റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഐ ടി സാങ്കേതിക സംഗമം 'ടെക്ബ്രിഡ്ജ് 2026' സംഘടിപ്പിച്ചു. റേഡിസണ്‍ എയര്‍പോര്‍ട്ട് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നിരവധി ഫോറം അംഗങ്ങള്‍ പങ്കെടുത്തു. ചടങ്ങില്‍ അമീര്‍ ഖാന്‍ സ്വാഗതം പറയുകയും പരിപാടിയുടെ രൂപരേഖ വിശദീകരിക്കുകയും ചെയ്തു. കെ.ഇ.എഫ്.ആറിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ സംസാരിച്ചു. ഐ ടി വിങ് പ്രതിനിധി മുഹമ്മദ് ഷഹീര്‍ പരിപാടിയുടെ അവലോകനം അവതരിപ്പിച്ചു.
അബുദാബി കൊമേഷ്യല്‍ ബാങ്കിലെ സീനിയര്‍ സൊല്യൂഷന്‍ ആര്‍ക്കിടെക്റ്റ് ഗോകുല്‍ ത്യാഗരാജന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്നുള്ള സെഷനുകളില്‍ മാഗ്‌ന എഐയിലെ റാപ്പിഡ് ഇന്നൊവേഷന്‍ മാനേജര്‍ മുഹമ്മദ് തയ്യാര്‍, അല്‍ റൗവാദ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ക്രോസ്-കരിക്കുലര്‍ പ്രോഗ്രാം കോച്ച് ഡോ. മുഹമ്മദ് അബ്ദുല്‍ മതീന്‍, റെഡ് സീ ഗ്ലോബലിലെ ഫിനാന്‍സ് ലീഡ് മുഹമ്മദ് ഷാഹിദ്, പ്രോജക്ട് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അസോസിയേറ്റ് ഡയറക്ടര്‍ പാന്റലിമോന്‍ ഒയ്കൊണോമോ (ഡി ജി ഡി എ) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. എ ഐ സാങ്കേതിക വിദ്യയുടെ ആവശ്യകതയും സമകാലീന സാഹചര്യത്തില്‍ എ ഐ അറിവുകള്‍ നേടിയെടുക്കണമെന്ന് മുഹമ്മദ് ത്വയ്യാര്‍ പറഞ്ഞു.
എഞ്ചിനീയറിംഗ് മേഖലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) സ്വാധീനം, ഇതിലൂടെ ഉയര്‍ന്നുവരുന്ന അവസരങ്ങളും വെല്ലുവിളികളും, ഭാവിയിലെ മാറ്റങ്ങളെ നേരിടാന്‍ എഞ്ചിനീയര്‍മാര്‍ എങ്ങനെ തയ്യാറെടുക്കണം തുടങ്ങിയ വിഷയങ്ങള്‍ ടെക്ബ്രിഡ്ജ് 2026-ന്റെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചയില്‍ വിശദമായി ചര്‍ച്ച ചെയ്തു.
ഇ എല്‍ എം എ ഐ സീനിയര്‍ മാനേജര്‍ താരിഖ് ഖാലിദ്, എന്‍ ടി ടി ഡേറ്റ ഹെഡ് ഓഫ് എ ഐ കണ്‍സള്‍ട്ടിംഗ് മനോജ് ഉണ്ണികൃഷ്ണന്‍, സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് അഡൈ്വസര്‍ സജീവ് മേനോന്‍, ടെക് പ്രോക്‌സിമ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷെയ്ഖ് സലീം, അന്താരാഷ്ട്ര പ്രഭാഷക ഷൈല കോയ എന്നിവര്‍ പാനലിസ്റ്റുകളായി പങ്കെടുത്തു. കെ ഇ എഫ് ഐ ടി വിങ്ങ് അംഗം സുബിന്‍ വിജയന്‍ പാനല്‍ ചര്‍ച്ച മോഡറേറ്റ് ചെയ്തു.
എ ഐ യുടെ അതിവേഗ വളര്‍ച്ച എഞ്ചിനീയറിംഗ് മേഖലയിലും തൊഴില്‍രംഗത്തും സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചും, ഈ മാറ്റങ്ങള്‍ക്കനുസരിച്ച് എഞ്ചിനീയര്‍മാര്‍ സ്വയം നവീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാനലിസ്റ്റുകള്‍ തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തങ്ങളുടെ അറിവും പ്രൊഫഷണല്‍ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനായി വിവിധ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനുകള്‍ നേടിയ കെ ഇ എഫ് അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. സാങ്കേതിക മേഖലയിലെ തുടര്‍ച്ചയായ പഠനത്തിനും നൈപുണ്യ വികസനത്തിനും അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ അംഗീകാരം നല്‍കിയത്.
കൂടാതെ, കെ ഇ എഫ് അംഗങ്ങളില്‍ നിന്ന് ലഭിച്ച വിവിധ നൂതന ആശയങ്ങളില്‍ നിന്ന് ടെക്ബ്രിഡ്ജ് 2026-ലേക്ക് അവതരണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആശയങ്ങളില്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിച്ച റഫ്ഷാദിനെയും സിബിലിനെയും ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. നവീന ചിന്തകള്‍ക്കും സാങ്കേതിക ആശയങ്ങള്‍ക്കും വേദിയൊരുക്കുന്നതിനും അംഗങ്ങളുടെ ആശയങ്ങളും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കെ ഇ എഫ്-ന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ അംഗീകാരം.
പരിപാടികള്‍ക്ക് കെ ഇ എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി. റമീസ് നൂര്‍ മഹല്‍ നന്ദി പറഞ്ഞു.