നാഗോയ: ഹാങ്ചൗവിലെ ചരിത്രവിജയത്തിന് ശേഷം ഏഷ്യന്‍ ഗെയിംസിന്റെ അത്‌ലറ്റിക്‌സ് ട്രാക്കിലേക്ക് ഇന്ത്യ വീണ്ടും ഇറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ വാനോളം. 2023ല്‍ നടന്ന ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടിയ റെക്കോര്‍ഡ് 107 മെഡലുകളില്‍ 29 എണ്ണവും അത്‌ലറ്റിക്‌സില്‍ നിന്നായിരുന്നു, ആറ് സ്വര്‍ണം, 14 വെള്ളി, ഒന്‍പത് വെങ്കലം. ഒരു ഏഷ്യന്‍ ഗെയിംസില്‍ ഏതെങ്കിലും ഇന്ത്യന്‍ കായിക ഇനത്തിന് ലഭിച്ച ഏറ്റവും വലിയ മെഡല്‍ക്കൊയ്ത്തായിരുന്നു അത്.
എന്നാല്‍ ഇത്തവണ ഇന്ത്യയുടെ അത്‌ലറ്റിക്‌സ് പോരാട്ടത്തിന് വലിയൊരു ശൂന്യതയുണ്ട്. ഹാങ്ചൗവില്‍ ജാവലിന്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര പരുക്കിനെ തുടര്‍ന്ന് പിന്മാറി. അതിനാല്‍ തന്നെ ചോപ്രയുടെ അഭാവത്തില്‍ ഇന്ത്യന്‍ സംഘത്തിന് മുന്നിലുള്ള ചോദ്യം മെഡല്‍ക്കൊയ്ത്ത് തുടരാനാകുമോ എന്നതാണ്.
ജാവലിനില്‍ രോഹിത് യാദവും യശ്വീര്‍ സിങ്ങുമാണ് ഇന്ത്യയുടെ പ്രതീക്ഷ. 87.68 മീറ്ററാണ് രോഹിത്തിന്റെ സീസണ്‍ ബെസ്റ്റ്; യശ്വീറിന്റേത് 85.41 മീറ്ററും. എന്നാല്‍ ശ്രീലങ്കയുടെ റുമേഷ് പതിരഗെ 90 മീറ്ററിന് മുകളിലുള്ള പ്രകടനങ്ങളുമായി ഈ സീസണില്‍ ശ്രദ്ധേയനായതിനാല്‍ ജാവലിന്‍ സ്വര്‍ണം കടുത്ത പോരാട്ടമാകും.
ഇന്ത്യന്‍ സംഘത്തില്‍ കേരളത്തിനും ഇത്തവണ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. ഏഷ്യന്‍ ഗെയിംസ് സംഘത്തില്‍ വിവിധ കായിക ഇനങ്ങളിലായി 28 കേരള താരങ്ങളുണ്ട്. അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷകളില്‍ മുന്നിലുള്ളത് എം. ശ്രീശങ്കറും ആന്‍സി സോജനും മുഹമ്മദ് അഫ്‌സലുമാണ്.
മുഹമ്മദ് അഫ്‌സല്‍ പുരുഷന്മാരുടെ 800 മീറ്ററില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷയാണ്. 2023 ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ അഫ്‌സല്‍ 2025ല്‍ 1:44.93 സെക്കന്‍ഡില്‍ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. 2026ല്‍ 1:46.40 ആണ് അദ്ദേഹത്തിന്റെ സീസണ്‍ ബെസ്റ്റ്.
