സുല്‍ത്താന്‍ ബത്തേരി: വീട്ടില്‍നിന്ന് അനധികൃത മദ്യശേഖരം പിടിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിന്‍ രണ്ടാഴ്ചത്തേക്ക് റിമാന്റില്‍. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ആന്റോയുടെ ജാമ്യാപേക്ഷയില്‍ നാളെ വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു. അദ്ദേഹത്തെ വൈത്തിരി സബ് ജയിലില്‍ കൊണ്ടുപോയി.
അര്‍ജന്റീന ടീം സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടില്‍ റെയ്ഡ് നടത്തവെയാണ് ബുധനാഴ്ച വയനാട്ടിലെ വീട്ടില്‍നിന്ന് 67 ലിറ്ററില്‍ അധികം മദ്യശേഖരം എക്സൈസ് പിടിച്ചെടുത്തത്. 43 ലിറ്റര്‍ വിദേശ മദ്യം, 4.8 ലിറ്ററോളം വിദേശനിര്‍മിത വിദേശ വൈന്‍, അഞ്ചര ലിറ്റര്‍ കേരള നിര്‍മിത വൈന്‍, 860 മില്ലി ലിറ്റര്‍ മിലിട്ടറി മദ്യം എന്നിവയുള്‍പ്പെടെയാണ് പിടിച്ചെടുത്തത്.
ഇതോടെ ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുക്കുകയായിരുന്നു. വ്യാജമദ്യം സൂക്ഷിച്ചതിന് അടക്കം കേസുണ്ട്. അബ്കാരി നിയമം 55 ഐ, 55 എ എന്നീ വകുപ്പുകള്‍ അടക്കമാണ് ചുമത്തിയത്.
കാരാപ്പുഴ റിസര്‍വോയറിന് സമീപത്തെ മൂങ്ങാനിയില്‍ വീട്ടിലായിരുന്നു പരിശോധന. തുടര്‍ന്ന് കൊച്ചിയിലായിരുന്ന ആന്റോയെ പുലര്‍ച്ചയോടെ വയനാട്ടിലെത്തിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എക്സൈസ് പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു.
തുടര്‍ന്ന് എക്സൈസ് ജോയിന്റ് കമ്മിഷണര്‍, ഡെപ്യൂട്ടി കമ്മിഷണര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എന്നിവരടങ്ങുന്ന സംഘം വൈകുന്നേരം നാലരവരെ ചോദ്യംചെയ്യുകയും ചെയ്തു. ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ഇത്രയധികം മദ്യശേഖരം എങ്ങനെ വീട്ടിലേക്കെത്തി എന്ന കാര്യത്തിലാണ് ചോദ്യംചെയ്തത്. എന്നാല്‍, തനിക്കറിയില്ലെന്നും താന്‍ മദ്യം കഴിക്കില്ലെന്നുമായിരുന്നു ചോദ്യങ്ങള്‍ക്കെല്ലാം ആന്റോയുടെ മറുപടി.
Related News