തിരുവനന്തപുരം- നൂറ്റിപത്ത് മുസ്ലിം പള്ളികളും നാലു ചര്‍ച്ചുകളും ഒരു ഹൈന്ദവ ക്ഷേത്രവും രൂപകല്‍പ്പന ചെയ്ത 'മോസ്‌ക് മാന്‍' എന്നറിയപ്പെടുന്ന വാസ്തു ശില്പി തിരുവനന്തപുരം ഗോപാലകൃഷ്ണന്‍ (90) നിര്യാതനായി.
മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്ത പ്രതീകമായിരുന്നു ശില്പി ഗോവിന്ദന്‍ ഗോപാലകൃഷ്ണന്‍. ഔപചാരികമായ ആര്‍ക്കിടെക്ചര്‍ ബിരുദങ്ങളൊന്നുമില്ലാതെ, കേരളത്തിലുടനീളം നൂറിലധികം മനോഹരമായ മുസ്ലിം പള്ളികള്‍ നിര്‍മിച്ച് മോസ്‌ക് മാന്‍ എന്ന പേരില്‍ അദ്ദേഹം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പിതാവില്‍ നിന്നും ആംഗ്ലോ-ഇന്ത്യന്‍ ഡ്രാഫ്റ്റ്സ്മാന്‍മാരില്‍ നിന്നും നിര്‍മാണകലയുടെ ആദ്യപാഠങ്ങള്‍ പഠിച്ച ഗോപാലകൃഷ്ണന്‍, ഇസ്ലാമിക-ഇന്ത്യന്‍ വാസ്തുവിദ്യാ ശൈലികള്‍ സമന്വയിപ്പിച്ചാണ് പള്ളികള്‍ രൂപകല്‍പ്പന ചെയ്തത്.
തിരുവനന്തപുരത്തെ പ്രശസ്തമായ പാളയം ജുമാ മസ്ജിദ്, ബീമാപള്ളി ദര്‍ഗ ഷെരീഫ്, കരുനാഗപ്പള്ളിയിലെ താജ്മഹല്‍ മാതൃകയിലുള്ള പള്ളി, എരുമേലി വാവര്‍ പള്ളി എന്നിവ അദ്ദേഹത്തിന്റെ വിസ്മയകരമായ സൃഷ്ടികളില്‍ ചിലതാണ്. മതവിശ്വാസങ്ങള്‍ക്ക് അപ്പുറം മനുഷ്യരെ ഒന്നായി കണ്ട അദ്ദേഹം പള്ളികള്‍ക്ക് പുറമെ ക്ഷേത്രങ്ങളും പള്ളികളും നിര്‍മിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
Related News