കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) അനുഭവ സമ്പത്ത് പുതിയ മേഖലകളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സിയാലിന്റെ 32-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഹരിയുടമകള്‍ക്ക് 55 ശതമാനം ലാഭവിഹിതം നല്‍കുന്നതിനുള്ള ഡയറക്ടര്‍ബോര്‍ഡിന്റെ ശുപാര്‍ശയ്ക്ക് വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കി.
വിമാനത്താവള നിര്‍മാണ ആസൂത്രണം, റണ്‍വെ വികസനം, കാര്‍ഗോ, ഗ്രൗണ്ട് ഹാന്‍ഡ്ലിങ്, കമേഴ്സ്യല്‍ എന്നീ മേഖലകളില്‍ സിയാല്‍ കണ്‍സള്‍ട്ടന്‍സി സേവനം നല്‍കും. ഇതിനായി സിയാല്‍ ഏയ്സസ് എന്ന വിഭാഗത്തിന് രൂപം നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ വിമാനത്താവളത്തിലെ പാസഞ്ചര്‍ വെരിഫിക്കേഷന്‍ സംവിധാനം, ആദ്യ പദ്ധതിയായി നടപ്പിലാക്കും. വിമാനത്താവളത്തെ മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് ഹബ് ആയി വികസിപ്പിക്കുക, വിമാനത്താവളവുമായി അനുബന്ധപ്പെടുത്തി ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുക, വരുമാന സാധ്യതകള്‍ വിപുലീകരിക്കുക, നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മികച്ച യാത്രാനുഭവം നല്‍കുക എന്നീ പദ്ധതികള്‍ക്കും തുടക്കമിടും-മുഖ്യമന്ത്രി പറഞ്ഞു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ 1,220 കോടി രൂപയുടെ മൊത്ത വരുമാനവും 502 കോടി രൂപയുടെ ലാഭവുമാണ് സിയാല്‍ നേടിയത്. 73,134 വിമാന സര്‍വീസുകളും 1.14 കോടി യാത്രക്കാരും സിയാല്‍ കൈകാര്യം ചെയ്തു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സിയാല്‍ ഡയറക്ടറുമായ റോജി എം. ജോണ്‍, സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ്, കമ്പനി സെക്രട്ടറി രാജീവ് കെ., സി. എഫ്. ഒ സജി ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.
സിയാലിന്റെ പുതിയ പദ്ധതിയായ ' സിയാല്‍ ഏയ്സസ് (ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി ആന്റ് എക്സ്പര്‍ട്ട് സര്‍വീസസ് ), പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ബ്രിഡ്ജ് മൗണ്ട് എക്യൂപെന്‍സ് സര്‍വീസ് എന്നിവ മുഖ്യമന്ത്രി ഉദ്ഘടാനം ചെയ്തു. എല്ലാ വിമാനങ്ങള്‍ക്കും സൗജന്യമായി ഈ സേവനം ലഭ്യമാക്കാനാകുമെന്നും ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സൗജന്യ സേവനം നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.