്പിലേര്‍പ്പെട്ടിരുന്ന പലസ്തീന്‍ കുടുംബങ്ങള്‍ക്ക് നേരെ ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കര്‍ഷകരെ മര്‍ദ്ദിക്കുകയും വിളവെടുത്ത ഒലിവുകളും കാര്‍ഷിക ഉപകരണങ്ങളും കൊള്ളയടിക്കുകയും ചെയ്തതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.

യാബാദിന് പടിഞ്ഞാറുള്ള ഖിര്‍ബെത് സ്രൂജിന് സമീപം സ്വന്തം ഭൂമിയില്‍ ജോലി ചെയ്യുകയായിരുന്ന വഫീഖ്, മുവഫഖ് ഹൗഷിയ എന്നീ സഹോദരങ്ങളുടെ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അടുത്ത മാസങ്ങളില്‍ പലസ്തീന്‍ നിവാസികളെ ബലമായി കുടിയിറക്കിയ ശേഷം കുടിയേറ്റക്കാര്‍ ഖിര്‍ബെത് സ്രൂജില്‍ അനധികൃത കുടിയേറ്റ കേന്ദ്രം (ഔട്ട്പോസ്റ്റ്) സ്ഥാപിച്ചിരുന്നു. കര്‍ഷകരെ അവരുടെ ഭൂമിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഒലിവ് വിളവെടുക്കുന്നതില്‍ നിന്നും തടയുന്നതിനായി പ്രദേശത്ത് തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വെസ്റ്റ് ബാങ്കിലുടനീളമുള്ള കുടിയേറ്റ കേന്ദ്രങ്ങളിലായി അഞ്ച് ലക്ഷത്തിലധികം ഇസ്രായേലികളാണ് താമസിക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം ഇവയെല്ലാം നിയമവിരുദ്ധമാണ്. ഇതില്‍ 'ഔട്ട്പോസ്റ്റുകള്‍' എന്നറിയപ്പെടുന്ന ചില കേന്ദ്രങ്ങള്‍ ഇസ്രായേല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ചവയാണ്.

അതാര ഗ്രാമത്തിലും ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്

അനധികൃത ഔട്ട്പോസ്റ്റുകള്‍ സൈന്യം പൊളിച്ചുമാറ്റിയതിന് പിന്നാലെ വ്യാഴാഴ്ച അതാര എന്ന പലസ്തീന്‍ ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി മനുഷ്യാവകാശ സംഘടന അറിയിച്ചു. സൈന്യം പ്രദേശത്തുനിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ വടികളും കണ്ണീര്‍വാതകവും കല്ലുകളുമായി എത്തിയ ഡസന്‍ കണക്കിന് കുടിയേറ്റക്കാര്‍ ഗ്രാമം ആക്രമിക്കുകയായിരുന്നുവെന്ന് ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ 'യേഷ് ദിന്‍' പ്രസ്താവനയില്‍ പറഞ്ഞു.

പരിക്കേറ്റ അഞ്ച് ഗ്രാമവാസികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടായ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ 67 വയസ്സുള്ള ഒരാളും ഉള്‍പ്പെടുന്നതായി പലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു.

അതാരയ്ക്ക് സമീപമുള്ളതടക്കം രണ്ട് അനധികൃത ഔട്ട്പോസ്റ്റുകളിലെ ടെന്റുകളും വാഹനങ്ങളും താല്‍ക്കാലിക നിര്‍മ്മിതികളും നീക്കം ചെയ്തതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഒഴിപ്പിക്കല്‍ നടപടിക്കിടെ കെട്ടിടങ്ങള്‍ക്കുള്ളില്‍ നിലയുറപ്പിച്ച ഇസ്രായേലി കലാപകാരികളെ പിരിച്ചുവിട്ടതായും സൈന്യം അറിയിച്ചു.

