മോസ്‌കോ: റഷ്യയുമായുള്ള സാംസ്‌കാരിക, സാഹിത്യ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മോസ്‌കോ അന്താരാഷ്ട്ര പുസ്തകമേളയില്‍ സൗദി അറേബ്യ തങ്ങളുടെ പവലിയന്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തിന്റെ സാഹിത്യ വിജ്ഞാന രംഗങ്ങളിലെ പുരോഗതിയും പ്രസാധന-പരിഭാഷാ മേഖലകളിലെ സൗദി-റഷ്യന്‍ സഹകരണവും ലക്ഷ്യമിട്ടാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍ കമ്മീഷന്റെ നേതൃത്വത്തിലാണ് സൗദി അറേബ്യ മേളയില്‍ പങ്കെടുക്കുന്നത്. സെപ്റ്റംബര്‍ 2 മുതല്‍ 6 വരെ മോസ്‌കോയിലെ 'ഗോസ്റ്റിനി ഡ്വോറില്‍' ആണ് പുസ്തകമേള നടക്കുന്നത്.
റഷ്യയില്‍ നിന്നും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമായി മുന്നൂറിലധികം പ്രസാധകരാണ് മേളയുടെ 39-ാമത് പതിപ്പില്‍ അണിനിരക്കുന്നത്. എഴുത്തുകാരുമായുള്ള സംവാദങ്ങള്‍, ചര്‍ച്ചകള്‍, പുതിയ പുസ്തക പ്രകാശനങ്ങള്‍ എന്നിവയുള്‍പ്പെടെ നാനൂറിലധികം സെഷനുകള്‍ മേളയുടെ ഭാഗമായി നടക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തിലെ പ്രസാധന രംഗത്തിന്റെ ഭാവിയും അന്താരാഷ്ട്ര സഹകരണവുമാണ് ഈ വര്‍ഷത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.
സൗദിയും റഷ്യയും തമ്മിലുള്ള ദീര്‍ഘകാല സാംസ്‌കാരിക ബന്ധത്തിന്റെ പ്രതിഫലനമാണ് മേളയിലെ പങ്കാളിത്തമെന്ന് കമ്മീഷന്‍ സി.ഇ.ഒ അബ്ദുല്ലത്തീഫ് അല്‍-വാസില്‍ പറഞ്ഞു. സൗദി വിഷന്‍ 2030-ന് കീഴില്‍ കൈവരിച്ച സാഹിത്യ-സര്‍ഗ്ഗാത്മക മുന്നേറ്റങ്ങള്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി സാഹിത്യം, പ്രസാധനം, പരിഭാഷ എന്നിവയ്ക്ക് പുതിയ അന്താരാഷ്ട്ര വിപണികളും സഹകരണ സാധ്യതകളും കണ്ടെത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.
കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറി, കിംഗ് അബ്ദുല്‍ അസീസ് പബ്ലിക് ലൈബ്രറി, കിംഗ് ഫഹദ് ഹോളി ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സ്, പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ അറബിക് കാലിഗ്രാഫി തുടങ്ങി പ്രമുഖ സൗദി സാംസ്‌കാരിക-ഗവേഷണ സ്ഥാപനങ്ങളും പവലിയന്റെ ഭാഗമാണ്. ഇതിനുപുറമേ പ്രിന്‍സസ് നൂറ ബിന്ത് അബ്ദുല്‍ റഹ്‌മാന്‍ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ തങ്ങളുടെ ഗവേഷകര്‍ തയ്യാറാക്കിയ ആരോഗ്യ-ശാസ്ത്ര-സാങ്കേതിക-സാമൂഹിക വിഷയങ്ങളിലെ 89-ഓളം ഗ്രന്ഥങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. സൗദി എഴുത്തുകാരും ബുദ്ധിജീവികളും പങ്കെടുക്കുന്ന സാംസ്‌കാരിക ചര്‍ച്ചകളും കാവ്യസന്ധ്യകളും മേളയോടനുബന്ധിച്ച് നടക്കും.