റിയാദ്: സൗദി അറേബ്യയിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി രണ്ട് പ്രവാസികളുടെ വേർപാട്. ദീർഘകാലം റിയാദിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി ദീപക് ഭാസ്‌കര കുറുപ്പ് (50), പ്രമുഖ സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനും ആലുവ തായിക്കാട്ടുകര സ്വദേശിയുമായ കെ.എച്ച്. സിദ്ദീഖ് (59) എന്നിവരാണ് നിര്യാതരായത്.
കൊല്ലം കമുകഞ്ചേരി ആവണീശ്വരം ഉത്രം വീട്ടിൽ ദീപക് ഭാസ്‌കര കുറുപ്പ് റിയാദിലെ താമസസ്ഥലത്താണ് മരിച്ചത്. 18 വർഷമായി റിയാദിൽ പ്രവാസിയായ അദ്ദേഹം മലസിലെ അൻവർ തയിബ ട്രേഡിങ് കമ്പനിയിൽ പർച്ചേസിങ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു. ഭാസ്‌കരകുറുപ്പ് - ലളിതാഭായ് ദമ്പതികളുടെ മകനാണ്. ശ്രീലേഖയാണ് ഭാര്യ. മക്കൾ: ദിയ ദീപക്, ദക്ഷ ദീപക്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റി മോർച്ചറിയിലേക്ക് മാറ്റി. പ്രമുഖ സാമൂഹിക പ്രവർത്തകരായ സിദ്ധിഖ് തൂവൂർ, അഖിനാസ് കരുനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
റിയാദിൽ മൂന്ന് പതിറ്റാണ്ടോളം സജീവമായിരുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ആലുവ തായിക്കാട്ടുകര കാഞ്ഞിരത്തിങ്കൽ കെ.എച്ച്. സിദ്ദീഖ് (59) നാട്ടിൽ വെച്ചാണ് അന്തരിച്ചത്. കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം 2022-ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. റിയാദിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ സുപരിചിതനും പ്രവാസി ക്ഷേമപ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിലുമുണ്ടായിരുന്ന വ്യക്തിയുമായിരുന്നു. പ്രവാസി വെൽഫെയർ റിയാദ് ഈസ്റ്റ് മേഖല മുൻ സെക്രട്ടറിയായും സെൻട്രൽ കമ്മിറ്റി അംഗമായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ ഹംസയുടെ മകനാണ്. ഭാര്യ: ഷഫീന. മക്കൾ: ഫാദിൽ, ഫുർഖാൻ (വിദ്യാർഥി, അസ്ഹറുൽ ഉലൂം ഇസ്ലാമിയാ കോളജ്).
Related News