തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ആന്റൊ അഗസ്റ്റിനെതിരെ തുടങ്ങിയ അന്വേഷണം അദ്ദേഹത്തിന്റെ കൂടുതല്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകളിലേക്ക് വാതില്‍ തുറക്കുന്നു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആര്‍.സി.ബി) മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെ ചുറ്റിപ്പറ്റി പുതിയ രേഖകളും വിവരങ്ങളും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. വയനാട്ടിലെ വാഴവറ്റയിലെ വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച അവകാശവാദത്തിലെ വൈരുധ്യം, ജിഎസ്ടി വകുപ്പിന്റെ നികുതി നോട്ടീസ്, ബാങ്ക് ലേലം, ജപ്തി ചെയ്ത വീട് ഭാര്യാമാതാവ് വാങ്ങിയത്, മെസ്സി പരിപാടിയുമായി ബന്ധപ്പെട്ട വിദേശ ഇടപാട് തുടങ്ങി നിരവധി ആരോപണങ്ങളില്‍ ആന്റൊ അഗസ്റ്റിന്‍ കുടുങ്ങിക്കിടക്കുകയാണ്.
വയനാട്ടിലെ മുട്ടില്‍ പഞ്ചായത്തിലെ വാഴവറ്റകരാപ്പുഴയിലുള്ള മൂങ്ങനാനിയില്‍ വീട് തന്റേതല്ലെന്നും 2022ലെ എസ്.ബി.ഐ ലേലത്തില്‍ ഭാര്യാമാതാവ് ലില്ലി ജോസ് വാങ്ങിയതാണെന്നുമാണ് ആന്റോ അഗസ്റ്റിന്റെ കോടതിയിലെ നിലപാട്. എസ്.ബി.ഐ രേഖകള്‍ പ്രകാരം 2022 ജൂണ്‍ 30ന് നടന്ന ഇലേലത്തില്‍ 14.67 ഏര്‍ (ഏകദേശം 36.25 സെന്റ്) സ്ഥലവും ഏകദേശം 4,897 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവും 2,00,10,000 രൂപയ്ക്കാണ് ലില്ലി ജോസ് സ്വന്തമാക്കിയത്.
എന്നാല്‍ മുട്ടില്‍ പഞ്ചായത്ത് രേഖകളില്‍ കെട്ടിടം ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേരിലാണ്. കെട്ടിട നികുതി സംബന്ധിച്ച രേഖകളിലും അദ്ദേഹത്തിന്റെ പേരാണ് തുടരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എസ്.ബി.ഐയുടെ വില്‍പ്പന സര്‍ട്ടിഫിക്കറ്റില്‍ ലില്ലി ജോസിനെയാണ് വാങ്ങുന്നയാളായി രേഖപ്പെടുത്തിയിരിക്കുന്നത്. ഉടമസ്ഥാവകാശവും കൈവശാവകാശവും സംബന്ധിച്ച് ഈ രേഖകള്‍ തമ്മിലുള്ള വ്യത്യാസമാണ് ഇപ്പോള്‍ അന്വേഷണത്തിന്റെ പ്രധാന വിഷയങ്ങളിലൊന്ന്.
വീട് തിരിച്ചുപിടിക്കാന്‍ ലില്ലി ജോസിന്റെ പേരില്‍ പണം അടച്ചത് ആന്റോ അഗസ്റ്റിന്റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനിയില്‍ നിന്നാണെന്ന് സൂചനയുണ്ട്. മാംഗോ ഫോണ്‍ കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപ എസ്.ബി.ഐ പാലാരിവട്ടം ശാഖയില്‍ അടച്ചതായാണ് അന്വേഷണവിവരം. മറ്റൊരാളുടെ പേരില്‍ പണം നല്‍കുകയോ സ്വത്ത് വാങ്ങുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ബിനാമി ഇടപാടായി പരിഗണിക്കും.