എം. ശ്രീശങ്കര്‍ ലോങ് ജംപില്‍ വീണ്ടും ഏഷ്യന്‍ വേദിയിലേക്ക് വരികയാണ്. പരുക്കിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ശ്രീശങ്കറിന്റെ ഈ വര്‍ഷത്തെ മികച്ച ദൂരം 8.38 മീറ്ററാണ്, ഏഷ്യയിലെ തന്നെ മികച്ച പ്രകടനങ്ങളില്‍ ഒന്ന്. ഹാങ്ചൗവില്‍ വെള്ളി നേടിയ താരം ഇത്തവണ അത് സ്വര്‍ണമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരളത്തിന്റെ ഏറ്റവും വലിയ പുതിയ പ്രതീക്ഷ ആന്‍സി സോജന്‍ ആണ്. ജൂണില്‍ ഭുവനേശ്വറില്‍ 6.88 മീറ്റര്‍ ചാടി അഞ്ജു ബോബി ജോര്‍ജിന്റെ 22 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് തകര്‍ത്ത ആന്‍സി ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ പുതിയ താരോദയമായി. കേരളത്തില്‍ നിന്നുള്ള ഈ ലോങ് ജംപര്‍ ഇപ്പോള്‍ ഏഷ്യന്‍ തലത്തിലെ തന്നെ മുന്‍നിര പ്രകടനവുമായി നാഗോയിയിലെത്തുന്നു.
നീരജിന്റെ അഭാവത്തിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഒതുങ്ങുന്നില്ല. രണ്ടു തവണ ഏഷ്യന്‍ ഗെയിംസ് ഡിസ്‌കസ് സ്വര്‍ണം നേടിയ തജീന്ദര്‍പാല്‍ സിങ് തൂര്‍ മൂന്നാം തുടര്‍ച്ചയായ സ്വര്‍ണം ലക്ഷ്യമിടുന്നു. 21.03 മീറ്ററാണ് ഈ വര്‍ഷത്തെ മികച്ച പ്രകടനം. ഗുല്‍വീര്‍ സിങ് 10,000, 5000, 1500 മീറ്ററുകളില്‍ മത്സരിക്കും. 10,000 മീറ്ററിലെ 27:24.18 എന്ന സീസണ്‍ ബെസ്റ്റ് അദ്ദേഹത്തെ പ്രധാന മെഡല്‍ പ്രതീക്ഷയാക്കുന്നു.
സര്‍വേഷ് കുശാരെയുടെ 2.31 മീറ്റര്‍ ഹൈജംപ് പ്രകടനവും ശ്രദ്ധേയമാണ്. ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തിന് പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയ താരം ഏഷ്യന്‍ വേദിയിലും മെഡല്‍ ലക്ഷ്യമിടുന്നു.
അവിനാഷ് സാബ്ലെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലെ നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാണ്. പരുക്കില്‍നിന്ന് തിരിച്ചെത്തിയ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യ ഉറ്റുനോക്കും. വനിതകളില്‍ പാരുള്‍ ചൗധരി 1500, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്, 5000 മീറ്റര്‍ എന്നീ ഇനങ്ങളില്‍ ഇറങ്ങും.
800 മീറ്ററിലെ അഫ്‌സലിന് പുറമെ കേരളത്തിന്റെ മനു ടി.എസ്., മുഹമ്മദ് അഷ്ഫാഖ് എന്നിവരും 4-400 മീറ്റര്‍ റിലേ സംഘത്തിന്റെ ഭാഗമാണ്. 2026ലെ ദേശീയ ഇന്റര്‍സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി 45.60 സെക്കന്‍ഡില്‍ ഓടിയ മനു ടി.എസ്. ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു.
4-400 മീറ്റര്‍ പുരുഷ റിലേ സംഘവും മെഡല്‍ പ്രതീക്ഷ നല്‍കുന്നു. ലോക റിലേയില്‍ ഇന്ത്യ 3:00.32 സമയം കുറിച്ചിരുന്നു. ചെറിയ വ്യത്യാസങ്ങളാണ് ഏഷ്യയിലെ മുന്‍നിര ടീമുകളെ വേര്‍തിരിക്കുന്നത്.
നാഗോയിയിലെ ട്രാക്കും ഫീല്‍ഡും ഉണരുമ്പോള്‍, ഹാങ്ചൗവിലെ 29 മെഡലുകളുടെ ഓര്‍മ്മയ്‌ക്കൊപ്പം കേരളത്തിന്റെ പുതിയ തലമുറയും ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മെഡല്‍ക്കൊയ്ത്തിന് വേഗം പകരുമോയെന്നാണ് ഇനി കാത്തിരിക്കേണ്ടത്.
Related News