ദമ്മാം: 96-ാം സൗദി ദേശീയ ദിനാഘോഷ ഭാഗമായി 'ഷെയര്‍ ദി ഗിഫ്റ്റ് ഓഫ് ലൈഫ്' എന്ന പ്രമേയത്തില്‍ ഐ.സി.എഫ്. ദമ്മാം റീജിയന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൗദി ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
അറേബ്യയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഊഷ്മള ബന്ധത്തിന്റെ നിദര്‍ശനമായിരുന്നു രക്തദാന ക്യാമ്പ്. തങ്ങളുടെ നാട്ടില്‍നിന്നും കുടുംബത്തില്‍നിന്നും ബഹുദൂരം അകലെ സൗദി അറേബ്യയെ മറ്റൊരു വീടായി തിരഞ്ഞെടുത്ത ഇന്ത്യക്കാര്‍ക്ക്, തങ്ങളുടെ സഹോദരങ്ങളെ ചേര്‍ത്തുപിടിക്കുന്ന അനുഭൂതിയാണ് രക്തദാനത്തിലൂടെ ലഭിച്ചതെന്ന് പങ്കെടുക്കാനെത്തിയവര്‍ പറഞ്ഞു.
ഒരു ജീവനെയെങ്കിലും രക്ഷിച്ചെടുക്കാന്‍ ഓരോ വ്യക്തിക്കും ചെയ്യാനാവുന്നത് ചെയ്യുക എന്നതാണ് രക്തദാനം കൊണ്ട് ഉദ്ദേശിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ ഉത്തമ മാതൃകയാവുക, പ്രവാസത്തിലെ സന്നദ്ധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ദമ്മാം ഉതൈറിലെ 'ദമീ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍' നടന്ന ക്യാമ്പില്‍ വെല്‍ഫെയര്‍ സെക്രട്ടറി അഹ്‌മദ് തോട്ടട സ്വാഗതവും അബ്ദുല്‍ ഖാദര്‍ സഅദി കൊറ്റുമ്പ നന്ദിയും പറഞ്ഞു.
ഐ.സി.എഫ്. ചാപ്റ്റര്‍ സെക്രട്ടറി റാഷിദ് കാലിക്കറ്റ്, റീജിയന്‍ പ്രസിഡന്റ് അഹ്‌മദ് നിസാമി, സെക്രട്ടറി മുനീര്‍ തോട്ടട, ഫിനാന്‍സ് സെക്രട്ടറി സാക്കിര്‍ മാന്നാര്‍, ഡോ. അബ്ദുല്‍ അസീസ് അവാദ്, ഡോ. ഹമാദ് അല്‍ഖിഷ, ഫഹദ് അല്‍യാമി, റീജിയന്‍ ഡെപ്യൂട്ടി പ്രസിഡന്റുമാരായ സിദ്ദിഖ് സഖാഫി ഉറുമി, ശംസുദ്ദിന്‍ സഅദി, സെക്രട്ടറിമാരായ മജീദ് ചങ്ങനാശ്ശേരി, അബ്ദുല്‍ ഖാദര്‍ സഅദി കൊറ്റുമ്പ, ഹര്‍ഷാദ് എടയന്നൂര്‍, അന്‍വര്‍ തഴവ, അഷ്റഫ് ചാപ്പനങ്ങാടി, അബ്ദുല്ലാഹ് കാന്തപുരം എന്നിവര്‍ നേതൃത്വം നല്‍കി.