ലഖ്‌നൗ: പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തം വിശ്വാസവും ജീവിതപങ്കാളിയെയും തീരുമാനിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി. ഇസ്‌ലാം സ്വീകരിക്കുകയും മുസ്‌ലിം യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഷാംലി സ്വദേശി ആയുഷ് മാലിക്കിനെ നിയന്ത്രണങ്ങളില്‍ നിന്ന് കോടതി മോചിപ്പിച്ചു. കുടുംബത്തിന്റെ എതിര്‍പ്പ് മാത്രം ചൂണ്ടിക്കാട്ടി പ്രായപൂര്‍ത്തിയായ വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യം തടയാനാകില്ലെന്നും ജസ്റ്റിസ് സന്ദീപ് ജെയിന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
ആയുഷിനെ പിതാവ് ദേവരാജ് സിങ് മാലിക് വീട്ടില്‍ അനധികൃതമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് സുഹൃത്ത് സുല്‍ത്താന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ബുധനാഴ്ച ഷാംലി പൊലീസ് യുവാവിനെ കോടതിയില്‍ എത്തിച്ചു.
31 വയസ്സുള്ള താന്‍ ബി.ഫാം വരെ പഠിച്ചിട്ടുണ്ടെന്നും 2014ല്‍ സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം സ്വീകരിച്ചതാണെന്നും ആയുഷ് കോടതിയില്‍ വ്യക്തമാക്കി. മതം മാറിയത് ആരുടെയും നിര്‍ബന്ധം, ഭീഷണി, അനാവശ്യ സ്വാധീനം, പ്രലോഭനം എന്നിവ മൂലമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം അതിന്റെ അടിസ്ഥാന ആചാരങ്ങള്‍ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ചാന്ദ്‌നി ഖുറൈശിയെ വിവാഹം കഴിക്കാനുള്ള തീരുമാനവും സ്വന്തം താല്‍പര്യപ്രകാരമാണെന്ന് ആയുഷ് വ്യക്തമാക്കി. ഈ തീരുമാനങ്ങള്‍ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അംഗീകരിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ചാന്ദ്‌നിക്കും പിതാവിനുമെതിരെ ജൂണ്‍ 6ന് ഷാംലി പൊലീസ് സ്‌റ്റേഷനില്‍ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും ആയുഷ് കോടതിയെ അറിയിച്ചു. ഇതില്‍ ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെട്ടിരുന്നു. ചാന്ദ്‌നിയും പിതാവും തുടര്‍ന്ന് ജയിലിലായെന്നും ആയുഷ് പറഞ്ഞു. ജൂണ്‍ 4 മുതല്‍ തന്നെ വീട്ടില്‍ തടഞ്ഞുവെച്ചതായും ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.
ആയുഷിന്റെ ആരോപണങ്ങള്‍ പിതാവ് ദേവരാജ് സിങ് മാലിക് നിഷേധിച്ചു. ചിലര്‍ മകനെ സ്വാധീനിക്കുകയോ ബ്രെയിന്‍വാഷ് ചെയ്യുകയോ ചെയ്തതായാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. മകന്റെ ക്ഷേമത്തെക്കുറിച്ചുള്ള ആശങ്ക കൊണ്ടാണ് ഇസ്‌ലാം സ്വീകരിക്കാനുള്ള തീരുമാനത്തെയും ചാന്ദ്‌നിയെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെയും എതിര്‍ക്കുന്നതെന്നും പിതാവ് വ്യക്തമാക്കി.
പിതാവിന്റെ വാദം ആയുഷ് തള്ളി. തന്റെ തീരുമാനങ്ങള്‍ സ്വതന്ത്രമായും ആലോചിച്ച ശേഷവുമാണ് എടുത്തതെന്നും അദ്ദേഹം കോടതിയില്‍ ആവര്‍ത്തിച്ചു.
ആയുഷ് പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തനാണെന്നും കോടതി നിരീക്ഷിച്ചു. ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടനയാല്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് വിശ്വാസം നിര്‍ണയിക്കാനുള്ള അവകാശമുണ്ട്. കുടുംബാംഗങ്ങള്‍ക്ക് ആ തീരുമാനം ഇഷ്ടപ്പെടുന്നില്ലെന്ന കാരണത്താല്‍ മാത്രം ആ സ്വാതന്ത്ര്യം ഇല്ലാതാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ആരെ വിവാഹം കഴിക്കണം എന്നത് ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു. കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമാണെന്ന കാരണത്താല്‍ മാത്രം പ്രായപൂര്‍ത്തിയായ വ്യക്തിയുടെ വിവാഹം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ആയുഷിനെ വീട്ടില്‍ പൊലീസ് സാന്നിധ്യത്തില്‍ പാര്‍പ്പിച്ചിരുന്നതിന് നിയമപരമായ ന്യായീകരണമൊന്നുമില്ലെന്ന്് കോടതി ഉത്തരവില്‍ പറഞ്ഞു.
Related News