കൊച്ചി: ഇന്ത്യയുടെ കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡും (സി.എസ്.എല്‍.) ഡി.പി. വേള്‍ഡ് ഗ്രൂപ്പിന്റെ ഭാഗമായ ഡ്രൈഡോക്‌സ് വേള്‍ഡും 50:50 സംയുക്ത സംരംഭത്തിന് ധാരണയായി.
കൊച്ചിയിലെ ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റിയെ (ഐ.എസ്.ആര്‍.എഫ്.) കൂടുതല്‍ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുന്നതിനാണ് ഈ സംയുക്ത സംരംഭം. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടി 2026-ന്റെ ഭാഗമായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെയും യു.ഇ.എ. അഡ്വാന്‍സ്ഡ് സയന്‍സ് ആന്റ് ടെക്‌നോളജി അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമിയുടെയും സാന്നിധ്യത്തില്‍ ഡ്രൈഡോക്‌സ് വേള്‍ഡ് സി.ഇ.ഒ. ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്കും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോസ് വി.ജെയും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.
ഇന്ത്യ മാരിടൈം വീക്ക് 2025-ല്‍ ഇരു സ്ഥാപനങ്ങളും തമ്മില്‍ ഒപ്പുവെച്ചിരുന്ന ധാരണാപത്രത്തിന്റെ തുടര്‍ച്ചയായാണ് സംയുക്ത സംരംഭം രൂപീകരിച്ചത്. കപ്പല്‍ അറ്റകുറ്റപ്പണി, എന്‍ജിനിയറിംഗ്, ഫാബ്രിക്കേഷന്‍, അനുബന്ധ മാരിടൈം സേവനങ്ങള്‍ എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ സംയുക്ത സംരംഭത്തിന്റെ മുഖ്യ ലക്ഷ്യം. ഐ.എസ്.ആര്‍.എഫിന്റെ നിലവിലെ സൗകര്യങ്ങള്‍ ഏകീകരിച്ച് വിപുലീകരിക്കുന്നതിലൂടെ വിവിധ വിഭാഗങ്ങളിലുള്ള കൂടുതല്‍ കപ്പലുകള്‍ക്ക് സേവനം ലഭ്യമാക്കാനും ഇന്ത്യന്‍, പ്രാദേശിക, അന്താരാഷ്ട്ര ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനും അധിക ശേഷി സൃഷ്ടിക്കാനും ഇത് സഹായിക്കും. സി.എസ്.എല്ലിന്റെ കപ്പല്‍നിര്‍മാണ-അറ്റകുറ്റപ്പണി രംഗത്തെ ആഭ്യന്തര വൈദഗ്ധ്യവും ഡ്രൈഡോക്‌സ് വേള്‍ഡിന്റെ ആഗോള പരിചയവും സാങ്കേതിക മികവും സംയോജിപ്പിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ഈ പദ്ധതിയിലൂടെ കൊച്ചിയുടെ മാരിടൈം സേവന കേന്ദ്രമെന്ന സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തില്‍ കപ്പല്‍ അറ്റകുറ്റപ്പണി, എന്‍ജിനിയറിംഗ്, ഫാബ്രിക്കേഷന്‍, അനുബന്ധ മേഖലകള്‍ എന്നിവയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാളും യു.ഇ.എ. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമിയും പറഞ്ഞു. ഉയര്‍ന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അന്താരാഷ്ട്ര കപ്പല്‍വ്യൂഹങ്ങളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കുന്നതിനും ഈ പങ്കാളിത്തം സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഡ്രൈഡോക്‌സ് വേള്‍ഡിനും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനും സംയുക്ത സംരംഭത്തില്‍ 50:50 വീതം ഓഹരിയുണ്ടാകും. പ്രാരംഭ മൂലധനം ഇരു കമ്പനികളുടെയും ഇക്വിറ്റി സംഭാവനകളിലൂടെയാണ് സമാഹരിക്കുക.
Related News