മരണത്തിന് കൈകൊടുത്ത് റാണിപുരത്തെ സിപ്ലൈന്‍ ഓപ്പറേറ്റര്‍
കാസര്‍കോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്ലൈനില്‍ നിന്ന് വീണ് ജീവനക്കാരനായ ബളാന്തോട് ചാമുണ്ഡിക്കുന്ന് സ്വദേശി സനൂപ് (25) മരിച്ചു. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. സിപ്ലൈനില്‍ യാത്ര ചെയ്യാനെത്തിയ ടൂറിസ്റ്റ് യുവതി, പുറപ്പെടുന്നതിനിടെ ഭയം കാരണം അബദ്ധത്തില്‍ സമീപത്തുണ്ടായിരുന്ന സനൂപിന്റെ കയ്യില്‍ പിടിമുറുക്കുകയായിരുന്നു.
യുവതിയോടൊപ്പം 300 മീറ്ററോളം താണ്ടി ലാന്‍ഡിങ് പോയിന്റിന് സമീപം വരെ തൂങ്ങിപ്പോയ സനൂപ്, പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ജോലിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ക്കകമാണ് ഈ ദുരന്തം.
മദ്യപാനത്തിനിടെ തര്‍ക്കം: ഇടുക്കിയില്‍ ബന്ധുവിനെ കുത്തിക്കൊന്നു
പീരുമേട്: ഇടുക്കി പുല്ലുപാറയില്‍ ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി. ഇളംകാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ തങ്കച്ചനെ പെരുവന്താനം പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൃത്യത്തിന് ശേഷം ബിനുവിന് അപകടം സംഭവിച്ചതാണെന്ന വ്യാജേന തങ്കച്ചന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ സംശയമാണ് പ്രതിയെ കുടുക്കിയത്.
ബാങ്ക് ജപ്തിക്ക് പിന്നാലെ ഗൃഹനാഥന്‍ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങിമരിച്ചു
കൊട്ടാരക്കര: ബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടര്‍ന്ന് സ്വന്തം വീടിന്റെ സിറ്റൗട്ടില്‍ കഴിഞ്ഞുവന്ന വയോധികന്‍ കുളിമുറിയില്‍ തൂങ്ങിമരിച്ചു. പവിത്രേശ്വരം സ്വദേശി സി. രവി (62) ആണ് മരിച്ചത്. മകന്‍ വീടുപണിക്കായി എടുത്ത 25 ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണിലാണ് സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തത്.
കുടുംബം വാടകവീട്ടിലേക്ക് മാറിയെങ്കിലും വീടുവിട്ടുപോകാന്‍ വിസമ്മതിച്ച രവി ജപ്തി ചെയ്ത വീടിന്റെ ഉമ്മറത്താണ് കഴിഞ്ഞിരുന്നത്. ഒരു വര്‍ഷത്തെ തവണ മുടങ്ങിയപ്പോഴേക്കും 20 വര്‍ഷ കാലാവധിയുള്ള വായ്പയുടെ പേരില്‍ ബാങ്ക് കുടിയൊഴിപ്പിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ നിയമപരമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
വണ്ടൂരില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
വണ്ടൂര്‍: സംസ്ഥാനപാതയിലെ താടി വളവില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഉപ്പട ഉദിരംകുളം സ്വദേശി പ്രജീഷ് (31) ആണ് പുലര്‍ച്ചെ മൂന്നോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഗുരുവായൂരിലെ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം.
Related News