ടെഹ്‌റാന്‍: ഒമാനുമായി ധാരണയിലെത്തിയിട്ടുണ്ടെങ്കിലും അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്റെ ഉപവിദേശകാര്യമന്ത്രി കാസിം ഗരീബാബാദി അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട് ഒമാനുമായി ധാരണയിലത്തിയിട്ടുണ്ടെങ്കിലും അത് ഉടന്‍ നടപ്പിലാക്കില്ലെന്ന് തസ്‌നീം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ ഇറാന്‍ ധൃതി കാണിക്കില്ലെന്നും പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 'ധാരണകള്‍ നടപ്പിലാക്കണമെങ്കില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള മറുപക്ഷം വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതുണ്ട്. അവര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്ന മുറയ്ക്ക് ഇറാനും തങ്ങളുടെ നടപടികളിലേക്ക് കടക്കും. വാഷിംഗ്ടണിന് നയതന്ത്ര പാതയിലേക്ക് മടങ്ങാന്‍ താല്പര്യമുണ്ടെങ്കില്‍, മുന്‍കാല നടപടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം,' കാസിം ഗരീബാബാദി കൂട്ടിച്ചേര്‍ത്തു. ഇറാന്റെ മുന്‍കൂട്ടിയുള്ള അനുമതിയും ഏകോപനവുമില്ലാതെ ഒരു കപ്പലിനും ഇതിലൂടെ കടന്നുപോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇസ്ലാമാബാദ് ധാരണ പ്രകാരമുള്ള വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനാണ് ഖത്തറും പാകിസ്ഥാനും മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ, ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖാംനഇ സൈന്യത്തിലും സുരക്ഷാ കൗണ്‍സിലിലും സുപ്രധാന മാറ്റങ്ങള്‍ വരുത്തി തങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാക്കി. ഫെബ്രുവരി 28-നുണ്ടായ യു.എസ്-ഇസ്രായേല്‍ ആക്രമണത്തില്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനയി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 11, 12 തീയതികളിലാണ് പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചത്. സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ സെക്രട്ടറിയായി മുഹ്‌സിന്‍ റെസായെ ചുമതലയേറ്റു. രാജ്യത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം തുടര്‍ന്നാല്‍ അറേബ്യന്‍ ഗള്‍ഫില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യാന്‍ അനുവദിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും എക്‌സിലൂടെ റെസായെ മുന്നറിയിപ്പ് നല്‍കി.
റെവല്യൂഷണറി ഗാര്‍ഡ് തലവനായി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദിയെയും, പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ബസിജ് സേനയുടെ തലവനായി കടുത്ത നിലപാടുകാരനായ പുരോഹിതന്‍ ഹുസൈന്‍ താഇബിനെയും നിയമിച്ചു. സാമ്പത്തിക ഉപരോധം കാരണമുണ്ടാകുന്ന ആഭ്യന്തര പ്രക്ഷോഭ സാധ്യതകളെ മുന്‍കൂട്ടി തടയുകയാണ് താഇബിന്റെ നിയമനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.
അതിനിടെ, കടുത്ത നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ രംഗത്തെത്തിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുകയാണ് നിലവില്‍ രാജ്യത്തിന് നല്ലതെന്നും, നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരം കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളും മറ്റ് മുസ്ലീം രാഷ്ട്രങ്ങളും തങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ക്കെതിരെ ഒന്നിക്കണമെന്നും, രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത ശത്രുക്കള്‍ക്ക് മാത്രമേ ഉപകരിക്കൂവെന്നും സന്ദേശത്തില്‍ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖാംനഇ ആഹ്വാനം ചെയ്തു.
Related News