ന്യൂദല്‍ഹി: വ്യാജവും അടിസ്ഥാനരഹിതവുമായ വാര്‍ത്തയെന്ന് ഔദ്യോഗിക പ്രസ്താവന ഇറക്കി ഒരു വര്‍ഷം പിന്നിടുംമു്‌മ്പെ യു.പി.ഐ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ചാര്‍ജ് ഏര്‍പ്പെടുത്തുന്നു. പൂര്‍ണമായും തെറ്റായതും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തയെന്നാണ് ഇതെക്കുറിച്ച് വിവരം ആദ്യം പുറത്തുവന്നപ്പോള്‍ കേന്ദ്ര ധന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന. ഇത് പൗരന്മാരില്‍ അനാവശ്യ ആശങ്ക സൃഷ്ടിക്കാനുള്ള പബോധപൂര്‍വമായ ശ്രമമാണെന്നും കുറ്റപ്പെടുത്തിയിരുന്നു.
2025 ജൂണിലായിരുന്നു ധന മന്ത്രാലയത്തിന്റെ വിശദീകരണം. ഒരു വര്‍ഷത്തിന് ശേഷം യു.പി.ഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം എം.ഡി.ആര്‍ ഏര്‍പ്പെടുത്തുന്ന പുതിയ നയം പ്രഖ്യാപിച്ചു. നിശ്ചിത പരിധിയിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ പുതിയ ചാര്‍ജ് നിലവില്‍ വരും.
2025 ജൂണ്‍ 11ന് ധനമന്ത്രാലയം എക്‌സില്‍ പ്രസിദ്ധീകരിച്ച വിശദീകരണത്തിലായിരുന്നു യു.പി.ഐയ്ക്ക് എം.ഡി.ആര്‍ ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളെ ശക്തമായി നിഷേധിച്ചത്. വലിയ തുകയുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു പ്രതികരണം. അന്ന് പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ 3,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എം.ഡി.ആര്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നുവെന്നായിരുന്നു സൂചന. ഇത്തരം പ്രചാരണങ്ങള്‍ അനാവശ്യമായ ഭയവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതാണെന്നും സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ 2026 സെപ്റ്റംബര്‍ 15ന് പ്രഖ്യാപിച്ച പുതിയ സംവിധാനത്തില്‍ 2,000 രൂപയ്ക്ക് മുകളിലുള്ള ചില യു.പി.ഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം എം.ഡി.ആര്‍ ഈടാക്കും. 75,000 രൂപയും അതിന് മുകളിലുമുള്ള ഇടപാടുകള്‍ക്ക് പരമാവധി 300 രൂപയായിരിക്കും ഫീസ്. 3,000 രൂപയുടെ ഇടപാടിന് 12 രൂപയും 50,000 രൂപയ്ക്ക് 200 രൂപയും കണക്കാക്കും. ഒരു ലക്ഷം രൂപയുടെ ഇടപാടിന് 400 രൂപ വരേണ്ടിയിരുന്നെങ്കിലും 300 രൂപയുടെ പരമാവധി പരിധി ബാധകമാകും.
പുതിയ തീരുമാനം യു.പി.ഐ ഉപയോഗിക്കുന്ന സാധാരണ ഉപഭോക്താവിന് നേരിട്ട് ഫീസ് ചുമത്തുന്നതല്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇടപാടുകള്‍ തുകയെത്രയായാലും സൗജന്യമായി തുടരും. 2,000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകള്‍ക്കും എം.ഡി.ആര്‍ ഇല്ല. യു.പി.ഐ ആപ്പുകള്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കാനും പാടില്ല. വ്യാപാരികള്‍ എം.ഡി.ആര്‍ ഉപഭോക്താവില്‍നിന്ന് ഈടാക്കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ കണക്കനുസരിച്ച് വ്യാപാരികളിലേക്കുള്ള യു.പി.ഐ ഇടപാടുകളുടെ 95 ശതമാനത്തിലേറെയും 2,000 രൂപയ്ക്ക് താഴെയാണ്. അതിനാല്‍ ദൈനംദിന ചെറിയ ഇടപാടുകളുടെ ഭൂരിഭാഗവും പുതിയ ചാര്‍ജില്‍ നിന്ന് പുറത്തായിരിക്കും. ചെറിയ വ്യാപാരികള്‍ക്കായുള്ള വിഭാഗത്തിലും പൂജ്യം എം.ഡി.ആര്‍ തുടരും.
യു.പി.ഐ ഇടപാടുകളുടെ വന്‍ വളര്‍ച്ചയാണ് പുതിയ നയത്തിന് പ്രധാന കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് കേന്ദ്രം വഴങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 2026 ഓഗസ്റ്റില്‍ മാത്രം യു.പി.ഐ വഴി 24.5 ബില്യണ്‍ ഇടപാടുകള്‍ നടന്നതായി ധനമന്ത്രാലയം പറയുന്നു. ഇത്രയും വലിയ സംവിധാനത്തിന്റെ അടിസ്ഥാനസൗകര്യം, സൈബര്‍ സുരക്ഷ, തട്ടിപ്പ് തടയല്‍, ഉപഭോക്തൃ സേവനം തുടങ്ങിയ മേഖലകള്‍ക്ക് സ്ഥിരമായ സാമ്പത്തിക മാതൃക ആവശ്യമാണ് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഡിജിറ്റല്‍ പേയ്‌മെന്റ് അടിസ്ഥാനസൗകര്യത്തിന് പ്രത്യേക ഫണ്ട് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയിലെ സ്ഥാപനങ്ങള്‍ ദീര്‍ഘകാലമായി എം.ഡി.ആര്‍ ചാര്‍ജ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആദ്യമായാണ് യു.പി.ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ തീരുമാനിക്കുന്നത്. ഇത് കൂടുതല്‍ മേഖലകളില്‍ നടപ്പാക്കുമെന്നാണ് പൊതുവെ ഉയരുന്ന ആശങ്ക. പുതിയ എം.ഡി.ആര്‍ വ്യാപാരികളുടെ ചെലവുകളെയും ഭാവിയില്‍ സാധനങ്ങളുടെ വിലയെയും എങ്ങനെ ബാധിക്കുമെന്നതും ആശങ്കയാണ്.
Related News