ഏഷ്യന്‍ മോട്ടോഴ്‌സിന്റെ പേരില്‍ ട്രക്കുകള്‍ വാങ്ങുന്നതിനായി ആന്റോ അഗസ്റ്റിന്‍ വീട് ഉള്‍പ്പെടുന്ന സ്വത്ത് എസ്.ബി.ഐയില്‍ പണയംവെച്ച് 13.57 കോടി രൂപ വായ്പയെടുത്തതായും പിന്നീട് തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് സ്വത്ത് ലേലം ചെയ്യുകയുമായിരുന്നു. എ്ന്നാല്‍ ലേലത്തില്‍ പങ്കെടുത്തത് അഗസ്റ്റിന്റെ ഭാര്യമാതാവ് മാത്രമാണ്.
ഇതിനിടെയാണ് കേസില്‍ മറ്റൊരു പ്രധാന രേഖ പുറത്തുവന്നത്. ഓഗസ്റ്റ് മൂന്നിന് കാഞ്ഞങ്ങാട് ജി.എസ്.ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥയ്ക്ക് നല്‍കിയ മൊഴിയില്‍ ആന്റോ അഗസ്റ്റിന്‍ സ്വന്തം വിലാസമായി രേഖപ്പെടുത്തിയിരിക്കുന്നത് വാഴവറ്റയിലെ മൂങ്ങനാനി വീടിന്റെ വിലാസമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മദ്യം പിടിച്ചതുമായി ബന്ധപ്പെട്ട എക്‌സൈസ് കേസില്‍ വാദിച്ചത് ആ വീട് ഇപ്പോള്‍ തന്റെ ഉടമസ്ഥതയിലല്ലെന്നും ഭാര്യാമാതാവിന്റേതാണെന്നുമായിരുന്നു.
ജിഎസ്ടിക്ക് നല്‍കിയ മൊഴിയിലെ വിലാസം, പഞ്ചായത്ത് രേഖകള്‍, എസ്ബിഐയുടെ വില്‍പ്പന സര്‍ട്ടിഫിക്കറ്റ് എന്നിവ പരസ്പരം താരതമ്യം ചെയ്യേണ്ട സാഹചര്യമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുള്ളത്.
വീട്ടില്‍ അനുവദനീയമായ പരിധിയേക്കാള്‍ വളരെ കൂടുതലായി മദ്യശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. നാളെ കേരള ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ്.
വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടും എക്‌സൈസ് അന്വേഷണത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഡിഡിഎംഎ നിയന്ത്രണങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണം നടത്തിയതെന്നും 2022ല്‍ കെട്ടിടം ഹോംസ്‌റ്റേ/ടൂറിസ്റ്റ് ഹോമായി മാറ്റാന്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ജിഎസ്ടി വകുപ്പിന്റെ അന്വേഷണം വേറെയും പുരോഗമിക്കുകയാണ്. 22.68 കോടി രൂപയുടെ ജിഎസ്ടി ബാധ്യത ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിരിക്കുകയാണ്. ജിഎസ്ടിക്ക് നല്‍കിയ മൊഴിയില്‍ മെസ്സിയെ കൊണ്ടുവരാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതാണെന്നാണ് ആന്റൊ മൊഴി നല്‍കിയത്. സര്‍ക്കാര്‍ തന്നെ സമീപിച്ചെന്നും തന്റെ കമ്പനി സ്‌പോണ്‍സര്‍ മാത്രമാണെന്നും ആന്റോ മൊഴി നല്‍കിയതായാണ് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. പരിപാടി നടക്കാത്ത സാഹചര്യത്തില്‍ നികുതി ബാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്്. ആന്റോ അഗസ്റ്റിന്റെ കമ്പനികളിലൂടെയുള്ള പണമിടപാടുകള്‍, വിദേശത്തേക്കുള്ള കൈമാറ്റങ്ങള്‍, ജിഎസ്ടി ബാധ്യതകള്‍ തുടങ്ങിയവയും അന്വേഷണ പരിധിയിലാണ്. ഏകദേശം 200 കോടി രൂപ രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് സ്‌പോണ്‍സറുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് എത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു; ഈ തുക വായ്പയാണെന്നാണ് ആന്റോയുടെ വിശദീകരണം.
Related News