മംഗളൂരു: റെയില്‍വെയുടെ പാലക്കാട് ഡിവിഷന്‍ ചുരുങ്ങിപ്പോവുന്നതില്‍ കേരളത്തിന്റെ കടുത്ത ആശങ്ക നിലനില്‍ക്കെ ഈയാഴ്ച സുപ്രധാന യോഗം. കേരളത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വിഭജന നീക്കവുമായി മുന്നോട്ടുപോവുകയാണ് റെയില്‍വെ. മംഗളൂരു റെയില്‍വേ മേഖലയെ പാലക്കാട് ഡിവിഷനില്‍ നിന്ന് ദക്ഷിണ പശ്ചിമ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷനിലെയും ദക്ഷിണ പശ്ചിമ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലെയും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ ആഴ്ച മംഗളൂരുവില്‍ യോഗം ചേരും. റെയില്‍വേ ആസ്തികളുടെ കൈമാറ്റം, ജീവനക്കാരുടെ ചുമതലകള്‍, പ്രവര്‍ത്തന ഉത്തരവാദിത്വങ്ങള്‍, ഭരണപരമായ ക്രമീകരണങ്ങള്‍ എന്നിവ സംബന്ധിച്ച അന്തിമ രൂപരേഖ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് സൂചന.
മംഗളൂരു റെയില്‍വേ മേഖലയുടെ നിയന്ത്രണം മൈസൂരു ഡിവിഷന് കൈമാറാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനത്തിന്റെ തുടര്‍നടപടിയായാണ് ഈ യോഗം നടക്കുന്നത്. വര്‍ഷങ്ങളായി പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗളൂരു മേഖലയാണ് ഇനി ഭരണപരമായി ദക്ഷിണ റെയില്‍വേയില്‍ നിന്ന് ദക്ഷിണ പശ്ചിമ റെയില്‍വേയിലേക്ക് മാറുന്നത്.
ഈ മാറ്റം കേരളത്തില്‍ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. മംഗളൂരു മേഖലയിലെ സ്‌റ്റേഷനുകള്‍, ചരക്ക് ഗതാഗതം, വരുമാനം എന്നിവ പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്നതിനാല്‍ ഡിവിഷന്റെ സാമ്പത്തിക ശക്തിയില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഈ മേഖല നഷ്ടമാകുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിലും പ്രാധാന്യത്തിലും ഗണ്യമായ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കേരളത്തിന്റെ റെയില്‍വേ പ്രധാനം ഇതോടെ ഗണ്യമായി കുറയുമെന്നാണ്
റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുതിയ റെയില്‍വേ സോണുകളിലും ഡിവിഷനുകളിലും കേരളത്തിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന വിമര്‍ശനത്തിനിടെയാണ് ഈ മാറ്റവും വരുന്നത്.
പാലക്കാട് ഡിവിഷന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ കുറയുന്നത് കേരളത്തിലെ റെയില്‍വേ വികസന പദ്ധതികള്‍ക്കും ഭാവിയില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമാണ്. ഡിവിഷന്റെ വരുമാനം കുറഞ്ഞാല്‍ പുതിയ പാതകള്‍, സ്‌റ്റേഷന്‍ വികസനം, യാത്രാ സൗകര്യങ്ങള്‍, ജീവനക്കാരുടെ നിയമനം എന്നിവയിലും പ്രതികൂല സ്വാധീനം ഉണ്ടാകുമെന്നാണ് റെയില്‍വേ വിദഗ്ധരുടെ വിലയിരുത്തല്‍.
മംഗളൂരു തുറമുഖവുമായി ബന്ധപ്പെട്ട ചരക്ക് ഗതാഗതവും വ്യവസായ ശൃംഖലയും ഇനി മൈസൂരു ഡിവിഷന്റെ നിയന്ത്രണത്തിലാകുന്നത് ദക്ഷിണ പശ്ചിമ റെയില്‍വേയ്ക്ക് കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, കേരളത്തിന്റെ വ്യാപാരവ്യവസായ മേഖലകളുമായി അടുത്ത ബന്ധമുള്ള മംഗളൂരു മേഖലയിലെ ഭരണനിയന്ത്രണം നഷ്ടമാകുന്നത് സംസ്ഥാനത്തിന്റെ റെയില്‍വേ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക വിവിധ സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്.
ഭരണപരമായ പുനഃസംഘടന മാത്രമാണിതെന്നും യാത്രാ സര്‍വീസുകളില്‍ ഉടന്‍ മാറ്റമുണ്ടാകില്ലെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിന്റെ റെയില്‍വേ പ്രാതിനിധ്യവും വികസന മുന്‍ഗണനയും സൗകര്യങ്ങളും കുറയുമോയെന്ന ആശങ്കയാണ് ചര്‍ച്ചയാകുന്നത്.
Related News