നാഗോയ: കുടുംബം പുലര്‍ത്താന്‍ ദല്‍ഹിയില്‍ ഊബര്‍ ടാക്‌സി ഓടിച്ചിരുന്ന സല്‍മാന്‍ ഖാന്‍ ഇനി ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ്. ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും കൈവിടാതിരുന്ന ഇന്ത്യന്‍ ആര്‍മി സ്വപ്നവും പിന്നീട് അപ്രതീക്ഷിതമായി എത്തിയ റോവിങ്ങുമാണ് സല്‍മാനെ ചരിത്രനേട്ടത്തിലേക്ക് എത്തിച്ചത്. വ്യാഴാഴ്ച സത്‌നം സിങ്ങിനൊപ്പം പുരുഷന്മാരുടെ ഡബിള്‍ സ്‌കള്‍സില്‍ വെങ്കലം നേടിയതോടെ ഏഷ്യന്‍ ഗെയിംസില്‍ ഈ ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലിനും സല്‍മാന്‍ പങ്കാളിയായി.
6:13.25 മിനിറ്റിലാണ് സല്‍മാന്‍-സത്‌നം സഖ്യം ഫിനിഷ് ചെയ്തത്. ചൈനയുടെ യി ഷൂഡി-നി യിഡെ സഖ്യം സ്വര്‍ണവും ഉസ്‌ബെക്കിസ്ഥാന്റെ പാവല്‍ സോറിന്‍-മെഹ്‌റോജ്‌ബെക് മമത്കുലോവ് സഖ്യം വെള്ളിയും നേടി. 500, 1000, 1500 മീറ്ററുകളില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അവസാന 500 മീറ്ററില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും മെഡല്‍ ഉറപ്പിച്ചു.
ഉത്തര്‍പ്രദേശിലെ അമേഠി ജില്ലയിലെ പുരേ ധിങ്കായി സ്വദേശിയാണ് സല്‍മാന്‍. ആറ് മക്കളുള്ള കുടുംബത്തിലെ മൂത്ത മകന്‍. ഹരിയാനയിലെ തൗറുവില്‍ ട്രക്ക് ബോഡി നിര്‍മാണ ജോലിചെയ്തിരുന്ന പിതാവ് മുഹമ്മദ് കാസിം ഖാന്‍ സല്‍മാന് 18 വയസ്സുള്ളപ്പോള്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഇതോടെ ഇളയ സഹോദരങ്ങളുടെ ഉത്തരവാദിത്തം സല്‍മാന്റെ ചുമലിലായി. സൈന്യത്തില്‍ ചേരണമെന്ന സ്വപ്നം മാറ്റിവെച്ച് ദല്‍ഹിയിലെത്തി. കുടുംബത്തെ പോറ്റാന്‍ പകലും രാത്രിയും ഊബര്‍ കാര്‍ ഓടിച്ചു.
പിന്നീട് സുഹൃത്ത് സല്‍മാന്റെ ഉയരവും ശരീരഘടനയും ചൂണ്ടിക്കാട്ടി സൈനിക റിക്രൂട്ട്‌മെന്റിന് ശ്രമിക്കാന്‍ പ്രേരിപ്പിച്ചു. ടാക്‌സി മറ്റൊരു െ്രെഡവറെ ഏല്‍പ്പിച്ച് നാല് മാസം പരിശീലനം നടത്തി. റിക്രൂട്ട്‌മെന്റ് റാലിയും മെഡിക്കല്‍, എഴുത്തുപരീക്ഷകളും വിജയിച്ച് 2018 സെപ്റ്റംബര്‍ 25ന് പൂനെയിലെ ബോംബെ എന്‍ജിനീയര്‍ ഗ്രൂപ്പില്‍ ചേര്‍ന്നു.
