കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ 'ആംസ്റ്റര്‍ ഓവര്‍സീസ്' സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമായ പാര്‍വതി മായ ഷാജിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുത്തു. വിദേശത്തുനിന്ന് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവര്‍ത്തിക്കുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്', 'ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ്' എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് നിലവില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. അര്‍മേനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് പ്രധാന ആരോപണം. കോട്ടയത്ത് റജിസ്റ്റേര്‍ഡ് ഓഫീസുള്ള ഈ സ്ഥാപനത്തിന് കൊച്ചി, കട്ടപ്പന, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് കൂടാതെ ബാംഗ്ലൂര്‍, ഒമാന്‍, ദുബായ്, അബുദാബി, ബഹ്‌റൈന്‍, നേപ്പാള്‍ തുടങ്ങിയ വിദേശ കേന്ദ്രങ്ങളിലും ശാഖകളുണ്ട്.
തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ യുവാവിന് അര്‍മേനിയയില്‍ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഒരു കേസ്. 2023 ഡിസംബറില്‍ പണം വാങ്ങിയ ശേഷം ജോലിയോ പണമോ നല്‍കാതിരിക്കുകയും, പണം തിരികെ ചോദിച്ച പരാതിക്കാരിയെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് പ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. പാര്‍വതി മായ ഷാജി, ഭര്‍ത്താവ് അനീഷ് മേനോന്‍ അടക്കം ഏഴ് പേര്‍ക്കെതിരെയാണ് ബിഎന്‍എസ് വകുപ്പുകളും എമിഗ്രേഷന്‍ ആക്ടും പ്രകാരം കേസെടുത്തിട്ടുള്ളത്.
കുന്നത്തുനാട് തിരുവാണിയൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് പോളണ്ടിലെ വെയര്‍ഹൗസില്‍ ജോലി വാഗ്ദാനം ചെയ്ത് 6.06 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് മറ്റൊരു കേസ്. 2023 ജൂലൈ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ടിക്കറ്റ് തുക ഉള്‍പ്പെടെ വിവിധ ഘട്ടങ്ങളിലായി പണം കൈപ്പറ്റിയ ശേഷം, പോളണ്ടില്‍ ജോലി നല്‍കാതെ സെര്‍ബിയയിലേക്ക് അയച്ച് ചതിക്കുകയായിരുന്നു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ലൈസന്‍സില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
തൊഴില്‍ സാധ്യതകളും വിസ വാഗ്ദാനങ്ങളും നല്‍കി പ്രവാസികളെയും ഉദ്യോഗാര്‍ത്ഥികളെയും കബളിപ്പിച്ച ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Related News