കോട്ടയം: ഔദ്യോഗിക പദവിയിലിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിക്ക് നാലു വര്‍ഷം തടവും 30,84,892 രൂപ പിഴയും ശിക്ഷ. കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി കെ.വി. രനീഷിന്റേതാണ് സുപ്രധാന ഉത്തരവ്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന ഡി.ജി.പി റാങ്കിലുള്ള ആദ്യത്തെ ഉദ്യോഗസ്ഥനാണ് ടോമിന്‍ ജെ. തച്ചങ്കരി. ശിക്ഷാവിധിയെത്തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
2003 ജനുവരി 1 മുതല്‍ 2007 ജൂലൈ 7 വരെയുള്ള ഔദ്യോഗിക കാലയളവിലാണ് കേസിനാസ്പദമായ സംഭവം. വെളിപ്പെടുത്തിയ വരുമാന സ്രോതസ്സുകളേക്കാള്‍ 64.70 ലക്ഷം രൂപയുടെ അധിക സ്വത്ത് തച്ചങ്കരി സമ്പാദിച്ചെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇത് വരവിനേക്കാള്‍ 135.80 ശതമാനം കൂടുതലായിരുന്നു. ബോബി കുരുവിള നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, 2007-ല്‍ തച്ചങ്കരി ഡി.ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച ഘട്ടത്തിലാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്.
2013-ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ആദ്യമായി കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്കും തുടര്‍ന്ന് കോട്ടയത്തേക്കും മാറ്റുകയായിരുന്നു. മാതാപിതാക്കള്‍ വഴി ലഭിച്ച കുടുംബസ്വത്താണിതെന്നും കേസില്‍ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി സമര്‍പ്പിച്ച ഹര്‍ജികള്‍ വിജിലന്‍സ് കോടതിയും തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.
കേസിന്റെ വിചാരണയ്ക്കിടെ ഔദ്യോഗിക പദവിയിലെ മൂന്ന് നക്ഷത്ര ചിഹ്നം പതിച്ച ബോര്‍ഡുവെച്ച സ്വകാര്യ കാറില്‍ കോട്ടയം വിജിലന്‍സ് കോടതിയില്‍ തച്ചങ്കരി എത്തിയത് ഏറെ വിവാദമായിരുന്നു.
വിചാരണയില്‍ ആകെ 96 സാക്ഷികളെ വിസ്തരിച്ചു. അധിക വരുമാനത്തിന് തൃപ്തികരമായ തെളിവോ വിശദീകരണമോ നല്‍കാന്‍ പ്രതിക്ക് സാധിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനു വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ. ശ്രീകാന്ത് ഹാജരായി. വിധി പ്രസ്താവത്തിന് ശേഷം, പ്രതിക്ക് 30 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിയമപരമായ അവസരമുണ്ടെന്ന് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തുടര്‍നടപടികള്‍ വിജിലന്‍സ് ഡയറക്ടറുമായി ആലോചിച്ച് തീരുമാനിക്കും.
Related News