തിരുവനന്തപുരം: സി.എം.ആര്‍.എല്‍. സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മുന്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തേക്കും. ഇ.ഡി നല്‍കിയ തെളിവുകള്‍ ഗൗരവതരമാണെന്നും സംസ്ഥാന സര്‍ക്കാരിന അത് അവഗണിക്കാനാവില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കിയതായാണ് വിവരം. എങ്കിലും നിയമോപദേശം തേടിയ ശേഷം മാത്രമേ നടപടിയുണ്ടാവൂ. നിയമവിദഗ്ധരുടെ അഭിപ്രായം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികളെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ആരോപണങ്ങള്‍ പിണറായി വിജയന്‍ ശക്തമായി തള്ളി. മകള്‍ ടി. വീണയുടെ കമ്പനി എക്‌സാലോജിക് സൊല്യൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡ് വിവിധ സ്ഥാപനങ്ങള്‍ക്ക് ഐ.ടി. സേവനങ്ങള്‍ നല്‍കിയിരുന്നുവെന്നും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടും അതില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഇടപാടിലൂടെ ലഭിച്ച പ്രതിഫലം കമ്പനിയുടെ ഔദ്യോഗിക കണക്കുകളില്‍ രേഖപ്പെടുത്തിയതും മുഴുവന്‍ നികുതിയും അടച്ചതുമായ തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
എക്‌സാലോജിക് സി.എം.ആര്‍.എല്ലില്‍ നിന്ന് 2.78 കോടി രൂപ ഐ.ടി. കണ്‍സള്‍ട്ടന്‍സി സേവനത്തിന്റെ പേരില്‍ കൈപ്പറ്റിയെങ്കിലും അതിന് തക്ക സേവനം നല്‍കിയില്ലെന്നാണ് ഇ.ഡി.യുടെ ആരോപണം. കൂടാതെ സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയുടെ നേതൃത്വത്തിലുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയില്‍ നിന്ന് എക്‌സാലോജിക്കിന് 50 ലക്ഷം രൂപ വായ്പ ലഭിച്ചതായും അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. സി.എം.ആര്‍.എല്‍. മാനേജ്‌മെന്റ് കൈക്കൂലി നല്‍കിയവരില്‍ വീണ വിജയനും ഉള്‍പ്പെടുന്നുവെന്നാണ് ഇ.ഡി.യുടെ ആരോപണം.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. വീണ വര്‍ഷങ്ങള്‍ക്കുമുമ്പ് കൈപ്പറ്റിയ തുക പിന്നീട് ഭര്‍ത്താവ് മുഹമ്മദ് റിയാസിലൂടെ തനിക്ക് കൈമാറിയെന്ന തരത്തിലുള്ള ആരോപണങ്ങള്‍ യുക്തിരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ വലിയ തലക്കെട്ടുകള്‍ നല്‍കിയാല്‍ മാത്രം ഞാന്‍ കൈക്കൂലി വാങ്ങിയ ആളാകില്ല. രാഷ്ട്രീയ വൈരാഗ്യവും പ്രതികാരവുമാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും -അദ്ദേഹം വ്യക്തമാക്കി.
ഇ.ഡി. തനിക്കെതിരെ കേസുണ്ടാക്കാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും, തനിക്കെതിരെ തെളിവുകള്‍ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കങ്ങളെന്നും അദ്ദേഹം ആരോപിച്ചു.
Related News