ഗാസ സിറ്റി: മുന്‍കാല ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ച ആറുനില കെട്ടിടം തകര്‍ന്ന് വീണ് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ തല്‍ അല്‍-ഹവ പ്രദേശത്താണ് സംഭവം. രാത്രിയോടെ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ സമീപത്തെ വീടുകള്‍ക്കും കൂടാരങ്ങള്‍ക്കും മുകളിലേക്കാണ് പതിച്ചത്. ഹമാസ് ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവിലിയന്‍ പ്രതിരോധ ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്.
ഹമാസുമായുള്ള യുദ്ധത്തില്‍ ഗാസയിലെ ഭൂരിഭാഗം കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയോ പൂര്‍ണ്ണമായി തകരുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. അപകടത്തില്‍ 45 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറിലധികം പലായനം ചെയ്യപ്പെട്ട ആളുകളാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്.
ടെന്റുകളോ മറ്റ് വീടുകളോ ലഭ്യമല്ലാത്തതിനാല്‍ ജീവന്‍ പണയംവെച്ചും ജനങ്ങള്‍ ഇത്തരം തകര്‍ന്ന കെട്ടിടങ്ങളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മഹമൂദ് ബസല്‍ പറഞ്ഞു. ഗാസയില്‍ ഇതുപോലെ തകര്‍ച്ചാഭീഷണി നേരിടുന്ന ഏകദേശം 2,000-ത്തോളം കെട്ടിടങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. സുരക്ഷിതമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ദുരന്തം ഓര്‍മ്മിപ്പിക്കുന്നതെന്ന് യു.എന്‍ മാനുഷിക ഏജന്‍സി വക്താവ് റമിസ് അലക്ബറോവ് പ്രതികരിച്ചു.
Related News