എന്നാല്‍, സൈന്യം എത്തിയതിന് തൊട്ടുപിന്നാലെ കുടിയേറ്റക്കാര്‍ പലസ്തീന്‍ വീടുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി അതാര നിവാസിയും പ്രാദേശിക മാധ്യമപ്രവര്‍ത്തകനുമായ അബ്ദുല്‍ഹാദി അതാരി പറഞ്ഞു. ഒഴിപ്പിക്കല്‍ നടപടിക്ക് മുന്നോടിയായി സൈന്യം ഗ്രാമത്തിലേക്കുള്ള വിവിധ വഴികള്‍ അടച്ചത് കുടിയേറ്റക്കാര്‍ക്ക് ഗ്രാമത്തിനുള്ളില്‍ സ്വതന്ത്രമായി അക്രമം അഴിച്ചുവിടാന്‍ സഹായകമായെന്നും അദ്ദേഹം ആരോപിച്ചു. കുടിയേറ്റക്കാര്‍ വീടുകളുടെ വാതിലുകള്‍ തകര്‍ക്കുകയും ജനാലകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതോടെ കുട്ടികള്‍ ഭയചകിതരായെന്നും അതാരി കൂട്ടിച്ചേര്‍ത്തു.

2023 ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് ശേഷം വെസ്റ്റ് ബാങ്കില്‍ ഇതുവരെ 1,100-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതില്‍ ഭൂരിഭാഗവും ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റും ബാക്കിയുള്ളവര്‍ കുടിയേറ്റക്കാരുടെ ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്. കുടിയേറ്റക്കാരുടെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍, കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ സെപ്റ്റംബറില്‍ വ്യാപാര ഉപരോധം പ്രഖ്യാപിച്ചിരുന്നു.

Latest News

 മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
November 13, 2026
 വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
November 13, 2026
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 13, 2026
 യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
November 13, 2026
 അനുമതിയില്ലാതെ മത്സ്യബന്ധനം: ജിദ്ദയില്‍ പ്രവാസി പിടിയില്‍
അനുമതിയില്ലാതെ മത്സ്യബന്ധനം: ജിദ്ദയില്‍ പ്രവാസി പിടിയില്‍
November 13, 2026
തായിഫ് സംരംഭകത്വ ഉച്ചകോടി തിങ്കളാഴ്ച മുതല്‍; നിക്ഷേപ അവസരങ്ങള്‍ തുറക്കാന്‍ തായിഫ് ചേംബര്‍
തായിഫ് സംരംഭകത്വ ഉച്ചകോടി തിങ്കളാഴ്ച മുതല്‍; നിക്ഷേപ അവസരങ്ങള്‍ തുറക്കാന്‍ തായിഫ് ചേംബര്‍
November 13, 2026
നവീന്റെ മരണം: ആരോപണങ്ങള്‍ തള്ളി റിയാദ് വില്ല; നിയമനടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്റ്
നവീന്റെ മരണം: ആരോപണങ്ങള്‍ തള്ളി റിയാദ് വില്ല; നിയമനടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്റ്
November 13, 2026
 സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനായി നിയമിതരായ അധ്യാപക സംഘത്തിന് സ്വീകരണം
സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനായി നിയമിതരായ അധ്യാപക സംഘത്തിന് സ്വീകരണം
November 13, 2026
അലി ഷാ ഗീലാനിയുടെ കൊച്ചുമകള്‍ പി.ഡി.പിയിലേക്ക്
അലി ഷാ ഗീലാനിയുടെ കൊച്ചുമകള്‍ പി.ഡി.പിയിലേക്ക്
November 13, 2026
ഫുജൈറ വാഹനാപകടത്തിൽപ്പെട്ടത് 23 വാഹനങ്ങൾ; 14 മരണം, 30 പേർക്ക് പരിക്ക്
ഫുജൈറ വാഹനാപകടത്തിൽപ്പെട്ടത് 23 വാഹനങ്ങൾ; 14 മരണം, 30 പേർക്ക് പരിക്ക്
November 13, 2026