കൊച്ചി: സാമൂഹ്യനീതി വകുപ്പും ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡും (ODAPEC) സംയുക്തമായി നടപ്പാക്കുന്ന വിദേശപഠന പദ്ധതിയുടെ ഭാഗമായി, തിരഞ്ഞെടുക്കപ്പെട്ട ആറ് ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികളിൽ രണ്ട് പേർക്ക് 44 ലക്ഷം രൂപയുടെ ധനസഹായവും യാത്രാരേഖകളും കൈമാറി. സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ വിദ്യാർത്ഥികൾക്ക് യാത്രാ ടിക്കറ്റുകൾ ഔദ്യോഗികമായി കൈമാറി.
യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ (UEA), നോർവിച്ച്, നോർത്ത് വെയിൽസിലെ ബാങ്കർ യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുന്നതിനും അവരുടെ വിദ്യാഭ്യാസ, തൊഴിൽ സാധ്യതകൾ കൂടുതൽ വിപുലീകരിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി എറണാകുളം സ്വദേശികളായ മെൽവിൻ ജോബ്, ഡിലൻ എസ്. ഐ. വി., ആനന്ദ സി. രാജപ്പൻ, കൊല്ലം സ്വദേശി അലക്സ് ജോസഫ്, ഇടുക്കി സ്വദേശി റയാൻ എസ്., കോട്ടയം സ്വദേശി നൈതിക് എന്നിവർക്ക് വിദേശപഠനത്തിന് അവസരം ലഭിച്ചു.
ചടങ്ങിൽ ഒഡെപെക് എച്ച്.ആർ. പ്രതിനിധി അജയ്, എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ജോഷി കെ.ജെ., ജില്ലാ ട്രാൻസ്‌ജെൻഡർ ബോർഡ് അംഗങ്ങളായ ഷെറിൻ ആന്റണി, അമൃത ജോസഫ്, ടി.ജി. സെൽ പ്രോജക്ട് അസിസ്റ്റന്റ് കോർഡിനേറ്റർ സാൻജോ സ്റ്റീവ്, അശ്വിൻ ലൂക്ക് എന്നിവർ പങ്കെടുത്തു.
Related News