കൊച്ചി: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റാന്‍ ലക്ഷ്യമിട്ടുള്ള 'മിഷന്‍ സമുദ്ര' പദ്ധതി, വരാനിരിക്കുന്ന തലമുറയ്ക്കായി നല്‍കുന്ന സ്‌നേഹോപഹാരവും കേരളത്തിന്റെ വലിയൊരു സ്വപ്നവുമാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍ പറഞ്ഞു. ലോക മാരിടൈം ദിനാഘോഷ സമാപന സമ്മേളനം കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടല്‍ നമ്മുടെ അതിര്‍ത്തിയല്ല, മറിച്ച് ഭാവിയിലേക്കുള്ള വാതിലാണ്. ലോകത്തിലെ 95 ശതമാനം ചരക്ക് വ്യാപാരവും കടല്‍മാര്‍ഗ്ഗമാണ് നടക്കുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് 31 ലോകരാജ്യങ്ങളുമായി വ്യാപാരബന്ധമുണ്ടായിരുന്ന മുസിരിസിന്റെ മഹത്തായ മാരിടൈം ചരിത്രം കേരളത്തിനുണ്ട്. അവിടെ നടത്തിയ പുരാവസ്തു ഖനനത്തില്‍ ആധുനിക രീതികളെ വെല്ലുന്ന ടോയ്ലറ്റ് മാതൃകകളും അപൂര്‍വ്വ നാണയങ്ങളും കണ്ടെത്തിയിരുന്നു. ഈ ചരിത്രപരമായ സവിശേഷതകളെയും 600 കിലോമീറ്റര്‍ നീളമുള്ള കടല്‍തീരത്തെയും പ്രയോജനപ്പെടുത്തി കേരളത്തെ ഒരു പൂര്‍ണ്ണ 'പോര്‍ട്ട് സിറ്റി'യാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, 18 മിനി തുറമുഖങ്ങള്‍ (കോട്ടയത്തെ ഇന്‍ലാന്‍ഡ് പോര്‍ട്ട് ഉള്‍പ്പെടെ), കണ്ടെയ്‌നര്‍ സ്റ്റേഷനുകള്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ട് വികസനം സാധ്യമാക്കും. അന്താരാഷ്ട്ര സമുദ്രപാതയോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന വിഴിഞ്ഞം പോര്‍ട്ട് പൂര്‍ണ്ണ സജ്ജമാകുന്നതോടെ വലിയ മദര്‍ വെസ്സലുകള്‍ എത്തുകയും, സിംഗപ്പൂര്‍, കൊളംബോ എന്നിവിടങ്ങളിലെ ബിസിനസ് വിഴിഞ്ഞത്തേക്ക് വരികയും ചെയ്യും. ലോജിസ്റ്റിക്‌സ്, കണ്ടെയ്‌നറൈസേഷന്‍, ബ്ലൂ ഇക്കോണമി എന്നിവയിലൂടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, റബ്ബര്‍, നാളികേരം, സുഗന്ധവ്യഞ്ജനങ്ങള്‍, സീ ഫുഡ് തുടങ്ങിയവയ്ക്ക് മൂല്യവര്‍ധന നല്‍കി കയറ്റുമതി വര്‍ദ്ധിപ്പിക്കും. ഫിലിപ്പീന്‍സില്‍ ചക്കച്ചുള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി മാറ്റിയ ശേഷം വില്‍ക്കുന്നത് പോലെ, നമ്മുടെ നാട്ടിലെ വിഭവങ്ങളെയും ആഗോള വിപണിയില്‍ എത്തിക്കാന്‍ 'മിഷന്‍ സമുദ്ര' വഴി സാധിക്കും.
റോഡുകളിലെ ഗതാഗതത്തിരക്ക് 50% വരെ കുറയ്ക്കാന്‍ കടല്‍ വഴിയുള്ള ചരക്കുനീക്കത്തിലൂടെ സാധിക്കും. കുറഞ്ഞ ചെലവില്‍ അപായസാധ്യതയുള്ള വസ്തുക്കളായ എണ്ണ, ഗ്യാസ് എന്നിവ കടലിലൂടെ കൊണ്ടുപോകാം. ടൂറിസം മേഖലയുടെ വികസനത്തിനായി കൊച്ചിയിലും കോഴിക്കോടും ക്രൂയിസ് ടെര്‍മിനലുകള്‍ ആരംഭിക്കും. കൊച്ചിയില്‍ നിന്ന് ദുബായ്, ഗോവ എന്നിവിടങ്ങളിലേക്കും, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും ക്രൂയിസ് ഷിപ്പിംഗ് സര്‍വീസുകള്‍ നടത്താന്‍ പദ്ധതിയുണ്ട്. ഇതിനെ സംസ്ഥാനത്തെ 44 നദികളുമായും (റിവര്‍ ക്രൂയിസ്) നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കും.
