ന്യൂഡല്‍ഹി: ഇന്ത്യയുടെ സാംസ്‌കാരികവും നാഗരികവുമായ പൈതൃകം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനായി ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ നോര്‍ത്ത്, സൗത്ത് ബ്ലോക്ക് കെട്ടിടങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന 'യുഗേ യുഗീന്‍ ഭാരത് നാഷനല്‍ മ്യൂസിയം' പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 3,230 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയാണ് അനുമതി നല്‍കിയത്.
നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രധാന മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനകേന്ദ്രങ്ങളായിരുന്ന നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് മ്യൂസിയം ഒരുക്കുന്നത്. ചരിത്രപ്രാധാന്യവും വാസ്തുവിദ്യാ സവിശേഷതകളും സംരക്ഷിച്ചുകൊണ്ടായിരിക്കും കെട്ടിടങ്ങളുടെ പരിവര്‍ത്തനം. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി ഇത് മാറുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2023 മേയിലാണ് പ്രധാനമന്ത്രി മോദി മ്യൂസിയം സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. 2026-27 മുതല്‍ 2030-31 വരെയുള്ള അഞ്ച് സാമ്പത്തിക വര്‍ഷങ്ങളിലായി വിവിധ ഘട്ടങ്ങളിലായാണ് നിര്‍മാണവും വികസനവും പൂര്‍ത്തിയാക്കുക. 'അലങ്കാരം' എന്ന പ്രമേയത്തിലുള്ള ആദ്യ ഗാലറി 2027ന്റെ രണ്ടാം പകുതിയില്‍ നോര്‍ത്ത് ബ്ലോക്കില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.
വാസ്തുവിദ്യയും നഗരക്കാഴ്ചകളും, ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും, ഭാഷകളും ലിപികളും, വിശ്വാസവും ആത്മീയതയും, വ്യാപാരവും ആശയവിനിമയവും ഉള്‍പ്പെടുന്ന 'ഭാരത് കണക്ട്സ്' തുടങ്ങിയ വിഷയങ്ങളില്‍ മറ്റ് ഗാലറികളും ഒരുക്കും.
ദേശീയ മ്യൂസിയം ഉള്‍പ്പെടെ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മ്യൂസിയങ്ങള്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) 52 സൈറ്റ് മ്യൂസിയങ്ങള്‍, സംസ്ഥാന മ്യൂസിയങ്ങള്‍, സ്വകാര്യ ശേഖരങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി ഏകദേശം 18 ലക്ഷം പുരാവസ്തുക്കളും പൈതൃകവസ്തുക്കളും പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. സിന്ധുനദീതട സംസ്‌കാരത്തിലെ വിഖ്യാതമായ 'ഡാന്‍സിങ് ഗേള്‍' വെങ്കലപ്രതിമയും പശുപതി മുദ്രയും ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പുകള്‍ മ്യൂസിയത്തിന്റെ മാതൃകാ ഗാലറിയില്‍ പ്രദര്‍ശിപ്പിക്കാനാണ് പദ്ധതി.
ഇന്ത്യയുടെ നാഗരിക വികാസം, ചരിത്രപരമായ തുടര്‍ച്ച, സാംസ്‌കാരിക വൈവിധ്യം എന്നിവ ഒരിടത്ത് അവതരിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തരവിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന സാംസ്‌കാരിക കേന്ദ്രമായി മ്യൂസിയത്തെ വികസിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
വര്‍ഷത്തില്‍ ഒരു കോടി സന്ദര്‍ശകരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലാണ് മ്യൂസിയം രൂപകല്‍പന ചെയ്യുന്നത്. സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനൊപ്പം വിനോദസഞ്ചാരം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, തൊഴില്‍സൃഷ്ടി തുടങ്ങിയ മേഖലകളിലും പദ്ധതി നേട്ടമുണ്ടാക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.
Related News