ജിദ്ദ: സൗദി അറേബ്യയുടെ തെക്കന്‍ ആകാശത്ത് 'സുഹൈല്‍' നക്ഷത്രം ദൃശ്യമായി. കടുത്ത വേനല്‍ച്ചൂടിന് ശമനം ലഭിച്ച് മിതമായ ശരത്കാല കാലാവസ്ഥയിലേക്ക് രാജ്യം മാറുകയാണെന്നതിന്റെ പരമ്പരാഗത സൂചനയാണിത്. സെപ്റ്റംബര്‍ 5 വരെ തുടരുന്ന 'അല്‍-തര്‍ഫ' കാലയളവിലാണ് നക്ഷത്രത്തിന്റെ വരവ്. ഈ സമയത്ത് പകല്‍ ചൂടും രാത്രിയില്‍ മിതമായ കാലാവസ്ഥയും മലയോര മേഖലകളില്‍ ഈര്‍പ്പവും അനുഭവപ്പെടാറുണ്ട്.
സുഹൈല്‍ നക്ഷത്രത്തിന്റെ വരവിനെത്തുടര്‍ന്ന് സീസണ്‍ മാറ്റങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത നക്ഷത്ര കാലയളവുകള്‍ ആരംഭിക്കുമെന്ന് കാര്‍ഷിക കലണ്ടര്‍ ഗവേഷകനായ മുഹമ്മദ് അല്‍-വദായി പറഞ്ഞു:
അല്‍-ജഭ (സെപ്റ്റംബര്‍ 6 - 18): ശരത്കാലത്തിന്റെ യഥാര്‍ത്ഥ തുടക്കമായി കണക്കാക്കുന്നു. വൈകുന്നേരങ്ങളില്‍ കാറ്റിന് തണുപ്പ് അനുഭവപ്പെടും.
അല്‍-സുബ്ര (സെപ്റ്റംബര്‍ 19 - ഒക്ടോബര്‍ 1): രാവും പകലും തുല്യദൈര്‍ഘ്യത്തിലാകുന്നു. മലയോര മേഖലകളില്‍ പുലര്‍ച്ചെ തണുപ്പ് അനുഭവപ്പെടും.
അല്‍-സര്‍ഫ (ഒക്ടോബര്‍ 2 - 14): വേനല്‍ച്ചൂട് പൂര്‍ണ്ണമായി പിന്‍വാങ്ങുകയും കാലാവസ്ഥ കൂടുതല്‍ മിതമാകുകയും ചെയ്യും.
ബാഷ്പീകരണ തോത് കുറയുന്ന ഈ ഘട്ടത്തിലാണ് സമതലങ്ങളിലെയും മലയോര തട്ടുകളിലെയും കര്‍ഷകര്‍ മണ്ണ് ഒരുക്കുകയും ശീതകാല പച്ചക്കറികളും ഇലക്കറികളും നട്ടുപിടിപ്പിക്കുകയും ചെയ്യുന്നത്. 'സുഹൈല്‍ ഉദിക്കുമ്പോള്‍ വെള്ളപ്പൊക്കം ശക്തമാകുന്നു' എന്ന പഴയ നാടന്‍ ചൊല്ല് ഈ സമയത്തെ മഴ സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. അസീര്‍, ജിസാന്‍, അല്‍-ബാഹ എന്നീ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, നക്ഷത്രത്തിന്റെ ഉദയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലാണെന്ന് ജ്യോതിശാസ്ത്ര വിദഗ്ദ്ധന്‍ മജീദ് അല്‍-സഹൂബി വ്യക്തമാക്കി. ജിസാനില്‍ ഓഗസ്റ്റ് 7-ഓടെയും, മധ്യ സൗദിയില്‍ ഓഗസ്റ്റ് 24-ഓടെയും, വടക്കന്‍ അതിര്‍ത്തികളില്‍ സെപ്റ്റംബര്‍ 7 നും 10 നും ഇടയിലുമാണ് ഇത് ദൃശ്യമാകുന്നത്.
സുഹൈല്‍ നക്ഷത്രം കാലാവസ്ഥയെ നേരിട്ട് സ്വാധീനിക്കുന്നില്ലെന്നും, എന്നാല്‍ ഇത് അനുകൂല കാലാവസ്ഥയുടെ വരവറിയിക്കുന്ന ഒരു സൂചകമായി പുരാതന കാലം മുതല്‍ അറബികള്‍ കണക്കാക്കുന്നുവെന്നും അല്‍-സഹൂബി കൂട്ടിച്ചേര്‍ത്തു. മരുഭൂമി പ്രദേശങ്ങളില്‍ ഈ സമയത്ത് ക്രമരഹിതമായ മഴയാണ് ലഭിക്കാറുള്ളതെങ്കില്‍, അബഹ, അല്‍-ബാഹ തുടങ്ങിയ തെക്കന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ സ്ഥിരതയുള്ള മഴ ലഭിക്കാറുണ്ട്.