കൂടാതെ, കൊച്ചിന്‍ പോര്‍ട്ടിനടുത്ത് ഒരു അന്താരാഷ്ട്ര ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ സിയാല്‍ ബോര്‍ഡ് വഴി ആരംഭിച്ചുകഴിഞ്ഞു. കൊച്ചി വിമാനത്താവളത്തിലെ കാര്‍ഗോ ശേഷി ഒന്നേകാല്‍ ലക്ഷം ടണ്ണില്‍ നിന്ന് അഞ്ചുലക്ഷം ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഓഷ്യനേറിയവും, അന്താരാഷ്ട്ര നിലവാരമുള്ള മാരിടൈം മ്യൂസിയവും കൊച്ചിയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. മാരിടൈം മ്യൂസിയം ആന്‍ഡ് ഓഷ്യനേറിയം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ക്യൂറേറ്ററെ ഉള്‍പ്പെടുത്തിയായിരിക്കും മ്യൂസിയം നിര്‍മ്മിക്കുക. പ്രകൃതിദത്തമായ പാരിസ്ഥിതിക വ്യവസ്ഥ തകരാറിലാക്കാതെ പ്ലാന്റേഷന്‍ ടൂറിസത്തിന് കൂടുതല്‍ അനുമതി നല്‍കുകയും, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഫലവര്‍ഗ്ഗങ്ങളായ അവക്കാഡോ, റംബുട്ടാന്‍, ദുരിയാന്‍ തുടങ്ങിയവ ഉല്‍പ്പാദിപ്പിച്ച് മൂല്യവര്‍ദ്ധന നടത്തി കയറ്റുമതി ചെയ്യുകയും ചെയ്യും. കൂടാതെ ആരോഗ്യ മേഖലയില്‍ ഡെന്റല്‍ ഡിവൈസസ് നിര്‍മ്മാണ പാര്‍ക്കുകളും ആരംഭിക്കും.
തുറമുഖ, വിമാനത്താവള വികസനങ്ങള്‍ക്കായി കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരമാവധി ഭൂമി ഏറ്റെടുക്കാന്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാരിടൈം ലോയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനും ആര്‍ബിട്രേഷനുമായി കൊച്ചിയില്‍ ഒരു 'അഡ്മിറാല്‍റ്റി കോര്‍ട്ട്' സ്ഥാപിക്കും. മാരിടൈം ലോ, മാരിടൈം ഹിസ്റ്ററി, ലോജിസ്റ്റിക്‌സ്, ഇന്‍ഷുറന്‍സ് എന്നിവ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു അക്കാദമിയും വികസിപ്പിക്കും. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങളില്‍ അവരെക്കൂടി പങ്കാളികളാക്കും.
ഇനിമുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 19 'കേരള മാരിടൈം ഡേ' ആയി ആഘോഷിക്കാനും, വിദേശ നിക്ഷേപകരെ പങ്കാളികളാക്കിക്കൊണ്ട് വാര്‍ഷിക 'മാരിടൈം കോണ്‍ക്ലേവ്' നടത്താനും തീരുമാനിച്ചു. പദ്ധതികളുടെ പുരോഗതിയും, എത്ര തുകയുടെ നിക്ഷേപം വന്നു, എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചു എന്നതും വ്യക്തമാക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടിംഗ് നടപ്പിലാക്കും.
കേരളത്തിന്റെ തുറമുഖ ചരിത്രവും മത്സ്യബന്ധന പാരമ്പര്യവും സമുദ്ര ഗവേഷണവും ഉള്‍പ്പെടെയുള്ള സമഗ്രമായ സമുദ്ര പൈതൃകം വരുംതലമുറകള്‍ക്കായി സംരക്ഷിക്കുകയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ അംഗീകരിച്ച ഇന്റര്‍നാഷണല്‍ മാരിടൈം മ്യൂസിയം ആന്‍ഡ് ഓഷ്യനേറിയം പദ്ധതിയുടെ സമീപന രേഖയുടെയും ലോഗോയുടെയും പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. മാരിടൈം മേഖലയില്‍ സമഗ്ര പ്രവര്‍ത്തനം കാഴ്ചവെച്ച വിവിധ വകുപ്പുകള്‍ക്ക് 'മിഷന്‍ സമുദ്ര' അംഗീകാരം മുഖ്യമന്ത്രി കൈമാറി.
ചടങ്ങില്‍ ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കേരളം മാരിടൈം മേഖലയില്‍ കൈവരിക്കുന്ന ഈ മുന്നേറ്റത്തെ ലോകമൊട്ടാകെ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തീരദേശ മേഖലയുടെ വികസനത്തിലൂടെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകുന്ന കാഴ്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തെ സംബന്ധിച്ചിടത്തോളം മാരിടൈം രംഗത്ത് അനന്തമായ സാധ്യതകളാണുള്ളതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. സാധ്യതകള്‍ എവിടെയൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കി അത്തരം മേഖലകളില്‍ ശരിയായ നിക്ഷേപങ്ങളും വികസന പദ്ധതികളും ആവിഷ്‌കരിച്ച് മുന്നോട്ടുപോകാന്‍ കഴിഞ്ഞാല്‍ കേരളത്തിന് വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. 'മിഷന്‍ സമുദ്ര'യെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും രൂപരേഖയും തയ്യാറാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസ രംഗത്തും അതിനനുബന്ധമായി ഒട്ടനവധി മാറ്റങ്ങള്‍ കൊണ്ടുവരാനും അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും നമുക്ക് സാധിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും ഇടപെടലുകളും നടത്തുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ദീപക് ജോയ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, മരട് നഗരസഭ ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാര്‍, കൗണ്‍സിലര്‍ സുനീല സിബി, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ഇന്ത്യന്‍ നാവികസേന ഫ്‌ലാഗ് ഓഫ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീറ സക്‌സേന, ഫിഷറീസ് ഡയറക്ടര്‍ മിസല്‍ സാഗര്‍ ഭരത്, കസ്റ്റംസ് കമ്മീഷണര്‍ ഡോ. ടി. ടിജു, മെര്‍ക്കന്റൈല്‍ കൊച്ചി മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ ജെ. സെന്തില്‍കുമാര്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ ഡി.ഐ.ജി. ആശിഷ് മെഹ്‌റോത്ര, കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സതീഷ് ഹൊന്നക്കട്ടെ, കെ.എസ്.ഐ.എന്‍.സി. മാനേജിംഗ് ഡയറക്ടര്‍ ആര്‍. ഗിരിജ, മാരിടൈം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെറോമിക് ജോര്‍ജ്, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.