റിയാദ്: വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ അഴീക്കോട് സ്വദേശി നവീന്‍ കുന്നിരിക്കന്റെ മരണവുമായി ബന്ധപ്പെട്ട് കമ്പനിക്കും ചെയര്‍മാനുമെതിരെ കേരളത്തിലെ ഒരു യൂട്യൂബ് ചാനല്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് റിയാദ് വില്ല കമ്പനി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 2012 നവംബര്‍ 15-ന് അല്‍ഹസയിലെ ഉദൈലിയയിലുണ്ടായ അപകടത്തെ വളച്ചൊടിച്ച് സ്ഥാപനത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണെന്നും അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
2011 ഡിസംബര്‍ നാലിനാണ് നവീന്‍ സൗദിയിലെത്തിയത്. കമ്പനിയുമായുള്ള ധാരണപ്രകാരം അവധിയില്‍ നാട്ടില്‍ പോയി തിരിച്ചെത്തിയ അദ്ദേഹത്തിന് 2012 നവംബറിലുണ്ടായ വാഹനാപകടത്തിലാണ് ജീവന്‍ നഷ്ടപ്പെട്ടതെന്ന് അധികൃതര്‍ വിശദീകരിച്ചു. ഹുഫൂഫിലെ കിങ് ഫഹദ് ആശുപത്രി അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ മരണ സര്‍ട്ടിഫിക്കറ്റില്‍, അപകടത്തെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സൗദി നിയമപ്രകാരം അസ്വാഭാവിക മരണങ്ങളില്‍ ട്രാഫിക് പോലീസും പബ്ലിക് പ്രോസിക്യൂഷനും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താറുണ്ടെന്ന് കമ്പനി പ്രതിനിധികള്‍ വിശദീകരിച്ചു. അപകടസ്ഥലത്തെ ശാസ്ത്രീയ പരിശോധനകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും വിലയിരുത്തി മരണത്തില്‍ ദുരൂഹതയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും അവര്‍ വ്യക്തമാക്കി.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും കമ്പനി എല്ലാ സഹായങ്ങളും നല്‍കിയിരുന്നതായി മാനേജ്മെന്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറി. വാഹനത്തിന്റെ സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമായി ലഭിച്ച ഒരു ലക്ഷം റിയാലിന്റെ ചെക്ക് നിയമപരമായ നടപടികള്‍ക്കായി ഇന്ത്യന്‍ എംബസിക്ക് കൈമാറിയിരുന്നു. എന്നാല്‍ ചെക്കിലെ പേരിലുണ്ടായ സാങ്കേതിക പിശക് തുക കൈമാറുന്നതില്‍ കാലതാമസമുണ്ടാക്കിയെന്നും അധികൃതര്‍ പറഞ്ഞു.
പേര് തിരുത്തി ഇന്ത്യന്‍ അംബാസഡറുടെ പേരില്‍ പുതിയ ചെക്ക് അനുവദിക്കുന്നതിനായി താവുനിയ ഇന്‍ഷുറന്‍സ് കമ്പനിക്ക് ചെക്ക് തിരികെ നല്‍കിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി ഇത് സ്വീകരിച്ചതിന്റെ രസീതും അധികൃതര്‍ ഹാജരാക്കി. തുക അനന്തരാവകാശികള്‍ക്ക് കൈമാറുന്നതിനായി എംബസിയും നോര്‍ക്കയും ഇടപെട്ടിരുന്നതായും കമ്പനി പ്രതിനിധികള്‍ അറിയിച്ചു. കുടുംബത്തിന്റെ ഭാഗത്തുനിന്ന് സഹകരണം ലഭിക്കാതിരുന്ന ഘട്ടത്തിലും ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കി കൈമാറാന്‍ ശ്രമിച്ചിരുന്നതായി മാനേജ്മെന്റ് അവകാശപ്പെട്ടു. പതിമൂന്ന് വര്‍ഷത്തിനുശേഷം കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ ദുരുദ്ദേശ്യവും ഗൂഢാലോചനയും സംശയിക്കുന്നതായും അവര്‍ പറഞ്ഞു.
നവീന്റെ സൗദിയിലെ ഔദ്യോഗിക രേഖകളില്‍ വിവാഹിതനെന്നാണ് രേഖപ്പെടുത്തിയിരുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സഹോദരിയും മാതാപിതാക്കളും ഈ വിവാഹം അംഗീകരിച്ചിരുന്നില്ലെന്നും യുവതിയുമായി ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും അവര്‍ പറഞ്ഞു. അവധിക്കാലങ്ങളില്‍ നവീന്‍ സ്വന്തം വീട്ടിലായിരുന്നില്ല താമസിച്ചിരുന്നതെന്നും മരണശേഷം അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന യുവതിയും നഷ്ടപരിഹാരത്തിന് അവകാശവാദം ഉന്നയിച്ചിരുന്നതായും അധികൃതര്‍ വിശദീകരിച്ചു.
അനന്തരാവകാശ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി റവന്യൂ വകുപ്പിലെ തഹസില്‍ദാര്‍ കേരള സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യന്‍ എംബസിയിലും തുടര്‍ന്ന് റിയാദ് വില്ല കമ്പനിയിലും ഔദ്യോഗിക അന്വേഷണം നടന്നിരുന്നതായി മാനേജ്മെന്റ് അറിയിച്ചു. പേര് തിരുത്തുന്നതിനായി നല്‍കിയ ചെക്ക് ലഭിക്കാന്‍ വൈകിയതില്‍ ഇത്തരം ഇടപെടലുകള്‍ക്കും പങ്കുണ്ടായിരിക്കാമെന്ന് സംശയിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
നാനൂറിലേറെ തൊഴിലാളികളും ആയിരത്തിലധികം കരാര്‍ ജീവനക്കാരുമുള്ള സ്ഥാപനത്തെയും അതിന്റെ നേതൃത്വത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സ്വര്‍ണക്കടത്ത്, അവയവക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച യൂട്യൂബ് ചാനലുകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഹുസൈന്‍ എം. അല്‍ അത്താസ്, നിയമകാര്യ വിഭാഗം ഡയറക്ടര്‍ സഈദ് അല്‍ ഖഹ്താനി, എച്ച്.ആര്‍. മാനേജര്‍ മുതൗഫ് അല്‍ അതാവി, പ്രോജക്ട് മാനേജര്‍ അഡ്വ. എല്‍.കെ. അജിത്, കിഴക്കന്‍ പ്രവിശ്യാ പ്രോജക്ട് മാനേജര്‍ സജിത് കുമാര്‍, പബ്ലിക് റിലേഷന്‍സ് വിഭാഗം പ്രതിനിധി നാസര്‍ വലിയകത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Related News