സൈന്യത്തില്‍ ചേര്‍ന്ന ശേഷമാണ് സല്‍മാന്‍ റോവിങ്ങിലേക്ക് എത്തുന്നത്. പരിശീലകരായ സത്യവാന്‍, സതീഷ് സിറാത്ത്, പ്രഭാത് മിശ്ര എന്നിവര്‍ സല്‍മാന്റെ ശാരീരികക്ഷമത ശ്രദ്ധിച്ച് റോവിങ് പരീക്ഷിക്കാന്‍ നിര്‍ദേശിച്ചു. ആദ്യം താല്‍പര്യമില്ലായിരുന്നെങ്കിലും പരിശീലകരുടെ നിര്‍ബന്ധത്തില്‍ ബോട്ടിലിറങ്ങി.
ആദ്യ ഇന്റര്‍ സെന്റര്‍ മത്സരത്തില്‍ വെള്ളി നേടിയതോടെ ആത്മവിശ്വാസമായി. പിന്നീട് ബറ്റാലിയന്‍, ഇന്റര്‍ സെന്റര്‍ മത്സരങ്ങളില്‍ മെഡലുകള്‍ നേടി. 2021ല്‍ എര്‍ഗോമീറ്റര്‍ മാനദണ്ഡങ്ങള്‍ മറികടന്ന് പൂനെയിലെ ആര്‍മി റോവിങ് നോഡില്‍ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടു.
2022ലെ ഗുജറാത്ത് ദേശീയ ഗെയിംസിലും ഇന്‍ഡോര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടി. 2023ലെ സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും ഓപ്പണ്‍ സ്പ്രിന്റ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടി. അതേ വര്‍ഷം ലൂസേണില്‍ നടന്ന വേള്‍ഡ് റോവിങ് കപ്പല്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.
ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീമില്‍ ഉള്‍പ്പെട്ട സല്‍മാന് പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി സാമ്പത്തിക പിന്തുണയും ലഭിച്ചു. 2024ല്‍ ഏഷ്യന്‍ റോവിങ് കപ്പില്‍ സ്വര്‍ണം നേടിയതോടെ നായിബ് സുബേദാര്‍ പദവിയിലേക്കും സ്ഥാനക്കയറ്റം ലഭിച്ചു. 2025ല്‍ ഓസ്‌ട്രേലിയന്‍ റോവിങ് ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ റോവിങ് ചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടിയ അദ്ദേഹം ദേശീയ ഗെയിംസിലും സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടി.
ഇപ്പോള്‍ നേട്ടങ്ങളുടെ പട്ടികയില്‍ ഏറ്റവും വിലപ്പെട്ടൊരു അധ്യായം കൂടി, ഏഷ്യന്‍ ഗെയിംസ് മെഡല്‍
സല്‍മാന്റെ പങ്കാളിയായ സത്‌നം സിങ്ങിനും അപൂര്‍വമായ കഥയുണ്ട്. ആദ്യം ദേശീയതല ഹാന്‍ഡ്‌ബോള്‍ താരമായിരുന്ന സത്‌നം 2018ലാണ് റോവിങ്ങിലേക്ക് മാറിയത്. ഒളിമ്പ്യന്‍ സ്വരണ്‍ സിങ് വിര്‍ക്കാണ് അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ് റോവിങ്ങിലേക്ക് കൊണ്ടുവന്നത്.
2018 യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സത്‌നം 2023ലെ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ക്വാഡ്രപ്പിള്‍ സ്‌കള്‍സ് ടീമിനൊപ്പം വെങ്കലം നേടിയിരുന്നു. 2025ല്‍ ഏഷ്യന്‍ റോവിങ് ചാമ്പ്യന്‍ഷിപ്പില്‍ ക്വാഡ്രപ്പിള്‍ സ്‌കള്‍സില്‍ സ്വര്‍ണവും നേടി.
ഏഷ്യന്‍ ഗെയിംസിന് തൊട്ടുമുമ്പാണ് സല്‍മാനും സത്‌നവും ഡബിള്‍ സ്‌കള്‍സിലേക്ക് മാറിയത്. പുതിയ കൂട്ടുകെട്ട് വേഗത്തില്‍ പൊരുത്തപ്പെട്ട ഇരുവരും മെഡല്‍ ഉറപ്പിച്ച് ഇന്ത്യന്‍ റോവിങ് ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചു.
Related News