തിരുവനന്തപുരം: ഐ.എ.എസുകാരായ ഡോ. ബി. അശോകിനും എന്‍. പ്രശാന്തിനും അധിക ചുമതല നല്‍കി. അശോകിന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയാണ് നല്‍കിയത്. പ്രശാന്തിന് നികുതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ ചുമതലകൂടി നല്‍കി. ഈ രണ്ടുവകുപ്പും മുഖ്യമന്ത്രി വി.ഡി. സതീശനാണ് കൈകാര്യം ചെയ്യുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷിയേയും സര്‍ക്കാര്‍ നിയമിച്ച് ഉത്തരവിറക്കി.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടവര്‍ എന്ന ആരോപണമുണ്ടായിരുന്നവരാണ് ഇരു ഐ.എസുകാരും. സര്‍ക്കാര്‍ നടപടികളേയും ചീഫ് സെക്രട്ടറിയേയും വിമര്‍ശിച്ചതിന്റെ പേരില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാലത്ത് അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണ് എന്‍. പ്രശാന്ത്. അന്നത്തെ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലായിരുന്നു ബി. അശോകിനെതിരായ അച്ചടക്ക നടപടിക്ക് കാരണമായത്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ, ഇരുവരുടേയും മേല്‍ ചുമത്തിയ നടപടി നീക്കി സര്‍വീസില്‍ തിരിച്ചെടുത്തു.
നിലവില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ബി. അശോക്. എന്‍. പ്രശാന്ത് കായികവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുമാണ്. പൊതുഭരണ വകുപ്പുമായും നികുതി വകുപ്പുമായും ബന്ധപ്പെട്ട് പല നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിലാണ് കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് നടപടി നേരിട്ട രണ്ടുപേരെ വിശ്വാസത്തിലെടുത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
Related News