ന്യൂകാസില്‍: ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിക്ക് പ്രൊഫസര്‍ഷിപ് പദവി നല്‍കിയ ന്യൂകാസില്‍ യൂനിവേഴ്‌സിറ്റിയുടെ നടപടി ബ്രിട്ടനിലെയും ഇന്ത്യയിലെയും അക്കാദമിക സമൂഹത്തില്‍ വന്‍ വിവാദത്തിന് തിരികൊളുത്തി. ന്യൂകാസില്‍ സര്‍വകലാശാല സുസ്ഥിര വികസന വിഷയത്തില്‍ പ്രൊഫസര്‍ഷിപ്പ് ഓഫ് പ്രാക്ടീസ് പദവിയാണ് ആനന്ദിന് നല്‍കിയത്. വന്യജീവി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, മൃഗക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് നിയമനമെന്ന് സര്‍വകലാശാല വ്യക്തമാക്കി. ഒപ്പം റിലയന്‍സ് ഗ്രൂപ്പിന്റെ ഹരിത ഊര്‍ജത്തിലേക്കുള്ള മാറ്റത്തിന് അദ്ദേഹം നല്‍കുന്ന നേതൃത്വവുമാണ് പ്രൊഫസര്‍ഷിപ്പ് പരിഗണിക്കാനുള്ള പ്രധാന കാരണമെന്ന് സര്‍വകാലാശാല വിശദീകരിച്ചു. അംബാനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച, ഏറെ വിവാദമായ വന്താര സ്വകാര്യ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഉടമ എന്ന നിലയിലാണ് ആനന്ദിന് ഈ പദവി ലഭിച്ചത്.
വ്യവസായിയുടെ പുത്രന് പ്രൊഫസര്‍ഷിപ് പദവി നല്‍കിയതിനെതിരെ അക്കാദമിക രംഗത്തും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമായ വിമര്‍ശനമുയര്‍ന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനിയുടെ മകനാണ് 31കാരനായ ആനന്ദ്. റിലയന്‍സ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ പുനരുപയോഗ ഊര്‍ജ മേഖലയ്ക്ക് നേതൃത്വം നല്‍കുന്ന ആനന്ദ് ഗുജറാത്തില്‍ 1,400 ഹെക്ടര്‍ വിസ്തൃതിയില്‍ വന്താര എന്ന സ്വകാര്യ വന്യജീവി സംരക്ഷണകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ വന്യജീവി സംരക്ഷണത്തിനും വെറ്ററിനറി സയന്‍സിനുമായി വന്താര യൂണിവേഴ്‌സിറ്റിയും ആരംഭിച്ചിരുന്നു. ഒന്നര ലക്ഷത്തിലധികം മൃഗങ്ങളുള്ളതായി പറയുന്ന വന്താരയില്‍ സിംഹങ്ങള്‍, പുള്ളിപ്പുലികള്‍, മുതലകള്‍ ഉള്‍പ്പെടെ നിരവധി വന്യജീവികളുണ്ട്.
എന്നാല്‍ വന്താരയിലേക്ക് വന്യജീവികളെ എത്തിച്ച രീതിയെക്കുറിച്ച് നേരത്തെ തന്നെ വിവിധ പരിസ്ഥിതി സംരക്ഷണ സംഘടനകള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. വന്യജീവി വ്യാപാര ശൃംഖലകളിലൂടെയാണ് പല മൃഗങ്ങളെയും വന്താരയിലെത്തിച്ചതെന്ന് കഴിഞ്ഞ വര്‍ഷം ഒരു ജര്‍മന്‍ പത്രം അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ചില മൃഗങ്ങളെ ഇറക്കുമതി ചെയ്യാന്‍ ഉപയോഗിച്ച അനുമതിപത്രങ്ങളില്‍ ക്രമക്കേടുകള്‍ ഉണ്ടായിരിക്കാമെന്ന് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന ഏജന്‍സി നടത്തിയ അന്വേഷണവും ചൂണ്ടിക്കാട്ടിയിരുന്നു.
അമ്പരപ്പിക്കുന്ന തീരുമാനം എന്നാണ് ആനന്ദിന് പ്രൊഫസര്‍ഷിപ് നല്‍കിയതിനെ ഇന്ത്യന്‍ പരിസ്ഥിതി ചിന്തകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ സുസ്ഥിര ഭാവിക്കായി നേരിട്ട് പ്രവര്‍ത്തിച്ച നിരവധി ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്ധരും സമൂഹപ്രവര്‍ത്തകരും ഈ ബഹുമതിക്ക് കൂടുതല്‍ അര്‍ഹരായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവനക്കാര്‍ ആശങ്കകള്‍ ഉന്നയിച്ചതായി ന്യൂകാസില്‍ സര്‍വകലാശാലയിലെ യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്‍ ശാഖാ ചെയര്‍മാന്‍ പ്രൊഫ. മാറ്റ് പെറിയും പറഞ്ഞു.
സസെക്‌സ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ കാലാവസ്ഥ, പരിസ്ഥിതി, സുസ്ഥിരത വിഭാഗം മേധാവി ലൈല മെഹ്തയും ആശങ്ക പ്രകടിപ്പിച്ചു. സര്‍വകലാശാലകള്‍ അധികാരത്തെയും കോര്‍പ്പറേറ്റുകളെയും ചോദ്യം ചെയ്യേണ്ട സ്ഥാപനങ്ങളാണെന്നും അവയ്ക്ക് അക്കാദമിക് അംഗീകാരം നല്‍കുന്ന വേദികളായി മാറരുതെന്നും അവര്‍ പറഞ്ഞു.
Related News