ദുബായ്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികള്‍ വാഷിംഗ്ടണ്‍ തേടുന്നതിനിടെ, ഇറാനിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനുമായി നേരി്ട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആലോചിക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെഹ്റാനുമായി വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് വാന്‍സ് നേതൃത്വം നല്‍കുന്നതിനോട് തനിക്ക് യോജിപ്പാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശ നേതാക്കളോട് വ്യക്തമാക്കിയതായും, നയതന്ത്ര ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ വൈസ് പ്രസിഡന്റിന് അദ്ദേഹം അധികാരം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍നടപടികളെക്കുറിച്ച് വാഷിംഗ്ടണും ടെഹ്റാനും മധ്യസ്ഥര്‍ വഴിയും പ്രാദേശിക സഖ്യകക്ഷികള്‍ മുഖേനയും ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ചര്‍ച്ചകള്‍ക്കായി ഔദ്യോഗിക തീയതിയൊന്നും ഇതുവരെ നിശ്ചയിച്ചിട്ടില്ല.
കൂടിക്കാഴ്ചയ്ക്ക് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായിക്ക് വാന്‍സ് ഒക്ടോബറില്‍ കത്തയച്ചിരുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കുന്നു. ഈ നീക്കം വാന്‍സിനെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ പരീക്ഷണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ നയതന്ത്ര തകര്‍ച്ചയുടെ ഉത്തരവാദിത്തം അദ്ദേഹത്തിന് മേല്‍ വന്നുചേരാനും, മറിച്ച് കരാര്‍ വിജയിച്ചാല്‍ ജനപ്രീതിയില്ലാത്ത ഒരു സംഘര്‍ഷം അവസാനിപ്പിക്കാന്‍ സഹായിച്ചതിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായ ഉയരാനും സാധ്യതയുണ്ട്.
അതേസമയം, വാന്‍സിന്റെ പങ്കാളിത്തത്തോടെ ജൂണില്‍ ഉണ്ടാക്കിയ ചട്ടക്കൂട് കരാറിനെക്കുറിച്ച് ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. യുഎസ് നാവിക ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ഇറാന് വീണ്ടെടുക്കാനും എണ്ണ വരുമാനം നേടാനും ഈ കരാര്‍ അവസരമൊരുക്കിയെന്ന് ട്രംപ് വാദിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, കരാറിനെക്കുറിച്ച് ട്രംപിന് സംശയങ്ങളുണ്ടായിരുന്നു എന്ന വാദങ്ങള്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ നിഷേധിച്ചു. മധ്യസ്ഥര്‍ ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്ക് കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന് വാന്‍സ് പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. സംഘര്‍ഷം എത്രയും വേഗം പരിഹരിക്കാന്‍ ഭരണകൂടത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമാകുന്നു എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
Related News