അല്‍-അഹ്‌സ: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയുടെ കാര്‍ഷിക പൈതൃകം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ 'അല്‍-അഹ്‌സ പാം വില്ലേജി'ന്റെ പുതിയ പതിപ്പിന് തുടക്കമായി. അല്‍-അഹ്‌സ ഗവര്‍ണറും അല്‍-അഹ്‌സ ഡെവലപ്മെന്റ് അതോറിറ്റി സി.ഇ.ഒയുമായ പ്രിന്‍സ് സൗദ് ബിന്‍ തലാല്‍ ബിന്‍ ബദര്‍ വില്ലേജ് ഉദ്ഘാടനം ചെയ്തു. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ സന്ദര്‍ശകര്‍ക്കായി ഒട്ടേറെ പുതിയ സാംസ്‌കാരിക-വിനോദ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
അല്‍-അഹ്‌സ മരുപ്പച്ചയിലെ ഈന്തപ്പനത്തോട്ടങ്ങള്‍ക്ക് നടുവില്‍ 90,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് വില്ലേജ് സജ്ജമാക്കിയിരിക്കുന്നത്. 30-ലധികം റെസ്റ്റോറന്റുകളും കഫേകളും, പ്രാദേശിക ഉല്‍പ്പന്നങ്ങളും കരകൗശല വസ്തുക്കളും വില്‍ക്കുന്ന 35 സ്റ്റാളുകളും ഇവിടെയുണ്ട്. ഈ വര്‍ഷത്തെ പതിപ്പില്‍ ഈന്തപ്പന മ്യൂസിയം, ഇന്ററാക്ടീവ് തിയേറ്റര്‍, പരമ്പരാഗത നാടന്‍ കലാരൂപങ്ങള്‍, സാഹിത്യം, കല, കരകൗശല വസ്തുക്കള്‍, പ്രാദേശിക പൈതൃകം എന്നിവ ആഘോഷിക്കുന്ന സാംസ്‌കാരിക ഭവനങ്ങള്‍ തുടങ്ങി 15-ലധികം പുതിയ അനുഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അല്‍-അഹ്‌സയുടെ കാര്‍ഷിക-സാംസ്‌കാരിക സമ്പത്തിനെ എങ്ങനെ സുസ്ഥിരമായ സാമ്പത്തിക-ടൂറിസം അവസരങ്ങളാക്കി മാറ്റാമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ സംരംഭമെന്ന് പ്രിന്‍സ് സൗദ് പറഞ്ഞു. പ്രാദേശിക കര്‍ഷകര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും ചെറുകിട സംരംഭകര്‍ക്കും ഇത് വലിയ പിന്തുണ നല്‍കും. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതില്‍ ടൂറിസം, കൃഷി, പൈതൃകം എന്നിവയ്ക്കുള്ള പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ശൈത്യകാല വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ അല്‍-അഹ്‌സയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാനും പ്രാദേശിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ് നല്‍കാനും പാം വില്ലേജിന് സാധിക്കുമെന്ന് അല്‍-അഹ്‌സ മേയറും വാഹ ഡെവലപ്മെന്റ് ചെയര്‍മാനുമായ എസ്സാം അല്‍-മുല്ല അഭിപ്രായപ്പെട്ടു. സൗദി ഈന്തപ്പഴങ്ങളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും പ്രചാരണത്തോടൊപ്പം ഈന്തപ്പന കൃഷിയുടെ സാമ്പത്തികവും സാംസ്‌കാരികവുമായ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്സ് സി.ഇ.ഒ അഹമ്മദ് അല്‍-മൂസ വ്യക്തമാക്കി.
പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെയും നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്സിന്റെയും പിന്തുണയോടെ 2024-ലാണ് പാം വില്ലേജ് സ്ഥാപിതമായത്. മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഗവേഷണ കേന്ദ്രത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.