താനൂര്‍: പ്രായത്തിന്റെ പകുതി ദൂരം ഓടി 43-ാം ജന്മദിനം ആഘോഷിച്ച് പ്രവാസിയായ താനൂര്‍ തെയ്യാല സ്വദേശി ഫസല്‍ പലേക്കോടന്‍. ഖത്തര്‍ അല്‍ റയാന്‍ ബാങ്ക് ജീവനക്കാരനായ ഫസല്‍ ജന്മദിനത്തില്‍ 21.5 കിലോമീറ്റര്‍ ഓട്ടമാണ് പൂര്‍ത്തിയാക്കിയത്. ലീവിന് നാട്ടിലെത്തിയതാണ് ഫസല്‍. പാണ്ടിമുറ്റത്തുനിന്ന് ആരംഭിച്ച ഓട്ടം ഒഴൂര്‍, താനാളൂര്‍ പഞ്ചായത്തുകളിലൂടെ കടന്ന് പാണ്ടിമുറ്റത്ത് തന്നെ തിരിച്ചെത്തുന്ന തരത്തിലായിരുന്നു ക്രമീകരിച്ചത്. ഓട്ടം, സൈക്ലിംഗ്, നടത്തം തുടങ്ങിയ വ്യായാമങ്ങളുടെ ദൂരം, സമയം, വേഗത, പ്രകടനം എന്നിവ ട്രാക്ക് ചെയ്ത് രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന 'സ്ട്രാവാ' ആപ്പിലാണ് ഫസല്‍ ജന്മദിന ഓട്ടവും പങ്കുവെച്ചിട്ടുള്ളത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓട്ടവും വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കിയ ഫസലിന്റെ ആരോഗ്യയാത്രയില്‍ കൊളസ്‌ട്രോള്‍ വര്‍ധിച്ചതാണ് വഴിത്തിരിവായത്. തുടര്‍ന്ന് വ്യായാമം, ഭക്ഷണനിയന്ത്രണം, ജീവിതശൈലിയിലെ മാറ്റങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി. ഇതിലൂടെ ആരോഗ്യത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ അനുഭവപ്പെട്ടതായി ഫസല്‍ പറയുന്നു.
തിരക്കേറിയ ജീവിതവും ദീര്‍ഘനേരം ഇരുന്നുള്ള ജോലിയും വ്യായാമക്കുറവും ക്രമരഹിതമായ ഭക്ഷണശീലങ്ങളും ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തില്‍, ദിവസവും കുറച്ചുസമയം ശരീരത്തിനായി മാറ്റിവയ്ക്കണമെന്നാണ് ഫസലിന്റെ സന്ദേശം. നടക്കല്‍, ഓട്ടം, സൈക്കിള്‍ സവാരി, നീന്തല്‍ തുടങ്ങിയവയില്‍ താത്പര്യത്തിനും ആരോഗ്യസ്ഥിതിക്കും അനുയോജ്യമായത് തിരഞ്ഞെടുക്കാം. ചെറിയ സമയത്തുനിന്ന് ആരംഭിച്ച് അത് പതിവാക്കുന്നതാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു.
ഭക്ഷണക്രമത്തിലും നിയന്ത്രണം വേണം. അമിതമായ പഞ്ചസാര, ഉപ്പ്, എണ്ണയില്‍ വറുത്തതും അമിതമായി സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ കുറച്ച് പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മുട്ട ഉള്‍പ്പെടെയുള്ള പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ സമീകൃതാഹാരം ശീലമാക്കണമെന്നാണ് നിര്‍ദേശം.
ഓട്ടമത്സരങ്ങളിലും ഫസല്‍ സജീവമാണ്. 2023-ല്‍ ഖത്തര്‍ ഈസ്റ്റ്‌വെസ്റ്റ് അള്‍ട്രാ മാരത്തണില്‍ 90 കിലോമീറ്റര്‍ സോളോ വിഭാഗത്തിലും, 2024-ല്‍ ഖത്തര്‍ ഫുള്‍ മാരത്തണില്‍ 42 കിലോമീറ്റര്‍ വിഭാഗത്തിലും, 2025-ല്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി മാരത്തണില്‍ 21 കിലോമീറ്റര്‍ വിഭാഗത്തിലും, 2026-ല്‍ ഊറീദു മാരത്തണില്‍ 21 കിലോമീറ്റര്‍ വിഭാഗത്തിലും പങ്കെടുത്തു.
അധ്യാപക ദമ്പതികളായ പരേതനായ പലേക്കോടന്‍ അബൂബക്കറിന്റെയും ഒടയപുറത്ത് ഫാത്തിമത്ത് സുഹ്‌റയുടെയും മകനാണ്. ഭാര്യ: അദീബ എന്‍.എന്‍. മക്കള്‍: റയാന്‍, റിഫ്ദ, റിദ്വ.
Related News